Enter your Email Address to subscribe to our newsletters

Hyderabad , 26 ഓഗസ്റ്റ് (H.S.)
സ്കൂളില് യൂണിഫോമിനൊപ്പം ഹിജാബ് അനിവാര്യമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ശക്തമായി വിമർശിച്ച് എഐഎംഐഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. ഇന്നലെ (ഓഗസ്റ്റ് 25) ദാറുസലാമിലെ പാർട്ടി ആസ്ഥാനത്ത് നടന്ന മഹത്തായ ജൽസ-ഇ-റഹ്മത്തുൽ-ലിൽ-അലമീൻ സമ്മേളനത്തിൽ വച്ചാണ് വിമർശനം ഉന്നയിച്ചത്. പ്രയാഗ്രാജിലെ ഒരു സ്കൂൾ വിദ്യാർഥിനി യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയിരുന്നത്. ഇതിനെ 'ഇസ്ലാമിനെതിരായ ആക്രമണമെന്ന്' ഒവൈസി വിശേഷിപ്പിച്ചു. തുടർന്ന് ഒരു മതത്തിൻ്റെ അനിവാര്യത കൈകാര്യം ചെയ്യുന്ന ശബരിമല കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ അലഹബാദ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ലായിരുന്നുവെന്ന് ഒവൈസി അഭിപ്രായപ്പെട്ടു.
മനസിലല്ല തലയിലാണ് ഹിജാബ് ധരിക്കുന്നതെന്ന് ഒവൈസി
'അലഹബാദ് ഹൈക്കോടതിയിൽ നിന്നാണ് വിധി വന്നത്. സ്കൂളിൽ ഒരേ മതത്തിലുള്ള എല്ലാ കുട്ടികളും ഹിജാബ് ധരിക്കുന്നില്ല. എന്നാൽ ഒരു കുട്ടിക്ക് മാത്രമാണ് ഹിജാബ് ധരിക്കേണ്ടത്. എന്നാൽ യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിയോട് യോജിക്കാൻ സാധിക്കില്ലെന്ന്' ഒവൈസി പറഞ്ഞു. ശബരിമല കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും ഈ വിധി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 19 എന്നിവ ലംഘിക്കുന്നു. ഇസ്ലാമിന് അത്യാവശ്യമായത് എന്താണ് എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണെന്നും ഒവൈസി ചോദിച്ചു. തുടർന്ന് പെൺകുട്ടികൾ മനസിലല്ല തലയിലാണ് ഹിജാബ് ധരിക്കുന്നതെന്നും ഇത് ഇസ്ലാമിനെതിരായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണം
ഇന്നലെയായിരുന്ന ഹർജിക്കാരിക്ക് എതിരായി കോടതി വിധി വന്നത്. സ്കൂള് യൂണിഫോണിനൊപ്പം ഹിജാബ് ധരിക്കാന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാര്ഥിനി നല്കിയ ഹര്ജി കോടതി അംഗീകരിച്ചില്ല. ഹിജാബ് ധരിക്കുന്നത് അവരുടെ മതത്തിൻ്റെ അത്യാവശ്യ ഘടകമാണെന്നും അത് ഇല്ലെങ്കിൽ വിശ്വാസത്തെ ബാധിക്കുമെന്നും തെളിയിക്കാൻ ഏതെങ്കിലും മതഗ്രന്ഥങ്ങളോ വസ്തുക്കളോ ഹാജരാക്കുന്നതിൽ ഹർജിക്കാരി പരാജയപ്പെടുകയും ചെയ്തിരുന്നു.
പരിശോധനയിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ അതേ മതവിഭാഗത്തിൽ വരുന്ന മറ്റ് പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിഫോം എന്നത് പ്രാഥമികമായി സ്കൂളിൻ്റെ അധികാരപരിധിയിൽ വരുമെന്ന് കോടതി പ്രസ്താവിച്ചു.
താഴ്ന്ന ക്ലാസുകളിലെ വിദ്യാർഥിനികൾ തടസമില്ലാത്ത വിധത്തിൽ സ്കാർഫ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും ഇത് സ്കൂളിൻ്റെ യൂണിഫോം നയം മാറ്റാൻ നിർബന്ധിക്കാൻ തക്കതായ അവകാശം നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇത് സ്കൂൾ വിദ്യാർഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തടയുകയല്ല. മറിച്ച് സ്ഥാപനപരമായ അച്ചടക്കം ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും അതിൽ യൂണിഫോം അനിവാര്യമായ ഭാഗമാണെന്നും ജസ്റ്റിസുമാരായ ജെജെ മുനീർ, ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈസ്കൂള് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ഥി അതേ സ്കൂളില് പ്ലസ് വണ്ണില് ചേരുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതല് ഹിജാബ് ധരിച്ചാണ് സ്കൂളില് പഠിച്ചതെന്നും ഇതേ രീതിയില് തന്നെ പഠനം തുടരണമെന്നുമാണ് വിദ്യാർഥി ഹര്ജിയില് ആവശ്യപ്പെട്ടത്. അതേസമയം, പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രവേശന സമയത്ത് ഹിജാബ് ധരിക്കുന്നത് ഡ്രസ് കോഡിൻ്റെ ലംഘനമാണെന്ന് സ്കൂൾ മാനേജ്മെൻ്റ് പറയുകയും ഈ കാരണത്താൽ പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR