Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഓഗസ്റ്റ് (H.S.)
പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമായ മീലാദ്-ഇ-ശരീഫ് ഇന്ന് വിശ്വാസികള്‍ പ്രാര്‍ഥനാനിര്‍ഭരമായും വിപുലമായ പരിപാടികളോടെയും ആഘോഷിക്കുകയാണ്. പുലര്‍ച്ചെ നാലുമണിയോടെ തന്നെ പള്ളികളില്‍ നടന്ന പ്രവാചക പ്രകീര്‍ത്തനമായ മൗലീദ് പാരായണ സദസുകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഹിജ്‌റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് മുഹമ്മദ് നബി ജനിച്ചത്. 'ഒന്നാം വസന്തം' എന്ന് അര്‍ഥം വരുന്ന റബീഉല്‍ അവ്വല്‍ മാസം വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെയും പ്രവാചകപ്രേമത്തിന്റെയും ദിനങ്ങളാണ്. സര്‍വലോകത്തിനും അനുഗ്രഹമായി പിറന്ന പ്രവാചകനോടുള്ള സ്‌നേഹപ്രകടനമായാണ് ഈ സുദിനം ആഘോഷിക്കുന്നത്. കേരളത്തില്‍ ഓണ നാളിലെത്തിയ ഇത്തവണത്തെ നബിദിനാഘോഷം കേരളത്തിന്റെ പരമ്പരാഗതമായ മതസൗഹാര്‍ദ്ദത്തിനും സൗഹാര്‍ദ്ദാന്തരീക്ഷത്തിനും കരുത്തായി മാറുകയാണ്.
നബിദിനത്തെ വരവേല്‍ക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള പള്ളികളും മദ്‌റസകളും വര്‍ണശബളമായ അലങ്കാര ലൈറ്റുകളും തോരണങ്ങളും കൊണ്ട് നേരത്തെ തന്നെ അലങ്കരിച്ച് സജ്ജമാക്കിയിരുന്നു. വിവിധ മുസ്ലീം സംഘടനകള്‍, മഹല്ലുകള്‍, മദ്‌റസകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലാപനം ചെയ്യുന്ന മൗലിദ് സദസുകള്‍, നബി ജീവിതവും സന്ദേശവും വിളിച്ചോതുന്ന മീലാദ് സന്ദേശ ഘോഷയാത്രകള്‍, മദ്‌റസാ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന കലാ-സാഹിത്യ മത്സരങ്ങള്‍, വൈകുന്നേരങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ഇതിനുപുറമെ ഭക്ഷണം നല്‍കുന്ന വിപുലമായ അന്നദാന പരിപാടികളും നബിദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 'ലോകത്തിലെവിടെയാണെങ്കിലും വിശ്വാസികള്‍ മുഹമ്മദ് നബിയുടെ ജന്മദിനം സന്തോഷത്തോടെയാണ് ആഘോഷിക്കുന്നതെന്ന്' ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തന്റെ നബിദിന സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു മുഹമ്മദ് നബിയുടെ ജീവിതമെന്നും പ്രവാചകന്റെ സന്ദേശങ്ങള്‍ മനുഷ്യനെ നവീകരിക്കുന്നതിനും സാമൂഹിക സുസ്ഥിതി സാധ്യമാക്കുന്നതിനും സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകളെയും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ പ്രവാചക അധ്യാപനങ്ങള്‍ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടില്‍ ഖുറൈശി ഗോത്രത്തില്‍ ആമിനയുടെയും അബ്ദുള്ളയുടെയും മകനായാണ് മുഹമ്മദ് നബി ജനിച്ചത്. ജനനത്തിന് രണ്ട് മാസം മുമ്പ് പിതാവിനെയും ആറാം വയസില്‍ മാതാവിനെയും നഷ്ടപ്പെട്ട് പൂര്‍ണ അനാഥനായിട്ടാണ് നബി വളര്‍ന്നത്. പിതൃസഹോദരനായ അബൂത്വാലിബാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ 'അല്‍ അമീന്‍' അഥവാ വിശ്വസ്തന്‍ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം 25-ാം വയസില്‍ വിധവയായ ഖദീജയെ വിവാഹം കഴിച്ചു. 40-ാമത്തെ വയസില്‍ പ്രവാചകത്വം ലഭിച്ചതോടെ ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കും മാതൃകാപരമായ ജീവിതത്തിലേക്കും ക്ഷണിച്ചു.
---------------
Hindusthan Samachar / Sreejith S