എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടാൻ അമേരിക്ക, ആശങ്കയറിയിച്ച് പ്രവാസി കൂട്ടായ്മ!
Newdelhi, 26 ഓഗസ്റ്റ് (H.S.) അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും തദ്ദേശീയ കമ്പനികൾക്കും കനത്ത പ്രഹരമേകി പുതിയ വിസ പരിഷ്കാരം. എച്ച്-1ബി (H1-B) വർക്ക് വിസകൾക്ക് 1,03,265 യു.എസ് ഡോളർ (ഏകദേശം 86 ലക്ഷത്തിലധികം രൂപ) അധിക
Fee hike


Newdelhi, 26 ഓഗസ്റ്റ് (H.S.)

അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും തദ്ദേശീയ കമ്പനികൾക്കും കനത്ത പ്രഹരമേകി പുതിയ വിസ പരിഷ്കാരം. എച്ച്-1ബി (H1-B) വർക്ക് വിസകൾക്ക് 1,03,265 യു.എസ് ഡോളർ (ഏകദേശം 86 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ഏർപ്പെടുത്താനുള്ള യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ പുതിയ നിർദ്ദേശത്തിനെതിരെ കടുത്ത ആശങ്കയുമായി പ്രവാസി സംഘടനകൾ രംഗത്തെത്തി. ഈ നീക്കം അമേരിക്കയിലെ തൊഴിലവസരങ്ങൾ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇടയാക്കുമെന്ന് ഇന്ത്യൻ-അമേരിക്കൻ സംഘടനയായ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ വിപണിക്ക് തിരിച്ചടിയാകും

ഇത്രയും വലിയ തുക അധികമായി നൽകേണ്ടി വരുന്നത് നിയമപരമായ റിക്രൂട്ട്മെൻ്റുകളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്റ്റാർട്ടപ്പുകളെ ഈ നീക്കം പൂർണമായും തകർക്കും. ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്ന വൻകിട കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറിൻ്റെ അധിക ബാധ്യതയാണ് ഇത് വരുത്തിവെക്കുക. തുക താങ്ങാനാകാതെ വരുന്നതോടെ കമ്പനികൾ ഉയർന്ന മൂല്യമുള്ള തസ്തികകൾ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാകും.

വിദ്യാർഥികൾക്കും വഴി അടയുംപുതിയ നിർദ്ദേശപ്രകാരം എച്ച്-1ബി വിസ ഫീസിനൊപ്പം ഒരു ലക്ഷം ഡോളറിന്റെ ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) ഫീസ് കൂടി ചേരുമ്പോൾ മൊത്തം തുക 2,03,265 ഡോളറായി ഉയരും. ഇത് വിദേശത്തുനിന്ന് അമേരിക്കയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം അവിടെത്തന്നെ ജോലി കണ്ടെത്താനുള്ള സാധ്യതകളെ പൂർണമായും ഇല്ലാതാക്കും.

വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഇതിനകം തന്നെ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം (2025 ഒക്ടോബറിൽ) പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനത്തിൽ 17 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

2026-ലെ ഏറ്റവും പുതിയ ഔട്ട്ലുക്ക് പ്രകാരം വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലധികം കുറവുണ്ടാകുമെന്നാണ് പ്രവചനം. ഇത് വഴി അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് 3.4 ബില്യൺ ഡോളറിൻ്റെ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫീസ് ഘടനയിൽ കൂടുതൽ യുക്തിസഹമായ സമീപനം സ്വീകരിക്കണമെന്നും അമേരിക്കയുടെ സാങ്കേതിക നേതൃത്വവും തൊഴിലാളികളുടെ താല്പര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ യു.എസ് സർക്കാർ തയ്യാറാകണമെന്നും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News