സ്നേഹത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശവുമായി ഇന്ന് നബിദിനം
Ernakulam , 25 ഓഗസ്റ്റ് (H.S.) ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമായ മീലാദ്-ഇ-ശരീഫ് ഇന്ന് വിശ്വാസികൾ പ്രാർഥനാനിർഭരമായും വിപുലമായ പരിപാടികളോടെയും ആഘോഷിക്കുകയാണ്. പുലർച്ചെ നാലുമണിയോടെ തന്നെ പള്ളികളിൽ നടന്ന പ്രവാചക പ്രകീർത്തനമായ
Prophet Day celebration


Ernakulam , 25 ഓഗസ്റ്റ് (H.S.)

ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമായ മീലാദ്-ഇ-ശരീഫ് ഇന്ന് വിശ്വാസികൾ പ്രാർഥനാനിർഭരമായും വിപുലമായ പരിപാടികളോടെയും ആഘോഷിക്കുകയാണ്. പുലർച്ചെ നാലുമണിയോടെ തന്നെ പള്ളികളിൽ നടന്ന പ്രവാചക പ്രകീർത്തനമായ മൗലീദ് പാരായണ സദസുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് മുഹമ്മദ് നബി ജനിച്ചത്. 'ഒന്നാം വസന്തം' എന്ന് അർഥം വരുന്ന റബീഉൽ അവ്വൽ മാസം വിശ്വാസികൾക്ക് അനുഗ്രഹങ്ങളുടെയും പ്രവാചകപ്രേമത്തിൻ്റെയും ദിനങ്ങളാണ്. സർവലോകത്തിനും അനുഗ്രഹമായി പിറന്ന പ്രവാചകനോടുള്ള സ്നേഹപ്രകടനമായാണ് ഈ സുദിനം ആഘോഷിക്കുന്നത്. കേരളത്തിൽ ഓണ നാളിലെത്തിയ ഇത്തവണത്തെ നബിദിനാഘോഷം കേരളത്തിൻ്റെ പരമ്പരാഗതമായ മതസൗഹാർദ്ദത്തിനും സൗഹാർദ്ദാന്തരീക്ഷത്തിനും കരുത്തായി മാറുകയാണ്.

നബിദിനത്തെ വരവേൽക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള പള്ളികളും മദ്റസകളും വർണശബളമായ അലങ്കാര ലൈറ്റുകളും തോരണങ്ങളും കൊണ്ട് നേരത്തെ തന്നെ അലങ്കരിച്ച് സജ്ജമാക്കിയിരുന്നു. വിവിധ മുസ്ലീം സംഘടനകൾ, മഹല്ലുകൾ, മദ്റസകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രവാചക പ്രകീർത്തനങ്ങൾ ആലാപനം ചെയ്യുന്ന മൗലിദ് സദസുകൾ, നബി ജീവിതവും സന്ദേശവും വിളിച്ചോതുന്ന മീലാദ് സന്ദേശ ഘോഷയാത്രകൾ, മദ്റസാ വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ, വൈകുന്നേരങ്ങളിൽ നടക്കുന്ന പ്രഭാഷണങ്ങൾ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

ഇതിനുപുറമെ ഭക്ഷണം നൽകുന്ന വിപുലമായ അന്നദാന പരിപാടികളും നബിദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെവിടെയാണെങ്കിലും വിശ്വാസികൾ മുഹമ്മദ് നബിയുടെ ജന്മദിനം സന്തോഷത്തോടെയാണ് ആഘോഷിക്കുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തൻ്റെ നബിദിന സന്ദേശത്തിൽ പറഞ്ഞു. വിശുദ്ധ ഖുർആൻ തന്നെയായിരുന്നു മുഹമ്മദ് നബിയുടെ ജീവിതമെന്നും പ്രവാചകൻ്റെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതിനും സാമൂഹിക സുസ്ഥിതി സാധ്യമാക്കുന്നതിനും സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെയും അധാർമ്മിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചരിത്രം ഇങ്ങനെ

ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഖുറൈശി ഗോത്രത്തിൽ ആമിനയുടെയും അബ്ദുള്ളയുടെയും മകനായാണ് മുഹമ്മദ് നബി ജനിച്ചത്. ജനനത്തിന് രണ്ട് മാസം മുമ്പ് പിതാവിനെയും ആറാം വയസിൽ മാതാവിനെയും നഷ്ടപ്പെട്ട് പൂർണ അനാഥനായിട്ടാണ് നബി വളർന്നത്. പിതൃസഹോദരനായ അബൂത്വാലിബാണ് അദ്ദേഹത്തിന് സംരക്ഷണം നൽകിയത്. ജനങ്ങൾക്കിടയിൽ 'അൽ അമീൻ' അഥവാ വിശ്വസ്തൻ എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം 25-ാം വയസിൽ വിധവയായ ഖദീജയെ വിവാഹം കഴിച്ചു. 40-ാമത്തെ വയസിൽ പ്രവാചകത്വം ലഭിച്ചതോടെ ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കും മാതൃകാപരമായ ജീവിതത്തിലേക്കും ക്ഷണിച്ചു.

മക്കയിൽ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രചാരണം ഖുറൈശി സമൂഹത്തിൻ്റെ ശക്തമായ എതിർപ്പിന് കാരണമായി. കൊടിയ മർദ്ദനങ്ങളും വധശ്രമങ്ങളും അതിജീവിച്ച പ്രവാചകന് ജന്മദേശമായ മക്കയിൽ നിന്നും അനുയായികളോടൊപ്പം മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഹിജ്റ എന്നറിയപ്പെടുന്ന ഈ പലായനം ഇസ്ലാമിക നാഗരികതയുടെ മുന്നേറ്റ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചാന്ദ്ര കലണ്ടറായ ഹിജ്റ കലണ്ടർ രൂപപ്പെടുത്തിയത്. പലായനം മദീന കേന്ദ്രീകരിച്ച് ഒരു ഇസ്ലാമിക് റിപ്പബ്ലിക് പിറവിയെടുക്കാൻ കാരണമായി.

പിന്നീട് ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ ജന്മദേശമായ മക്ക കീഴടക്കി ഭരണമേറ്റെടുത്തപ്പോഴും തന്നെ ആക്രമിച്ചവരോടും നാടുകടത്തിയവരോടും പ്രതികാരമില്ലെന്ന് പ്രഖ്യാപിച്ച് പ്രവാചകൻ മാതൃക കാട്ടി. യുദ്ധവും മദ്യവും ഉൾപ്പെടെ സർവ്വ അരാചകത്വവും കൊടികുത്തി വാഴുകയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ക്രൂരമായി ഹനിക്കപ്പെടുകയും ചെ്ത ഒരു സമൂഹത്തെയാണ് 63 വർഷത്തെ മാതൃകാപരമായ ജീവിതത്തിലൂടെ അദ്ദേഹം പരിഷ്കരിച്ചെടുത്തത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചക വചനം മാനവികതയുടെ മഹത്തായ സന്ദേശമാണ് പകർന്നുനൽകുന്നത്.

സ്വന്തം മകൾ ഫാത്തിമ മോഷ്ടിച്ചാലും കൈ വെട്ടുമെന്ന പ്രഖ്യാപനത്തിലൂടെ നീതിക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്വാനത്തിൻ്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണമെന്ന നിർദ്ദേശം ചൂഷണരഹിതമായ സാമൂഹ്യ വ്യവസ്ഥയ്ക്കുള്ള ആഹ്വാനമായിരുന്നു. അറബിക്ക് അനറബിയേക്കാളൊ വെളുത്തവന് കറുത്തവനേക്കാളൊ യാതൊരു മേന്മയുമില്ലെന്ന പ്രഖ്യാപനം വംശീയ വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു. സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കാനും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ വർജ്ജിക്കാനുമുള്ള പ്രവാചക സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരളത്തിലുട നീളം ഈ വർഷത്തെ മീലാദ്-ഇ-ശരീഫ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News