Enter your Email Address to subscribe to our newsletters

Idukki , 25 ഓഗസ്റ്റ് (H.S.)
ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ ഇടുക്കി കാന്തല്ലൂർ വട്ടവട മേഖലയിൽ നിന്ന് ഓണക്കാലത്ത് ഒരു ലോഡ് പച്ചക്കറിപോലും കേരളത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായി. കാലാവസ്ഥ ചതിച്ചതും, ഹോർട്ടികോർപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ പച്ചക്കറി സംഭരിക്കാതെ വന്നതോടെ മുൻ വർഷങ്ങളിലെ അപേക്ഷിച്ച് പത്ത് ശതമാനം പോലും പച്ചക്കറി കൃഷി കാന്തല്ലൂർ വട്ടവട മേഖലകളിൽ ഇല്ല. മുൻ വർഷങ്ങളിൽ സംഭരിച്ച പച്ചക്കറിയുടെ ലക്ഷകണക്കിന് രൂപയും കർഷകർക്ക് ലഭിക്കാനുണ്ട്.
ഓണം ഉണ്ണാൻ മലയാളി ഇലയിടുമ്പോൾ ഇത്തവണ പച്ചക്കറിയിൽ കൈ പൊള്ളുമെന്ന് ഉറപ്പാണ് . കേരളമാകെ മഴ തകർത്തപ്പോൾ അത്യാവശ്യത്തിന് പോലും ഈ മേഖലയിൽ ഇത്തവണ മഴ ലഭിച്ചില്ല. ഇത് കർഷകരെ വലിയ ദുരിതത്തിലാക്കി. കൂടാതെ ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ടീസ് പ്രൊമോഷൻ കൗൺസിൽ, ലേല വിപണി തുടങ്ങിയ സർക്കാർ ഏജൻസികൾ ഇത്തവണ ഒരു ലോഡ് പച്ചക്കറി പോലും സംഭരിക്കില്ലെന്ന് കർഷകർക്ക് വിവരം മുമ്പേലഭിച്ചു. അതിനാൽ കൃഷിയിടങ്ങൾ തരിശായി മാറി.
മുൻ വർഷങ്ങളിൽ നാമമാത്രമായെങ്കിലും സർക്കാർ ഏജൻസികൾ സംഭരിച്ചിരുന്നു. കൂടാതെ മുമ്പ് സംഭരിച്ച പച്ചക്കറിയുടെ 20 ലക്ഷം രൂപ ഇന്നും കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുണ്ടെന്ന് കർഷകർ പറയുന്നു. കാന്തല്ലൂർ സ്പെഷ്യൽ ക്യാബേജ് , ബീൻസ്, ബട്ടർ ബീൻസ്, കാരറ്റ്, ചുവന്നുള്ളി തക്കാളി തുടങ്ങിയ പച്ചക്കറികൾ ഒന്നും ഇത്തവണ കൃഷിയിടങ്ങളിൽ കാഴ്ചയ്ക്ക് പോലും ഇല്ല. പകരം വെളുത്തുളളി മാത്രമാണ് വ്യാപകമായി ഇത്തവണ കൃഷിയുള്ളത്.
പെരുമല, പുത്തൂർ, കുളച്ചി വയൽ , ഗുഹനാഥ പുരം തുടങ്ങിയ പച്ചക്കറിയുടെ വിളനിലങ്ങൾ എല്ലാം തരിശ് കിടപ്പാണ്. കാന്തല്ലൂർ വട്ടവട മേഖലയിലെ കർഷകരിനിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ചാൽ കമ്മീഷൻ സാധ്യത അടയുമെന്നും തമിഴ്നാട്ടിൽ നിന്ന് ഇടനിലക്കാർ മുഖേനെ പച്ചക്കറി സംഭരിച്ചാൽ അധികൃതർക്ക് നേട്ടം ഉണ്ടാകൂ എന്നും കർഷകർ പറയുന്നു.
കൊളുത്താമലയിൽ ഉരുളക്കിഴങ്ങും, കീഴാന്തൂർ മേഖലയിൽ ചില കർഷകർ ബീൻസ് കൃഷിയും മാത്രമാണ് ഒരുക്കിയിട്ടുള്ളത്. കാന്തല്ലൂരിലെ പച്ചക്കറിയില്ലാതെ ആകുന്നതോടെ ഇവിടുത്തെ ടൂറിസം സാധ്യതകൾ അടക്കം അടഞ്ഞുപോകുമെന്ന് ഉറപ്പാണ്. കാന്തല്ലൂർ വെട്ടവട മേഖലയിലെ പച്ചക്കറി കൃഷി നിലനിർത്താൻ കാര്യമായ ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കർഷകർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR