Enter your Email Address to subscribe to our newsletters

Dehradun, 25 ഓഗസ്റ്റ് (H.S.)
ഡെറാഡൂൺ: അഗ്നിപഥ് പദ്ധതിയിലൂടെ നാല് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി മടങ്ങുന്ന യുവാക്കളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാൻ രാജ്യത്തെ ആദ്യത്തെ സമർപ്പിത 'അഗ്നിവീർ എംപ്ലോയ്മെന്റ് സെൽ' രൂപീകരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. അഗ്നിവീരന്മാരുടെ തൊഴിൽ നൈപുണ്യ വികസനം, കരിയർ മാർഗനിർദേശങ്ങൾ, സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനമായാണ് ഈ പ്രത്യേക സെൽ പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.
ഡെറാഡൂണിൽ നടന്ന 'യുവ അഗ്നിവീർ സംവാദ്' പരിപാടിയിലാണ് മുഖ്യമന്ത്രി സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തിയത്. സേവനം പൂർത്തിയാക്കുന്ന ആദ്യ ബാച്ച് അഗ്നിവീരന്മാർ മടങ്ങിയെത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന സർക്കാർ വിപുലമായ തൊഴിൽ പിന്തുണയുമായി രംഗത്തെത്തിയത്. സൈനിക സേവനത്തിലൂടെ ഇവർ ആർജ്ജിച്ചെടുത്ത അച്ചടക്കവും കഠിനാധ്വാനവും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായി വിനിയോഗിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
പോലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ദുരന്തനിവാരണ സേന തുടങ്ങിയ വിവിധ സർക്കാർ സർവീസുകളിൽ അഗ്നിവീരന്മാർക്കായി ഉത്തരാഖണ്ഡ് സർക്കാർ ഇതിനകം തന്നെ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രായപരിധിയിൽ ഇളവുകളും മുൻഗണനയും നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ സർക്കാർ ജോലികൾക്ക് പുറമെ, സ്വകാര്യ മേഖലയിലെ അവസരങ്ങളിലേക്കും സംരംഭകത്വത്തിലേക്കും അഗ്നിവീരന്മാരെ കൈപിടിച്ചുയർത്താൻ പുതിയ എംപ്ലോയ്മെന്റ് സെൽ നിർണായക പങ്കുവഹിക്കും.
സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന മുൻ സൈനികർക്കും അഗ്നിവീരന്മാർക്കുമായി ടൂറിസം വകുപ്പിന്റെ ഹോംസ്റ്റേ പദ്ധതിക്ക് കീഴിൽ പ്രത്യേക ഗ്രാന്റുകളും സാമ്പത്തിക സഹായങ്ങളും അനുവദിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർക്ക് മുൻഗണന നൽകും. ജോലി അന്വേഷിക്കുന്നവർ മാത്രമല്ല, മറ്റുള്ളവർക്ക് തൊഴിൽ നൽകുന്ന സംരംഭകരായി അഗ്നിവീരന്മാർ മാറണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്.
സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ദേവഭൂമിയാണ് ഉത്തരാഖണ്ഡെന്നും സൈനിക സേവനം കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് രാജ്യസേവനത്തിനായുള്ള ഉന്നതമായ അവസരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ സംരംഭം, സേവന കാലാവധി കഴിഞ്ഞ് പൗരജീവിതത്തിലേക്ക് മടങ്ങുന്ന യുവാക്കളുടെ ഭാവിയെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് കൃത്യമായ പരിഹാരമാകുമെന്നാണ് പൊതുവിലയിരുത്തൽ.
---------------
Hindusthan Samachar / Roshith K