Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഓഗസ്റ്റ് (H.S.)
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മും സിപിഐയും വീണ്ടും നേര്ക്കുനേര് തന്നെയെന്ന സൂചനയുമായി ജനയുഗം ദിന പത്രത്തില് സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യന് മൊകേരിയുടെ ലേഖനം. പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്ക്ക് കത്തു കൊടുക്കേണ്ടത് താനാണെന്നും അത് കൊടുത്താല് ഉപനേതാവ് സ്ഥാനം വരുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന് പത്രസമ്മേളനത്തില് നടത്തിയ പ്രസ്താവനയാണ് സിപിഐയെ ചൊടിപ്പിച്ചതെന്ന് വ്യക്തം.
'താന് തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്ത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമില്ല'- ജനയുഗത്തിലെഴുതിയ ലേഖനത്തില് സത്യന് മൊകേരി പിണറായിക്കെതിരെ ആഞ്ഞടിച്ചു. കൂട്ടായ നേതൃത്വമാണ് എല്ഡിഎഫിൻ്റെ അന്തസത്ത എന്ന തലക്കെട്ടിലാണ് സത്യന് മൊകേരിയുടെ ലേഖനം ജനയുഗം പ്രസിദ്ധീകരിച്ചത്.
പ്രതിപക്ഷ ഉപനേതാവ് വിഷയത്തില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില് ഉയര്ത്തിപ്പിടിക്കേണ്ട ധാര്മ്മികത ഇല്ലായ്മയുമായി മാത്രമേ കാണാന് കഴിയൂ എന്ന് ലേഖനം പറയുന്നു. ഒന്നിലധികം രാഷ്ട്രീയ പാര്ട്ടികള് രാഷ്ട്രീയമായ പൊതു ലക്ഷ്യത്തിനു വേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. എന്നാല് പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം എല്ഡിഎഫിലെ കൂട്ടായ പ്രവര്ത്തനത്തിന് സിപിഐ മുന്നോട്ടു വച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിര്ദ്ദേശം വിവിധ തലങ്ങളില് ചര്ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തയത്. പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില് തീരുമാനിക്കാവുന്ന കാര്യമല്ല.
സിപിഐയും സിപിഎമ്മും തമ്മില് ചര്ച്ചകള് നടന്നുവരികയാണ്. രണ്ട് പാര്ട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള പ്രശ്നവുമാണിത് സിപിഎം-സിപിഐ ചര്ച്ചകളിലൊന്നും പ്രതിപക്ഷനേതാവ് കത്തു കൊടുക്കുന്ന കാര്യം സൂചിപ്പിച്ചിട്ടില്ല. കത്തു കൊടുക്കുമെന്നു പറയാന് പ്രതിപക്ഷനേതാവിനെ പ്രേരിപ്പിച്ചതെന്താണ്. പ്രേരണ ഇടതു പക്ഷ രാഷ്ട്രീയം അല്ലെന്ന കാര്യം വ്യക്തമാണ്.
തര്ക്കങ്ങള് എല്ഡിഎഫിൻ്റെ പ്രവര്ത്തനങ്ങള്ക്ക് തടസമാകരുതെന്ന ധാരണയില് തീരുമാനമെടുത്തു മുന്നോട്ടു പോകുമ്പോള് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കുന്നത് എല്ഡിഎഫിനെ ശക്തിപ്പെടുത്താനാണോ. എല്ഡിഎഫിനെ ദുര്ബ്ബലപ്പെടുത്താനുതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്. പ്രതിപക്ഷ നേതാവിൻ്റെ ഇഷ്ടാനിഷ്ടങ്ങള് ഇടതുപക്ഷ രാഷ്ട്രീയത്തില് ഉയര്ത്തിക്കൊണ്ടു വരാന് ശ്രമിക്കരുത്. അത്തരം സമീപനങ്ങള് ഇടതുപക്ഷം ഉയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര്മ്മികതയെ ദുര്ബ്ബലപ്പെടുത്തും.
കമ്മ്യൂണിസ്റ്റുകാര് മുന്നണി രാഷ്ട്രീയത്തില് ഉയര്ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണെന്ന് പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. അതിനിടെ പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യത്തില് പാര്ട്ടി സെക്രട്ടറി കാര്യങ്ങള് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനപ്പുറം മറ്റൊന്നും പറയേണ്ട ആവശ്യമില്ലെന്നും സിപിഐ നിയമസഭാ കക്ഷി നേതാവും മുന് മന്ത്രിയുമായ കെ രാജന് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR