ഓണാഘോഷത്തിലലിഞ്ഞ് അക്ഷര നഗരി
Kottayam , 25 ഓഗസ്റ്റ് (H.S.) ഓണാഘോഷത്തിലലിഞ്ഞ് നാടും നഗരവും. കർക്കടകത്തിലെ അരിഷ്ടതകൾ മറന്ന് എല്ലാവരും ഓണാഘോഷത്തിലാണിപ്പോൾ. കാണം വിറ്റും ഓണം ഉണ്ണണ്ണം എന്ന പഴമൊഴി അന്വർഥമാക്കും വിധം നാടും നഗരവും ഉത്സവ ലഹരിയിലാണ്. വീടുകളിൽ അത്തപ്പൂക്കളം ഒരുക്കി ഓണനാ
ONAM CELEBRATION KOTTAYAM


Kottayam , 25 ഓഗസ്റ്റ് (H.S.)

ഓണാഘോഷത്തിലലിഞ്ഞ് നാടും നഗരവും. കർക്കടകത്തിലെ അരിഷ്ടതകൾ മറന്ന് എല്ലാവരും ഓണാഘോഷത്തിലാണിപ്പോൾ. കാണം വിറ്റും ഓണം ഉണ്ണണ്ണം എന്ന പഴമൊഴി അന്വർഥമാക്കും വിധം നാടും നഗരവും ഉത്സവ ലഹരിയിലാണ്. വീടുകളിൽ അത്തപ്പൂക്കളം ഒരുക്കി ഓണനാളിൽ മാവേലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കോട്ടയം ജില്ലാ ഭരണ കൂടത്തിൻ്റെ ഓണാഘോഷം നാടിനെ ഉണർത്തി. വർണ പകിട്ടിൽ ജില്ലാതല ഓണാഘോഷത്തിന് തുടക്കം കുറിച്ചതോടെ മാവേലി വേഷങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്ന ഓണാഘോഷം നയനാനന്ദകരമായി.

ആശങ്കകളില്ലാതെ ഓണം ആഘോഷിക്കാന് നാടൊരുങ്ങി

ജനങ്ങള്ക്ക് ആശങ്കകളില്ലാതെ ഓണം ആഘോഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള് സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷമായ 'ഓണനിറവ് 2026' തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സപ്ലൈസ് കോര്പ്പറേഷന്റെ വില്പ്പന ശാലകളില് ഉള്പ്പെടെ ജനങ്ങള്ക്ക് ആവശ്യമുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കി. പെന്ഷനും മറ്റ് ധനസഹായങ്ങളും വിതരണം ചെയ്ത് ഓണത്തോടനുബന്ധിച്ച് ജനങ്ങള്ക്കുവേണ്ടി സാധ്യമായതെല്ലാം സര്ക്കാര് ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. 100 ദിന കർമ്മ പരിപാടിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ വിജയമാണ് പൂർവാധികം ഭംഗിയായി ഓണം ആഘോഷിക്കാൻ അവസരമൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും സംതൃപ്തിയോടെ ഓണം ആഘോഷിക്കാനാവുമെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ ചെയർമാൻ എംപി സന്തോഷ്കുമാർ, ജില്ലാ പൊലീസ് മേധാവി കെഎം സാബു മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, ഫാ. തോമസ് പുതുശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂജിൻ തോമസ്, അസീസ് കുമാരനല്ലൂർ, അഡ്വ. ജയ്സൺ ജോസഫ്, ടോണി കുമരകം എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബസേലിയസ് കോളജ് മൈതാനത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടന വേദിയില് നീലാംബരി ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറി. ഉദ്ഘാടന ചടങ്ങിന് ശേഷം കോട്ടയം കമ്യൂണിക്കേഷന്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. ഓഗസ്റ്റ് 28 വരെയാണ് ജില്ലാതല ഓണാഘോഷം. എല്ലാദിവസവും വൈകിട്ട് വൈവിധ്യമാർന്ന കലാ സംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇന്ന് പ്രതിഭാസംഗമം

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട ദിവസമായ ഇന്ന് (ഓഗസ്റ്റ് 25) തിരുനക്കര മൈതാനത്ത് പ്രതിഭാസംഗമം നടക്കും. വൈകുന്നേരം അഞ്ചിന് ജില്ലയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലചിത്ര പുരസ്കാര ജേതാവായ വൈക്കം വിജയലക്ഷ്മിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും അരങ്ങേറും. ചടങ്ങിൽ നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവര് പങ്കെടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News