Enter your Email Address to subscribe to our newsletters

Wayanad , 25 ഓഗസ്റ്റ് (H.S.)
കതിർ ആപ്പിലൂടെ കർഷകർക്ക് പണം ലഭിച്ചില്ലെന്ന പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്. കർഷകർക്ക് നൽകേണ്ട പണത്തിൻ്റെ ഭൂരിഭാഗവും ഇതിനകം നൽകിയതായും ബാക്കി തുക ഉത്രാട ദിനത്തിൽ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കർഷകർക്ക് പണം ലഭിച്ചില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട വാർത്തയുടെ ഉറവിടം മനസിലായിട്ടില്ലെന്നും അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിൽ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള രണ്ടായിരം ചന്തകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനകം കേരളത്തിൽ ക്രമാതീതമായി ബോധപൂർവ്വം പച്ചക്കറിയുടെ വില കൂട്ടാനുള്ള നടപടികൾ നടന്നു. അത് ഇടത്തരക്കാരും കച്ചവടക്കാരും സ്വീകരിച്ച വളരെ മോശമായ സമീപനമാണ്. ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ നേരത്തെ ശേഖരിച്ച് വച്ച് സമയം ആകുമ്പോൾ വില കൂട്ടുകയാണ്. ഓണക്കാലത്ത് മാത്രമല്ല ശബരിമല സീസണിലും ഈ സമീപനം സ്വീകരിക്കുകയാണ്. ഇതിനെതിരെ വകുപ്പ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പച്ചക്കറി വിലയ്ക്ക് എതിരായി ശബരിമല സീസണിലുൾപ്പെടെ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറി ചന്തകൾ ആരംഭിക്കാൻ പോകുകയാണ്. ഇന്നലെ മുതൽ കൃഷിവകുപ്പിൻ്റെ ചന്തകളിൽ 38 ശതമാനം വരെ വില കുറച്ചാണ് സാധനങ്ങൾ വിൽക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ സ്വാഭാവികമായും ആളുകൾ ഇതിലേയ്ക്ക് വരികയും പച്ചക്കറികൾ വാങ്ങുകയും ചെയ്യും. ഇത്തരത്തിൽ വളരെ നല്ല രീതിയിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ മാർക്കറ്റിൻ്റെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് നടപടി എടുക്കാനാണ് പച്ചക്കറി വിപണന മേള നടന്നുകൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കും
വകുപ്പിന് എതിരായി ഒരു വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ പച്ചക്കറി ശേഖരിച്ച കർഷകർക്ക് ഉത്രാടമായിട്ടും പണം കൊടുത്തില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ല. ഇന്നലെ രാത്രിവരെയുള്ള പണം മുഴുവൻ ബാങ്കിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇത്തവണത്തെ ഓണച്ചന്തകൾ ഡിജിറ്റലാക്കി. ഇതിലൂടെ പണം കൊടുക്കാനുള്ളത് എത്രയാണെന്നും എത്ര വരുമാനം ഉണ്ടെന്നും കൃത്യമായി വകുപ്പിന് അറിയാൻ സാധിക്കും. ഇന്നലെ വരെയുള്ള എല്ലാ ഇടപാടുകളും അതായത് മൂന്ന് കോടിയോളം രൂപ (3,79,08,873) ബാങ്കിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തു. പണം അവർക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കർഷകരെ സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. കൃഷിവകുപ്പ് കർഷകനെ ചേർത്ത് നിർത്തുന്നില്ല എന്നത് വ്യാജ വാർത്തയാണ്. ഇത്തരം വ്യാജ വാർത്തയുടെ ഉറവിടം വളരെ ഗൗരവമായിത്തന്നെ പരിശോധിക്കുകയും ചെയ്യും എന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR