Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ഓഗസ്റ്റ് (H.S.)
തിരുവോണ നാളില് സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം. ഇന്ന് കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളില് ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ഈ ജില്ലകളില് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്ട്ട് നിലവിലുള്ളത്.
എന്നാല് ആശ്വാസകരമായ കാര്യം എന്തെന്നാല് നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലവിലില്ല. ഇന്ന് ഓണനാളില് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. എങ്കിലും ഉത്രാടം നാളില് പെയ്ത മഴയെ അപേക്ഷിച്ച് കുറവുണ്ടായി എന്നതാണ് ഏക ആശ്വാസം. കൂടാതെ മൂന്ന് ജില്ലകളില് കള്ളക്കടല് ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം കാപ്പില് മുതല് പൊഴിയൂര് വരെയും കൊല്ലം ആലപ്പാട് മുതല് ഇടവ വരെ ആലപ്പുഴ ചെല്ലാനം മുതല് അഴീക്കല് വരെയുമാണ് കള്ളക്കടല് ജാഗ്രതാ മുന്നറിയിപ്പ്. നാളെ പുലര്ച്ചെ വരെയാണ് മുന്നറിയിപ്പ്. കടലില് ഇറങ്ങിയുള്ള വിനോദങ്ങള് പൂര്ണമായി ഒഴിവാക്കാനാണ് നിര്ദ്ദേശം. കൂടാതെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്ദ്ദേശം.
അതിനിടെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില് ഇന്ന് (26/08/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില് 30-40 കിലോമീറ്റർ വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് ഇടിമിന്നലിനെ സൂക്ഷിക്കണമെന്നാണ് അധികൃതർ പറയുന്നത്.
ഇടിമിന്നല് ജാഗ്രതാ നിർദ്ദേശം
ഇടിമിന്നല് അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല് പൊതുജനങ്ങള് താഴെപ്പറയുന്ന മുൻകരുതല് കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല് തന്നെ സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നല് എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല് ഇത്തരം മുൻകരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല് ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില് തുടരുന്നത് ഇടിമിന്നലേല്ക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR