അസറുദ്ദീൻ്റെ സെഞ്ച്വറി പാഴായി, ആലപ്പി റിപ്പിൾസിനെ തകർത്ത് കൊല്ലം സെയിലേഴ്സ്
Thiruvananthapuram , 25 ഓഗസ്റ്റ് (H.S.) കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ ഉജ്ജ്വല വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്സ്. മൊഹമ്മദ് അസറുദ്ദീന്റെ മിന്നൽ സെഞ്ചുറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ കൊല്ലം മറികടന
Cricket


Thiruvananthapuram , 25 ഓഗസ്റ്റ് (H.S.)

കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ ഉജ്ജ്വല വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്സ്. മൊഹമ്മദ് അസറുദ്ദീന്റെ മിന്നൽ സെഞ്ചുറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ കൊല്ലം മറികടന്നു. 93 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സൽ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആലപ്പി റിപ്പിൾസ് 20 ഓവറിൽ 186/3 , ഏരീസ് കൊല്ലം സെയിലേഴ്സ് - 17.4 ഓവറിൽ 187/4

ടോസ് നേടിയ കൊല്ലം ആലപ്പുഴയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എം.ഡി. നിധീഷിന്റെ നേതൃത്വത്തിൽ കൊല്ലത്തിന്റെ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ കരുതലോടുകൂടിയ തുടക്കമായിരുന്നു റിപ്പിൾസിന്റേത്. ആദ്യ രണ്ട് ഓവറിൽ വെറും ഒരു റൺ മാത്രമായിരുന്നു നിധീഷ് വിട്ടുകൊടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 26 റൺസ് എന്ന നിലയിലായിരുന്നു റിപ്പിൾസ്.

എന്നാൽ നിലയുറപ്പിച്ചതോടെ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് ആഞ്ഞടിച്ചു. രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 40 റൺസെടുത്ത സച്ചിൻ ബേബി 15-ാം ഓവറിൽ പുറത്തായി. എന്നാൽ തകർത്തടിച്ച് മുന്നേറിയ അസറുദ്ദീൻ 51 പന്തുകളിൽ ആറ് ഫോറും ഏഴ് സിക്സുമടക്കം 100 റൺസുമായി പുറത്താകാതെ നിന്നു. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് അസർ കെ.സി.എല്ലിലെ തന്റെ കന്നി സെഞ്ചുറി പൂർത്തിയാക്കിയത്. സിബിൻ ഗിരീഷ് 14-ഉം അക്ഷയ് ടി.കെ. 17-ഉം റൺസെടുത്തു. കൊല്ലത്തിനു വേണ്ടി എം.ഡി. നിധീഷും വിജയ് വിശ്വനാഥും എ.ജി. അമലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് തുടക്കത്തിൽ തന്നെ അരുൺ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക് നായരും വത്സൽ ഗോവിന്ദും ചേർന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. വലിയ ലക്ഷ്യത്തിന്റെ സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. 96 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

34 പന്തുകളിൽ 52 റൺസെടുത്ത അഭിഷേക്, അജിനാസിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്ത് പുറത്തായി. പകരമെത്തിയ ആനന്ദ് കൃഷ്ണനും (12) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ വത്സൽ പുറത്തായെങ്കിലും അതിനോടകം തന്നെ കൊല്ലം വിജയതീരത്ത് എത്തിയിരുന്നു. 53 പന്തിൽ 11 ഫോറും 3 സിക്സും അടക്കം 93 റൺസാണ് വത്സൽ നേടിയത്. 17.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം ലക്ഷ്യം കണ്ടു. തുടരെ മൂന്ന് ഫോറുകൾ പായിച്ച് അർജുൻ വേണുഗോപാലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. റിപ്പിൾസിനു വേണ്ടി അജിനാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News