സീതകളിക്ക് ജീവൻ പകർന്ന് പെരിനാട് കലാകാരന്മാർ
Kollam , 25 ഓഗസ്റ്റ് (H.S.) അന്യം നിന്ന് പോകുന്ന സീതകളിക്ക് പുനർജീവന് നൽകി ഒരു കൂട്ടം കലാകാരന്മാർ. ഒരുകാലത്ത് കൊല്ലം പെരിനാട് പ്രദേശത്തെ വീടുമുറ്റങ്ങളിൽ ഓണക്കാലത്ത് നിറഞ്ഞ് നിന്ന സീതകളി ഇടവേളയ്ക്ക് ശേഷം വീണ്ടും ജനകീയകലാരൂപമായി മാറുന്നു. കൊല്ലം പ്ര
SEETHAKALI TRADITIONAL ART


Kollam , 25 ഓഗസ്റ്റ് (H.S.)

അന്യം നിന്ന് പോകുന്ന സീതകളിക്ക് പുനർജീവന് നൽകി ഒരു കൂട്ടം കലാകാരന്മാർ. ഒരുകാലത്ത് കൊല്ലം പെരിനാട് പ്രദേശത്തെ വീടുമുറ്റങ്ങളിൽ ഓണക്കാലത്ത് നിറഞ്ഞ് നിന്ന സീതകളി ഇടവേളയ്ക്ക് ശേഷം വീണ്ടും ജനകീയകലാരൂപമായി മാറുന്നു. കൊല്ലം പ്രാക്കുളം ഗവ. എൽപിഎസിലാണ് സീതയും രാമനുമൊക്കെ കുരുന്നുകളിലേക്ക് ഇറങ്ങി വന്നത്.

കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ പ്രചാരത്തിലുണ്ടായിരുന്ന സീതകളി പെരിനാട് പ്രദേശത്ത് 1980-കൾ വരെ വീടുതോറും അവതരിപ്പിച്ചിരുന്നു. സീതയുടെ വനയാത്ര മുതൽ സ്വർഗാരോഹണം വരെയുള്ള രാമായണ കഥാഭാഗങ്ങളാണ് സീതകളിയുടെ പ്രമേയം. സീതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അവതരണരീതിയും ലളിതമായ പാട്ടുകളും ആരെയും ആകർഷിക്കും.

രാവണനും ലക്ഷ്മണനും ശൂർപ്പണകയും അലറി നിറഞ്ഞാടിയപ്പോൾ അന്യം നിന്നുപോയ ഒരു കലാരൂപം ജനങ്ങളിലേക്ക് എത്തുകയായിരുന്നു. അധ്വാനത്തിൻ്റെ ശരീരഭാഷ ചുവടുവയ്പ്പിലാണ് എല്ലാ കഥാപാത്രങ്ങളും വന്നു പോകുന്നത്. സ്കൂളിലെ ഇരട്ടക്കുട്ടികളായ ശിവന്യ, ശിവാനി എന്നിവർ മാൻ പേടകളായി സീതകളിയിൽ വേഷമിട്ടു. ടെലിവിഷനുകളിൽ മാത്രം കണ്ട സീതയും രാമനുമൊക്കെ കഥാപാത്രങ്ങളായി സ്കൂൾ മുറ്റത്ത് അവതരിച്ചപ്പോൾ കുട്ടികൾക്ക് ജിജ്ഞാസയും കൗതുകവുമായി.

ഓണക്കാല ആഘോഷത്തിൻ്റെ നിറവിൽ നിൽക്കുകയാണ് നമ്മൾ. പുരാതന കാലത്തെ കലാരൂപമായിരുന്നു സീതകളി. അതാത് ഗ്രാമങ്ങളിൽ കൊട്ടിയും ആടിയും പാടിയും രാമായണ കഥ പറയാൻ ഇറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്ത് സീതാ ദേവിയുടെ വനയാത്ര മുതൽ അന്തർദാനം വരെയുള്ള ഭാഗങ്ങൾ വളരെ തന്മയത്വത്തോടു കൂടി നാട്ടുകലയായി ആടിത്തിമിർത്തിരുന്നു. അന്ന് ഓരോ ഭവന മുറ്റങ്ങളിലും എത്തി കളി സംഘങ്ങൾ പാട്ട് അവതരിപ്പിച്ചിരുന്നു. ആ പാട്ടിനൊത്തുള്ള സന്ദർഭങ്ങളെ ആടിയും പാടിയും കൊട്ടിയും ആഘോഷിച്ചിരുന്നു, എന്ന് സീതകളി സംവിധായകനായ ഷാജി പറയുന്നു.

കാലക്രമത്തിൽ വിസ്മൃതിയിലായ സീതകളിയെ 2017-ൽ കേരള സാംസ്ക്കാരിക വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിനാട് പഞ്ചായത്തിലെ കലാകാരന്മാർ, പ്രാദേശിക കലാസമിതികൾ എന്നിവർ ചേർന്ന് പുനരവതരിപ്പിച്ചു. പെരിനാട് സീതകളി അക്കാദമിയുടെയും കലാസംഘങ്ങളുടെയും നേതൃത്വത്തിൽ പുതിയ തലമുറയിലേക്കും ഈ പാരമ്പര്യം കൈമാറി.

സീത കളിയിൽ 28 ഓളം പാട്ടുകളാണ് വീണ്ടെടുത്തിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട 12 ഓളം പാട്ടുകളാണ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുന്നു. ഭാഷയുടെ സൗന്ദര്യം മുഴുവൻ ഇഴുകിച്ചേർന്ന പാട്ട് രീതിയും നാട്ടുകലാകാരന്മാരുടെ അഭിനയ മികവുമാണ് സീതകളിയുടെ സൗന്ദര്യം. പണ്ടുകാലങ്ങളിലെ കൊയ്യുക, മെതിക്കുക തുടങ്ങിയ ശരീര ഭാഷയുടെ ചുവടുവയ്പ്പിലാണ് സീതകളിയിലെ എല്ലാ കഥാപാത്രങ്ങളും വന്നു പോകുന്നത്. രാവണൻ, മരീചൻ, സീത, രാമൻ, ലക്ഷ്മണൻ, ശൂർപ്പണക, ദശരധൻ, ഹനുമാൻ, ബാലി, സുഗ്രീവൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും സീതകളിയിൽ വരുന്നു. കുട്ടികൾക്ക് ഒരു പഠനം എന്നതിലുപരി അവരേയും ഇതിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സീതകളി സ്കൂളിൽ അവതരിപ്പിച്ചത്, എന്നും ഷാജി കൂട്ടിച്ചേർക്കുന്നു. അന്യം നിന്നു പോകുന്ന ഇത്തരത്തിലുള്ള കലാരൂപങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുകയാണ് ഈ നാട്ടുകലാകാരന്മാർ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News