Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഓഗസ്റ്റ് (H.S.)
വർധിച്ചുവരുന്ന വൈദ്യുതി നിരക്കിന് പരിഹാരം കാണാൻ സർക്കാരിൻ്റെ പുതിയ മാർഗം. ജനങ്ങളുടെ ആശയങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കാനണ് സർക്കാരിൻ്റെ തീരുമാനം. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്കു സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. ഈ കാലയളവിലേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ നിയന്ത്രണച്ചട്ടത്തിൻ്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്ക്ക് ഏര്പ്പെടുത്താൻ, ഗാർഹിക വൈദ്യുതി ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ സാധിക്കും.
ഗാർഹിക വൈദ്യുതി ബില്ലിൽ ഈടാക്കുന്ന ഫിക്സഡ് ചാർജ് അളവനുസരിച്ച് പല സ്ലാബുകളായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇനി ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെയോ (കണക്ടഡ് ലോഡ്) രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി നിരക്കിൻ്റെയോ അടിസ്ഥാനത്തിൽ ക്രമീകരിക്കാം. ഇത്തരത്തിൽ ക്രമികരിക്കുമ്പോൾ ഒരു കിലോവാട്ടിന് നിശ്ചിത നിരക്ക് എന്ന അനുപാതത്തിലാകും ഫിക്സഡ് ചാർജ്.
ടൈം ഓഫ് ഡേ (ടിഒഡി) മീറ്ററിങ് ഉള്ള ഉപയോക്താക്കൾക്ക് പകൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കിൽ ഇളവു നൽകാൻ സധിക്കും. വൈദ്യുതി ഉപഭോഗത്തിൻ്റെ പ്രധാനസമയത്തെ സമയത്തെ ഉപയോഗത്തിന് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവര്ക്കാണ് ടിഒഡി സംവിധാനമുള്ളത്.
2024 വരെ കെഎസ്ഇബിക്ക് താരിഫിലൂടെ തിരിച്ചുപിടിക്കാൻ കഴിയാതെ വന്ന നഷ്ടതുക 2031 മാർച്ച് 31ന് മുൻപ് ഈടാക്കണമെന്നു സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഈ തുക 2027 ഏപ്രിലിനും 2031 മാർച്ചിനും ഇടയിൽ തുല്യതവണകളായി ഈടാക്കാനാണ് കെഎസ്ഇബിക്ക് നിർദേശം. ഇതു തിരിച്ചുപിടിക്കുമ്പോൾ യൂണിറ്റിന് ഒരു രൂപയോളം കൂടാനുള്ള സാധ്യതയുണ്ട്.
വ്യവസായ സംബന്ധമായ എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾക്ക് പവർ ഫാക്ടറിൻ്റെ അടിസ്ഥാനത്തിലുള്ള വ്യത്യസ്ത ബില്ലിങ് നൽകുന്നത് ഏകീകരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് ഓരോ മാസവും വൈദ്യുതി വാങ്ങുന്നതിനുണ്ടാകുന്ന അധികച്ചെലവ് ഇന്ധന സർചാർജ് ആയി അടുത്ത മാസത്തെ ബില്ലിലൂടെ ഈടാക്കാം. ഇതിൻ്റെ കണക്കുകൾ പിന്നീട് റഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് ക്രമീകരിക്കും.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളാര് ഉപഭോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്ദേശം സമര്പ്പിക്കാം. കമ്മീഷൻ നിര്ദേശമനുസരിച്ച് വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ നല്ല ശ്രമം വേണം. അതിനാൽ ദീര്ഘകാല ഇടക്കാല കരാറുകള്ക്ക് മുന്കൂര് അനുമതി ആവശ്യമാണ്. പുനരുപയോഗ ഊര്ജ്ജം ഇടപാടുകള്ക്ക് ഇളവുണ്ട്. വൈദ്യുതി സംഭരണം പദ്ധതികള്ക്ക് പ്രോത്സാഹനം നൽകാനും കരടിൽ നിര്ദേശിക്കുന്നു
കരട് വായിച്ച് അഭിപ്രായം അറിയിക്കാൻ കെഎസ്ഇബിയുടെ www.erckerala.org വെബ് സൈറ്റിൽ മൾട്ടി ഇയർ താരിഫ് റഗുലേഷൻസ് 2026ൻ്റെ ലിങ്കിൽ പ്രവേശിച്ച് സെപ്റ്റംബർ 19ന് മുൻപ് രജിസ്റ്റർ ചെയ്ത് വിവരങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം. കത്തുകൾ വഴിയും ഇമെയിൽ മുഖേനയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. സെപ്റ്റംബർ 25ന് വൈകിട്ട് 5 വരെ ലഭിക്കുന്ന അഭിപ്രായങ്ങൾ അയക്കാൻ സാധിക്കും. അഭിപ്രായങ്ങൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെപിഎഫ്സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR