Enter your Email Address to subscribe to our newsletters

Kollam , 25 ഓഗസ്റ്റ് (H.S.)
ഓണക്കാലത്ത് നാടെങ്ങും പൂക്കളങ്ങൾ ഒരുങ്ങുമ്പോൾ കാട് തെളിച്ച് ജമന്തി കൃഷിയിൽ നൂറുമേനി വിളവ് നേടിയിരിക്കുകയാണ് കൊല്ലം കോർപ്പറേഷനിലെ കൗൺസിലർ ശൈലജയും കൂട്ടരും. വിഷ രഹിത പൂക്കൾ നാട്ടിൽ വളർത്തുകയും ഒഴിഞ്ഞു കിടക്കുന്ന കാടുകയറിയ സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വർധിച്ചുവരുന്നത് ഒഴിവാക്കുകയും എന്ന ലക്ഷ്യത്തോടെയാണ് കോകില ജനസേവ കൂട്ടായ്മ പൂകൃഷി ആരംഭിച്ചത്. തേവള്ളി ഡിവിഷനിൽ കാട് കയറിയ പ്രദേശം വൃത്തിയാക്കിയെടുത്ത് കൃഷിഭവനിൽ നിന്നും ലഭിച്ചവിത്ത് ഉപയോഗിച്ചാണ് മനോഹര ജമന്തിപൂന്തോട്ടം തയ്യാറാക്കിയത്.
ആദ്യഘട്ടത്തിൽ വാർഡിൽ ഉള്ളവർക്കും സുഹൃത്തുക്കൾക്കുമാണ് ഈ പൂന്തോട്ടത്തിൽ പൂവിട്ട ജമന്തി പൂക്കൾ വിതരണം ചെയ്യുക. പൂർണമായും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്തെടുത്ത ഈ വിഷ രഹിത പൂന്തോട്ടം സമൂഹത്തിന് മാതൃകയാണ്. ഓണക്കാലം കഴിഞ്ഞാലും പൂക്കളുടെ ഭംഗി ഇവിടെ അവസാനിക്കില്ല. ജമന്തിപ്പൂക്കൾക്കൊപ്പം പച്ചക്കറികളും ഇവിടെ വിളയിച്ചെടുക്കാനാണ് കൂട്ടായ്മയുടെ തീരുമാനമെന്ന് കൊല്ലം കോർപ്പറേഷൻ തേവള്ളി ഡിവിഷൻ കൗൺസിലർ ശൈലജ പറഞ്ഞു.
'മുൻ കൗൺസിലർ കൂടിയായിരുന്ന മകളുടെ സ്മരണാർഥമാണ് കോകില ജനസേവ കൂട്ടായ്മ ജമന്തി തോട്ടം ഒരുക്കിയത്. നൂറു ശതമാനം ജൈവ വളങ്ങൾ ഉപയോഗിച്ചാണ് പൂന്തോട്ടം തയ്യാറാക്കിയത്. ചാണകവും കുമ്മായവും ചേർത്ത മിശ്രിതമാണ് ചെടികൾക്ക് വളമായി ഉപയോഗിച്ചത്. ദിവസേന ചെറിയ തോതിൽ വെള്ളം നനയ്ക്കും, ചെടി കുറച്ച് നീളം വച്ച് ശിഖരങ്ങൾ വന്നു തുടങ്ങുമ്പോൾ അവയുടെ നീളം കുറച്ച് കുറ്റിച്ചതായി നിർത്തും. പിന്നീട് ഈ തണ്ടിൽ നിന്നും ശിഖരങ്ങൾ പൊട്ടി പത്തും പതിനഞ്ചും പൂക്കൾ വിരിയും. ഇങ്ങനെയെല്ലാമാണ് ചെടികൾക്ക് വള പ്രയോഗവും പരിചരണവും നടത്തിയത്. അടുത്ത വർഷം കൂടുതൽ ചെടികൾ നട്ട് വളർത്താനാണ് തീരമാനം' ശൈലജ പറഞ്ഞു.
രണ്ട് ഘട്ടമായി കൃഷി ചെയ്തത്. അതിനാൽ ചില ചെടികൾ മൊട്ടിട്ടു തുടങ്ങിയിട്ടേ ഒള്ളൂ. മുൻപും പച്ചക്കറി കൃഷി ചെറിയ രീതിയിൽ ചെയ്തിരുന്നു. ഇത്തവണയും പച്ചക്കറി കൃഷി തന്നെ ചെയ്യാൻ ആയിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് ഓണക്കാലത്തോടനുബന്ധിച്ച് പൂക്കൾ കൃഷി ചെയ്യാമെന്ന് ജനസേവ കൂട്ടായ്മ തീരുമാനം എടുത്തത്. അതേ തുടർന്നാണ് ജമന്തി തൈകൾ സംഘടിപ്പിച്ച് കൃഷി ആരംഭിച്ചത്. ഇപ്പോൾ പകുതിയിൽ കൂടുതൽ ചെടികളും പൂവിട്ടു തുടങ്ങി. വളരെ മനോഹരമായ പൂന്തോട്ടം കണ്ടാസ്വദിക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന മറ്റു സ്ഥലങ്ങളിലും ഇത്തരത്തിൽ വിഷരഹിത കൃഷി വ്യാപിപ്പിക്കുവാൻ കോർപ്പറേഷൻ കൗൺസിലർ ശൈലജയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR