രാജകുമാരിയിൽ 202 അഗതി കുടുംബങ്ങൾക്ക് സ്നേഹനിർഭരമായ ഓണക്കിറ്റ്
Idukki , 25 ഓഗസ്റ്റ് (H.S.) ആഘോഷങ്ങളുടെ നിറവും സമൃദ്ധിയും നാടാകെ നിറയുമ്പോൾ, ആ സന്തോഷം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലേക്കും എത്തിച്ച് രാജകുമാരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും. പഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട 202 അർഹ
RAJAKUMARI GRAMA PANCHAYAT


Idukki , 25 ഓഗസ്റ്റ് (H.S.)

ആഘോഷങ്ങളുടെ നിറവും സമൃദ്ധിയും നാടാകെ നിറയുമ്പോൾ, ആ സന്തോഷം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലേക്കും എത്തിച്ച് രാജകുമാരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും. പഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട 202 അർഹരായ കുടുംബങ്ങൾക്കാണ് ഓണത്തിൻ്റെ ആഘോഷപ്പകിട്ടിനൊപ്പം കരുതലിൻ്റെയും സ്നേഹത്തിൻ്റെയും കൈത്താങ്ങായി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. ആദിവാസി ഊരുകളിലടക്കം ദുർഘടമായ പാതകൾ താണ്ടി നേരിട്ടെത്തി കിറ്റുകൾ കൈമാറിയാണ് തദ്ദേശ സ്ഥാപനവും കുടുംബശ്രീ പ്രവർത്തകരും വേറിട്ട ഓണസന്ദേശം പകർന്നത്.

12 അവശ്യസാധനങ്ങൾ അടങ്ങിയ വിപുലമായ കിറ്റ്

പഞ്ചായത്തിലെ 14 വാർഡുകളിലായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആഘോഷത്തിൽ അവരെയും ചേർത്തുനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അരി ഉൾപ്പെടെ നിത്യോപയോഗത്തിന് ആവശ്യമായ 12 പ്രധാന ഇനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ജോയി നിർവഹിച്ചു. നല്ല രീതിയിൽ എല്ലാവർക്കും ഓണം ആഘോഷിക്കുക എന്ന ചിന്തയോടുകൂടിയാണ് രാജകുമാരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ഒരുമിച്ച് ആശ്രയ കിറ്റ് വിതരണ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ജോയി പറഞ്ഞു.

ഊരുകളിലേക്ക് സ്നേഹയാത്ര

ആഘോഷത്തിരക്കിനിടയിലും സമൂഹത്തിൻ്റെ ശ്രദ്ധയിൽപ്പെടാതെ കഴിയുന്ന ദുർബലവിഭാഗങ്ങളിലേക്കാണ് കുടുംബശ്രീ പ്രവർത്തകർ എത്തിയത്. ദുർഘടമായ പാതകൾ താണ്ടി വീടുകളിലെത്തി കിറ്റുകൾ നൽകിയതോടെ അർഹരായ കുടുംബങ്ങൾക്കും ഓണം ഇത്തവണ ഇരട്ടി മധുരമുള്ള അനുഭവമായി മാറി.

രാജകുമാരി ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഉപഭോക്താക്കൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. 2020-ൽ സർക്കാർ സർവേ നടത്തി കണ്ടെത്തിയിട്ടുള്ള ആളുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. അരി, പലവ്യഞ്ജനങ്ങൾ, പായസക്കിറ്റ്, തേയില, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുമ ബിജു പറഞ്ഞു.

അഗതികൾക്ക് തണലായി ‘ആശ്രയ’ പദ്ധതി

സ്വന്തമായി വരുമാനമില്ലാത്തവർ, കിടപ്പുരോഗികൾ, വയോധികർ, നാഥനില്ലാത്ത കുടുംബങ്ങൾ തുടങ്ങിയവരുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്തി നിറവേറ്റുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് 'ആശ്രയ' (Destitution Identification and Rehabilitation Project). ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ശുചിത്വം, കുട്ടികളുടെ വിദ്യാഭ്യാസം, പെൻഷൻ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്. ആരും ഒറ്റയ്ക്കല്ലെന്നും ഓണത്തിൻ്റെ സന്തോഷത്തിൽ എല്ലാവർക്കും ഇടമുണ്ടെന്നുമുള്ള വലിയ സന്ദേശമാണ് കരുതലിൻ്റെ ഈ കൈത്താങ്ങിലൂടെ രാജകുമാരിയിൽ ഇത്തവണ കൈമാറിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News