Enter your Email Address to subscribe to our newsletters

Newdelhi , 25 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: പുരുഷ-വനിതാ എഫ്.ഐ.എച്ച് ലോകകപ്പിൽ ഇന്ത്യൻ ടീമുകൾ സെമി ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷ്. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോ എന്ന് ശ്രീജേഷ് രൂക്ഷമായ ഭാഷയിൽ ചോദിച്ചു. ടീമുകളുടെ പ്ലാനിംഗ്, തയ്യാറെടുപ്പുകൾ, അധികൃതരുടെ നിലപാടുകൾ എന്നിവയെല്ലാം അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു.
ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയോട് 3-5 എന്ന സ്കോറിന് തോറ്റാണ് ഇന്ത്യൻ പുരുഷ ടീം ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇതോടെ 1975-ന് ശേഷം ലോകകപ്പിൽ ഒരു മെഡൽ നേടുക എന്ന ഇന്ത്യയുടെ കാത്തിരിപ്പ് 51 വർഷത്തിലേക്ക് നീളുകയാണ്.
ലോകകപ്പ് ഒരു പരിശീലന മത്സരമല്ല
ടീമിന്റെ ലക്ഷ്യബോധമില്ലായ്മയെക്കുറിച്ച് ശ്രീജേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
നല്ല ഹോക്കി കളിക്കുന്ന ഒരു ടീമിനെയാണോ അതോ ലോകത്തെ ഏറ്റവും മികച്ച ടീമുകളെ തോൽപ്പിച്ച് വിജയിക്കാൻ ശേഷിയുള്ള ഒരു ടീമിനെയാണോ നമ്മൾ വാർത്തെടുക്കുന്നത്? 'പഠിച്ചുകൊണ്ടിരിക്കുന്നു', 'നല്ല കളി പുറത്തെടുത്തു', 'ഇനി അടുത്ത ടൂർണമെന്റ് നോക്കാം' എന്നീ സ്ഥിരം ന്യായീകരണങ്ങൾക്ക് പിന്നിൽ ഇനിയും ഒളിക്കാൻ ശ്രമിക്കരുത്. ലോകകപ്പ് എന്നത് ഒരു പരിശീലന മത്സരമല്ല, ലോകകപ്പ് തന്നെയാണ്. ആരാണ് ഇവിടെ ഉത്തരവാദിത്തം ആവശ്യപ്പെടുക? ആർക്കെങ്കിലും ഇതിൽ എന്തെങ്കിലും താല്പര്യമുണ്ടോ?
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ലോകകപ്പിലെ പരാജയങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടി 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനെക്കുറിച്ച് സ്വപ്നം കാണാമെന്ന മുൻധാരണകളാണ് പലർക്കുമെന്നും, ലോകകപ്പിലെ വീഴ്ചകളെ മൂടിവെക്കാൻ അത്തരം ന്യായങ്ങൾ പണ്ടുമുതലേ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
വനിതാ ടീം പരിശീലകനെതിരെയും വിമർശനം
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ (0-0) പിരിഞ്ഞതോടെയാണ് ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ വഴിമാറിയത്. ഇരുടീമുകൾക്കും തുല്യ പോയിന്റും ഗോൾ വ്യത്യാസവുമാണെങ്കിലും, കൂടുതൽ ഗോളുകൾ അടിച്ചതിന്റെ ആനുകൂല്യത്തിൽ ഓസ്ട്രേലിയ മുന്നേറുകയായിരുന്നു.
വനിതാ താരങ്ങൾ കഠിനാധ്വാനം ചെയ്താണ് കളിച്ചതെന്നും എന്നാൽ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി. നിർണായകമായ ലോകകപ്പ് ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിൽ വനിതാ ടീമിന്റെ മുഖ്യ പരിശീലകൻ അവധിയിൽ പോയതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. ഏറ്റവും മികച്ച തയ്യാറെടുപ്പ് നടത്തേണ്ട ഘട്ടത്തിൽ മുഖ്യ പരിശീലകൻ ഒപ്പമില്ലാതിരുന്നിട്ടും പെൺകുട്ടികൾ തങ്ങളുടെ സർവ്വവും നൽകി പോരാടിയെന്നും, ഇവിടെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തം എവിടെയാണെന്നും ശ്രീജേഷ് ചോദിച്ചു.
ഇന്ത്യൻ ഹോക്കിയിൽ നിലനിൽക്കുന്ന ഇത്തരം അടിസ്ഥാന പ്രശ്നങ്ങളും മാനേജ്മെന്റിന്റെ അനാസ്ഥയും പരിഹരിക്കാതെ അന്താരാഷ്ട്ര തലത്തിൽ വലിയ വിജയങ്ങൾ സാധ്യമാകില്ലെന്ന മുന്നറിയിപ്പാണ് മുൻ ഇതിഹാസ ഗോൾകീപ്പർ നൽകുന്നത്.
---------------
Hindusthan Samachar / Roshith K