ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ല: സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയ വിദ്യാർത്ഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
Lucknow, 25 ഓഗസ്റ്റ് (H.S.) ലഖ്നൗ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡിനൊപ്പം ഹിജാബ് അഥവാ ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിലെ അവിഭ
ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ല: സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയ വിദ്യാർത്ഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി


Lucknow, 25 ഓഗസ്റ്റ് (H.S.)

ലഖ്നൗ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡിനൊപ്പം ഹിജാബ് അഥവാ ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:

ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണെന്ന് തെളിയിക്കുന്നതിൽ ഹർജിക്കാരി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഹിജാബ് ധരിച്ചില്ലെങ്കിൽ മതപരമായ അടിസ്ഥാന സവിശേഷതകൾക്ക് മാറ്റം വരുമെന്ന് സമർത്ഥിക്കുന്ന ആധികാരിക മതഗ്രന്ഥങ്ങളോ രേഖകളോ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന അവകാശമാണിതെന്ന വാദവും കോടതി നിരസിച്ചു. വ്യക്തമായ നിയമപരവും വസ്തുതാപരവുമായ അടിത്തറയില്ലാതെ കേവലമായ അവകാശവാദങ്ങളുടെ പേരിൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ മുൻ ഉത്തരവിനും പ്രസക്തിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്നവിധി വന്നതിനെ തുടർന്ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ അന്തിമ തീർപ്പ് വന്നിട്ടില്ലെങ്കിലും കർണാടക ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾക്ക് വലിയ മാർഗനിർദേശക മൂല്യമുണ്ടെന്നും മറ്റൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വിശദീകരിച്ചു.

സ്കൂൾ യൂനിഫോമും അച്ചടക്കവും:

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അച്ചടക്കവും ഐഡന്റിറ്റിയും നിലനിർത്താൻ ഏർപ്പെടുത്തുന്ന ഡ്രസ് കോഡ് വിവേചനരഹിതവും സദുദ്ദേശപരവുമാണെങ്കിൽ, യൂണിഫോം സംബന്ധിച്ച അന്തിമ തീരുമാനം സ്കൂൾ അധികൃതരുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രയാഗ്രാജിലെ അത്താഴ്സൂയയിലുള്ള ടാഗോർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചാണ് സ്കൂളിൽ എത്തിയിരുന്നതെന്നും എന്നാൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നേടാൻ എത്തിയപ്പോൾ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ നിലപാടെടുത്തതായും ഹർജിയിൽ ആരോപിച്ചിരുന്നു. സ്കൂളിലെ നിശ്ചിത യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് ഡ്രസ് കോഡിന്റെ ലംഘനമാണെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. മുൻപ് ആരും എതിർത്തില്ല എന്ന കാരണം കൊണ്ട് മാത്രം ഡ്രസ് കോഡ് നയത്തിൽ മാറ്റം വരുത്താൻ സ്കൂളിന് മേൽ അവകാശം സ്ഥാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News