ഓണക്കാഴ്ചകളിൽ വേറിട്ട് നിൽക്കുന്ന പെരളത്തെ കർഷകർ
Kannur , 25 ഓഗസ്റ്റ് (H.S.) 80 വയസ് കഴിഞ്ഞ എൻ കുഞ്ഞമ്പു, 70 വയസുള്ള വൈക്കത്ത് ഭാസ്കരൻ, 81 വയസുള്ള കൃഷ്ണൻ നമ്പ്യാർ, 80 വയസുള്ള കതിരുകാരൻ നാരായണൻ. ഒരു ദേശത്തെ പഴയ കാല ഓണ സംസ്കൃതി മുറുകെപ്പിടിച്ചവരിൽ ബാക്കിയായി നിൽക്കുന്ന ചുരുക്കം പേരിൽ കുറച്ച് പേരാണ
PATHAM MUNDU ONAM


Kannur , 25 ഓഗസ്റ്റ് (H.S.)

80 വയസ് കഴിഞ്ഞ എൻ കുഞ്ഞമ്പു, 70 വയസുള്ള വൈക്കത്ത് ഭാസ്കരൻ, 81 വയസുള്ള കൃഷ്ണൻ നമ്പ്യാർ, 80 വയസുള്ള കതിരുകാരൻ നാരായണൻ. ഒരു ദേശത്തെ പഴയ കാല ഓണ സംസ്കൃതി മുറുകെപ്പിടിച്ചവരിൽ ബാക്കിയായി നിൽക്കുന്ന ചുരുക്കം പേരിൽ കുറച്ച് പേരാണിത്. വയലുകളും കൃഷിയും കാലി പൂട്ടലുമായി ജീവിക്കുന്ന പെരളം ഗ്രാമം.

രാവിലെ എട്ട് മണിക്ക് പാടത്തിറങ്ങിയാൽ വൈകീട്ട് 6 മണിവരെ പാടത്ത് കൃഷിയോടിണങ്ങി ജീവിക്കുന്ന കാർഷിക സംസ്കാരത്തിന്റെ നേർചിത്രം പറയുന്ന കഥകളാണ് പെരളത്തിന്റെ ഓരോ കാഴ്ചകളും. അവിടെ ജനിച്ച് വളർന്ന കർഷകരിൽ നാല് പേരാണ് ഇവർ. ഇവരിലേക്ക് ഓണാനുഭവങ്ങൾ തേടിയിറങ്ങുമ്പോൾ 4 പേരും ഒരേ നിറത്തിൽ ഒരേ ലുക്കിൽ ഓണക്കോടി ഉടുത്തിരിപ്പായിരുന്നു.

കോളർ ഇല്ലാത്ത നീല കുപ്പായവും വെള്ള മുണ്ടും. വേഷവിധാനത്തിലെ കൗതുകം കണ്ടാണ് കൂടുതൽ ചോദിച്ചറിഞ്ഞത്. ഏതാണ്ട് നമ്മുടെ പ്രായത്തിൽ 15 ഓളം വരുന്ന കർഷകർ ഇവിടെയുണ്ടായിരുന്നു. കുറച്ച് പേർ ഇന്ന് ബാക്കിയായി ഇരിപ്പുണ്ട്. 15 ആം വയസ് മുതൽ നമ്മൾക്ക് ഇത് തന്നെയാണ് ഓണാക്കോടി. ഇതിനെ നാം വിളിക്കുന്നത് പത്താം നമ്പർ മുണ്ടെന്നാണെന്ന് കതിരുകാരൻ നാരായണൻ പറയുന്നു. ഇത് നാരായണന്റെ മാത്രം ശീലമല്ല പഴയകാലത്തെ കർഷകരുടെയും തൊഴിലാളികളുടെയും അടയാളമാണ് പത്താം നമ്പർ മുണ്ട്.

പത്താം നമ്പർ മുണ്ടും കർഷകരും: പ്രാദേശികമായി ഇതിന് പണിമുണ്ട്, പത്താം നമ്പർ തോർത്ത്, തുടങ്ങിയ വ്യത്യസ്തമായ പേരുകൾ ഉണ്ടെങ്കിലും എല്ലായിടങ്ങളിലും ഉണ്ടാക്കുന്ന രീതി ഒരുപോലെയാണ്. പഴയകാലത്ത് നെയ്ത്തുകാർ കൂട്ടമായി താമസിക്കുന്ന തെരുവുകളിലെ കുഴിത്തറികളിലാണ് പത്താം നമ്പർ തോർത്ത് നെയ്തിരുന്നത്. വീടിനോട് ചേർന്നുള്ള മുറികളിൽ കുഴിയുണ്ടാക്കി അതിലാണ് കുഴിത്തറികൾ ഉണ്ടാവുക. നെയ്ത്ത് പിന്നീട് സാധാരണ തറികളിലേക്ക് മാറിയെങ്കിലും ഗുണത്തിൽ യാതൊരു ചോർച്ചയും ഉണ്ടായിട്ടില്ല. കട്ടികൂടിയ പത്താം നമ്പർ നൂലുകൊണ്ട് നിർമ്മിക്കുന്നതിനാൽ ദീർഘകാലം ഉപയോഗിക്കാൻ കഴിയും എന്നതാണ് മുണ്ടിന്റെ പ്രധാനപ്പെട്ട പ്രത്യേകത.

മുട്ടിന് താഴെ അവസാനിക്കുന്നതിനാൽ ജോലി ചെയ്യുമ്പോൾ പത്താം നമ്പർ ഏറെ സൗകര്യമാണെന്ന് നാരായണൻ പറയുന്നു. പെട്ടെന്ന് കഴുകിയെടുക്കാനും കഴിയും. ഓരോരുത്തരുടെയും ഉയരത്തിനനുസരിച്ച് വ്യത്യസ്ത അളവിൽ മുണ്ട് ലഭിക്കും. മറ്റുള്ള തോർത്തിനോ മുണ്ടിനോ ഉള്ളതുപോലെ കളർനൂൽ കൊണ്ടുള്ള കര ഇതിലുണ്ടാകില്ല. പകരം നാല് മൂലകളിലും കളർ നൂലുകൊണ്ട് നെറ്റിയിൽ കുറിവരയ്ക്കുന്നത് പോലുള്ള അടയാളം ഉണ്ടാകും. പണ്ട് കാലത്ത് തറികളിൽ പത്താം നമ്പർ നെയ്ത് തുടങ്ങുമ്പോൾ തന്നെ ആളുകൾ ബുക്ക് ചെയ്യുമായിരുന്നു. കാലം ഒരുപാട് വർണ കുറികൾ വരച്ചെങ്കിലും പത്താം നമ്പർ തോർത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ട്.

ആയുർവേദ ആശുപത്രികളിൽ കിഴികെട്ടാൻ ഇപ്പോൾ വ്യാപകമായി പത്താം നമ്പർ തോർത്താണ് ഉപയോഗിക്കുന്നത്. മറ്റുള്ളവയെക്കാൾ എളുപ്പത്തിൽ നെയ്ത് എടുക്കാൻ കഴിയുന്നത് കൊണ്ട് ആവശ്യക്കാരേറുന്നതിൽ കൈത്തറി തൊഴിലാളികൾക്ക് സന്തോഷവുമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News