Enter your Email Address to subscribe to our newsletters

Kollam , 26 ഓഗസ്റ്റ് (H.S.)
ശാസ്താംകോട്ട എന്ന പേര് കേൾക്കുമ്പോഴെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് വാനരന്മാർ ആയിരിക്കും. ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യ കഴിച്ച് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരപ്പടയുടെ വിഭവസമൃദ്ധമായ ഓണസദ്യ ഈ വർഷവും ഗംഭീരമായി നടന്നു. ധർമ്മശാസ്താവിൻ്റെ തോഴരാരായി കണക്കാക്കുന്ന വാനരന്മാർക്കായി കുത്തരിച്ചോറിനൊപ്പം പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, അവിയൽ, തോരൻ, കാളൻ, ഓലൻ അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു.
വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു. എന്നാൽ 125 ഓളം വരുന്ന ക്ഷേത്ര കുരങ്ങുകൾ ആദ്യം അതത്ര കാര്യമാക്കിയില്ല. കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവർ സദ്യ കഴിക്കാൻ എത്തൂ എന്നതാണ് വർഷങ്ങളായി നടന്നു വരുന്ന പതിവ്. ഇക്കുറിയും അതു തെറ്റിച്ചില്ല. വാനര മൂപ്പന്മാരെത്തി സദ്യ ആദ്യം രുചിച്ചു നോക്കി. കുഴപ്പമില്ലെന്ന് തലയാട്ടിയതോടെ മറ്റുള്ളവർ സദ്യയ്ക്കരികിലേയ്ക്ക് പാഞ്ഞെത്തി.
എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു. ഇവർക്കായി മറ്റൊരിടത്ത് പ്രത്യേകം സദ്യ വിളമ്പി നൽകി. പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു. മനക്കര ശ്രീശൈലത്തിൽ എം പി അരവിന്ദാക്ഷൻപിള്ളയുടെ വകയായിട്ടാണ് വാനരന്മാർക്ക് ഉത്രാടസദ്യ ഒരുക്കിയത്.
'ഏകദേശം 53 വർഷങ്ങളായി വാനരന്മാർക്ക് ഉത്രാട സദ്യ മുടങ്ങാതെ നടത്തിവരുന്നു. വർഷങ്ങൾക്ക് മുൻപ് ഇവയ്ക്ക് ഭക്ഷണത്തിന് ക്ഷാമം കിട്ടാതെ വന്നകാലത്താണ് ആദ്യമായി ഒരു അന്നദാന ചിന്ത മനസിൽ വന്നത്. അന്നു മുതൽ എല്ലാ വർഷത്തെയും ഓണനാളുകളിൽ ശാസ്കാംകോട്ട ക്ഷേത്രത്തിലെ വാനരന്മാർക്ക് സദ്യ വിളമ്പി വരുന്നു. ഇതിലൂടെയൊരു പ്രത്യേക സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നു' അരവിന്ദാക്ഷൻപിള്ള പറഞ്ഞു. ഉത്രാടം, തിരുവോണ നാളുകളിലാണ് വാനര സദ്യ നടത്തിവരാറുള്ളത്. വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്താറുണ്ട്.
രാമായണ കാലഘട്ടവുമായി ബന്ധപ്പെട്ടാണ് ഈ ആചാരം മിക്ക ക്ഷേത്രങ്ങളിലും നടത്തിവരുന്നത്. സീതാന്വേഷണത്തിനായുള്ള യാത്രയിൽ ശ്രീരാമൻ്റെ വാനരസേന ഈ പ്രദേശത്തുകൂടി കടന്നുപോയെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ജില്ലകളിലും ഇത്തരത്തിൽ വാനരസദ്യ നടത്തിവരാറുണ്ട്. ചിലയിടങ്ങളിൽ ക്ഷേത്ര ആചാരത്തിൻ്റെ ഭാഗമായും ഭക്തർ വഴിപാടായും വാനരന്മാർക്ക് സദ്യ നടത്തുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലും വാനര സദ്യ നടത്താറുണ്ട്. ഇതിനു പുറമെ കാസർകോഡ് ജില്ലയിലെ ഇടയിലക്കാട് എന്ന സ്ഥലത്തും ഉത്രാടനാളിൽ വാനരസദ്യ അർപ്പിക്കാറുണ്ട്. ഏകദേശം 20 വർഷമായി ഈ ആചാരം നടത്തിവരുന്നതായി പറയപ്പെടുന്നു. അവിട്ടം നാളിലാണ് ഇവിടെ വാനര സദ്യ നടത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR