Enter your Email Address to subscribe to our newsletters

Payyoli , 25 ഓഗസ്റ്റ് (H.S.)
പയ്യോളി: കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് യാത്ര ചെയ്ത യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. രാത്രി സമയത്ത് ആറുവരി ദേശീയപാതയിലെ വിജനമായ ഉയരപ്പാതയിൽ (എലിവേറ്റഡ് ഹൈവേ) യുവതിയെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും തിക്കോടി സ്വദേശിനിയുമായ ബിജിലയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘കൃതിക’ എന്ന സ്വകാര്യ ബസിലാണ് ബിജില കയറിയത്. എന്നാൽ തിക്കോടിയിൽ എത്തിയപ്പോൾ സർവീസ് റോഡിലേക്ക് ഇറങ്ങാതെ, ദേശീയപാതയിലെ ഉയരപ്പാതയിൽ വെച്ച് ജീവനക്കാർ യുവതിയെ നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ പാതയിൽ ഇറക്കിവിട്ടതോടെ യുവതി കടുത്ത ഭീതിയിലായി.
വെളിച്ചമില്ലാത്തതും വാഹനങ്ങൾ അതിവേഗത്തിൽ പായുന്നതുമായ ഉയരപ്പാതയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ വഴിയോ പടികളോ ഇല്ലാതെ യുവതി പകച്ചുനിന്നു. തുടർന്ന് യുവതിയുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തിയത്. താഴേക്ക് ഇറങ്ങാൻ മറ്റ് മാർഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ, നാട്ടുകാർ ഏറെ പണിപ്പെട്ട് ഏണി എത്തിച്ച് ഉയരപ്പാതയിലേക്ക് വെച്ചുകൊടുത്താണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്.
സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലും രാത്രി സമയത്ത് ഒരു സ്ത്രീയെ വിജനവും അപകടകരവുമായ സ്ഥലത്ത് ഇറക്കിവിട്ട ബസ് ജീവനക്കാരുടെ നടപടിക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയൊരു അപകടത്തിലേക്ക് വഴിതുറക്കാമായിരുന്ന ഈ സംഭവത്തിൽ ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് യുവതിയുടെയും ബന്ധുക്കളുടെയും തീരുമാനം.
കേരളത്തിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും (MVD) കെ.എസ്.ആർ.ടി.സി.യും (KSRTC) വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രാത്രികാല സ്റ്റോപ്പ് / കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള നിർദേശങ്ങൾ
-
റിക്വസ്റ്റ് സ്റ്റോപ്പ് (രാത്രി 8:00 മുതൽ രാവിലെ 6:00 വരെ): രാത്രി 8:00 മണിക്കും പുലർച്ചെ 6:00 മണിക്കും ഇടയിൽ ഒറ്റയ്ക്കോ ചെറിയ കുട്ടികളോടൊപ്പമോ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്, ഔദ്യോഗിക ബസ് സ്റ്റോപ്പ് അല്ലെങ്കിൽ പോലും റൂട്ടിലെ ഏതൊരു സുരക്ഷിതമായ സ്ഥലത്തും ബസ് നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങുകയോ കയറുകയോ ചെയ്യാം.
-
ബാധകമായ ബസുകൾ: ഈ നിയമം എല്ലാ ഓർഡിനറി, സിറ്റി, ഫാസ്റ്റ് പാസഞ്ചർ (FP), സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കും കർശനമായി ബാധകമാണ്.
-
സൂപ്പർ ക്ലാസ് / ദീർഘദൂര സർവീസുകൾ: സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, പ്രീമിയം ദീർഘദൂര ബസുകൾക്ക് നിശ്ചിത സ്റ്റോപ്പുകൾ ഉണ്ടെങ്കിലും, ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകാത്ത വിധത്തിൽ രാത്രി സമയങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശമുണ്ട്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും
-
സംവരണ സീറ്റുകൾ: ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ മുൻനിരയിലെ 25% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. സ്ത്രീകൾ ഇല്ലാത്ത സമയത്ത് പുരുഷന്മാർ ഈ സീറ്റുകളിൽ ഇരുന്നാലും, ഒരു വനിതാ യാത്രക്കാരി കയറുന്ന ഉടൻ തന്നെ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ അവർ നിയമപരമായി ബാധ്യസ്ഥരാണ്.
-
സുരക്ഷിതമായ ഇടങ്ങൾ: വെളിച്ചമില്ലാത്തതോ ആളൊഴിഞ്ഞതോ ആയ അപകടകരമായ സ്ഥലങ്ങളിൽ യാത്രക്കാരെ ഇറക്കരുതെന്ന് ജീവനക്കാർക്ക് നിർദേശമുണ്ട്. നിശ്ചിത സ്റ്റോപ്പിൽ ആവശ്യത്തിന് വെളിച്ചമില്ലെങ്കിൽ അടുത്തുള്ള ജംഗ്ഷനിലോ തെരുവ് വിളക്കിന് താഴെയോ വാഹനം നിർത്താൻ ആവശ്യപ്പെടാം.
-
അടിയന്തര സാഹചര്യങ്ങളിലെ സഹായം: യാത്രയ്ക്കിടയിൽ എന്തെങ്കിലും അതിക്രമങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടാൽ യാത്രക്കാരെ സഹായിക്കാൻ ബസ് ജീവനക്കാർ ബാധ്യസ്ഥരാണ്. ആവശ്യമെങ്കിൽ വാഹനം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എയ്ഡ് പോസ്റ്റിലോ എത്തിക്കണം.
അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ
സേവനംഫോൺ നമ്പർഎമർജൻസി റെസ്പോൺസ് (പോലീസ് / ആംബുലൻസ്)112കേരള പോലീസ് വനിതാ ഹെൽപ്പ് ലൈൻ1091 / 112പിങ്ക് പോലീസ് പട്രോൾ1515കെ.എസ്.ആർ.ടി.സി 24/7 കൺട്രോൾ റൂം0471-2463799 / 94470 71021കെ.എസ്.ആർ.ടി.സി വാട്സാപ്പ് പരാതി നമ്പർ94977 22205
---------------
Hindusthan Samachar / Roshith K