Enter your Email Address to subscribe to our newsletters

Idukki , 26 ഓഗസ്റ്റ് (H.S.)
മാവേലി വരുമ്പോൾ ഓണം പൂർണമാകുമെന്നാണ് പറയാറ്. എന്നാൽ, ഇത്തവണ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് മാവേലി എത്തിയത് അൽപം വ്യത്യസ്തമായിട്ടായിരുന്നു. പുരുഷന്മാർ പതിവായി കൈയടക്കിയിരുന്ന മാവേലിയുടെ വേഷത്തിൽ ഇത്തവണ തിളങ്ങിയത് ആശുപത്രിയിലെ നഴ്സ് ജോയിസ് ജോസഫ്. പുറത്തുനിന്ന് വാടക മാവേലിയെ എത്തിക്കാനുള്ള ആലോചന ഉയർന്നപ്പോഴാണ്, “അതിൻ്റെ ആവശ്യമില്ല, ഞാൻ തന്നെ മാവേലിയാകാം”, എന്ന് പറഞ്ഞ് ജോയിസ് മുന്നോട്ടുവന്നത്.
ആശുപത്രി ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി ഉയർന്ന പ്രധാന ചോദ്യമായിരുന്നു ആരാകും മാവേലി എന്നത്. പലരും മാവേലി വേഷം ഏറ്റെടുക്കാൻ മടിച്ചതോടെ പുറത്തുനിന്ന് ഒരാളെ എത്തിക്കാനുള്ള ആലോചനകളും സജീവമായി. ഇതിനിടയിലാണ് സാധാരണയായി പുരുഷന്മാർ മാത്രം ഏറ്റെടുക്കാറുള്ള മാവേലിയുടെ വേഷം ധരിക്കാൻ ജോയിസ് തയ്യാറായത്. ആദ്യം അൽപം കൗതുകത്തോടെയായിരുന്നു സഹപ്രവർത്തകരുടെ പ്രതികരണം. എന്നാൽ ആടയാഭരണങ്ങളും കൊമ്പൻ മീശയും ഓലക്കുടയും അണിഞ്ഞ് ജോയിസ് മാവേലിയായി എത്തിയതോടെ കാഴ്ച തന്നെ മാറി. ആശുപത്രി ജീവനക്കാരുടെ ഓണാഘോഷ വേദിയിലേക്ക് മാവേലിയുടെ വേഷത്തിൽ ജോയിസ് എത്തിയപ്പോൾ കൈയടികളോടെയാണ് സഹപ്രവർത്തകർ വരവേറ്റത്.
നെടുംകണ്ടം താലൂക്ക് ആശുപത്രിയുടെ ഓണാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് മാവേലി വേഷം കെട്ടിയത്. മാവേലി ആകാൻ താത്പ്പര്യം ഉള്ളവർ പേര് നൽകണമെന്ന് പറഞ്ഞിരുന്നു. മാവേലിക്ക് വേണ്ടുന്ന പത്ത് യോഗ്യതകളും പറഞ്ഞിരുന്നു. എന്നാൽ ആരും താത്പ്പര്യം പ്രകടിപ്പിച്ച് മുൻപോട്ട് വന്നില്ല. അപ്പോൾ മാവേലി ആകുന്നതിനുള്ള എട്ട് യോഗ്യതകൾ തനിക്കുണ്ടെന്ന് തോന്നി. അങ്ങനെ ഓക്കെ പറയുകയായിരുന്നു. ഇതാണ് മാവേലി ആകാനുണ്ടായ സാഹചര്യം. ഇത്രയും നന്നായി ചെയ്യാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല, എന്ന് ജോയിസ് പറഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ കലോത്സവ വേദികളിൽ സജീവമായിരുന്ന ജോയിസിന് വേദിയെ നേരിടാനുള്ള ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാവേലി വേഷം അണിഞ്ഞതോടെ കഥാപാത്രത്തിലേക്ക് പൂർണമായി ഇറങ്ങിച്ചെല്ലാൻ ജോയിസിന് അധികം സമയം വേണ്ടിവന്നില്ല. ചിരിയും തമാശയും നിറച്ച് ജീവനക്കാരോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നതോടെ ജോയിസിൻ്റെ മാവേലി വേഷം ഓണാഘോഷത്തിൻ്റെ തന്നെ പ്രധാന ആകർഷണമായി.
പതിവ് സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഈ മാവേലി വരവ് നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. മാവേലിയെ പുറത്തുനിന്ന് അന്വേഷിക്കേണ്ടി വന്നില്ല. ആഘോഷത്തിൻ്റെ ഭാഗമാകാൻ സ്വയം മുന്നോട്ടുവന്ന ഒരു ജീവനക്കാരി തന്നെ മാവേലിയായപ്പോൾ, ഓണത്തിൻ്റെ സന്ദേശമായ സമത്വത്തിനും ഒരുമയ്ക്കും പുതിയൊരു നിറം കൂടി ലഭിച്ചു. അങ്ങനെ, ഇത്തവണ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ മാവേലി എത്തിയത് പാതാളത്തിൽ നിന്ന് മാത്രമല്ല ആശുപത്രിയിലെ സ്വന്തം ജീവനക്കാരുടെ കൂട്ടത്തിൽ നിന്നായിരുന്നു. ജോയിസിൻ്റെ മാവേലി വേഷം ഓണാഘോഷത്തിന് ചിരിയും കൗതുകവും കൈയടിയും ഒരുപോലെ സമ്മാനിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR