വൈദ്യുതി ഉപഭോഗത്തില് മാറ്റത്തിന് വഴിതുറക്കുന്നു: ടി.ഒ.ഡി ബില്ലിംഗ് കൂടുതല് ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാന് ശുപാര്ശ
Thiruvananthapuram, 26 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഘടനയിലും ഉപഭോഗ രീതികളിലും നിര്ണായക മാറ്റങ്ങള്ക്ക് വഴിയൊരുക്കി ''ടൈം ഓഫ് ഡേ'' (ടി.ഒ.ഡി) ബില്ലിംഗ് സംവിധാനം കൂടുതല് വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന് നീക്കം. പകല് സ
വൈദ്യുതി ഉപഭോഗത്തില് മാറ്റത്തിന് വഴിതുറക്കുന്നു: ടി.ഒ.ഡി ബില്ലിംഗ് കൂടുതല് ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാന് ശുപാര്ശ


Thiruvananthapuram, 26 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഘടനയിലും ഉപഭോഗ രീതികളിലും നിര്ണായക മാറ്റങ്ങള്ക്ക് വഴിയൊരുക്കി 'ടൈം ഓഫ് ഡേ' (ടി.ഒ.ഡി) ബില്ലിംഗ് സംവിധാനം കൂടുതല് വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന് നീക്കം. പകല് സമയത്ത് വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും, വൈദ്യുതി ആവശ്യകത കുതിച്ചുയരുന്ന രാത്രി പീക്ക് അവറുകളില് ഉയര്ന്ന നിരക്കും ഈടാക്കുന്ന സംവിധാനമാണിത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് പുറത്തിറക്കിയ പുതിയ 'മള്ട്ടി ഇയര് താരിഫ് കരട് ചട്ട'ത്തിലാണ് ഈ സുപ്രധാന ശുപാര്ശയുള്ളത്.

നിലവില് വന്കിട വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്ക്കും പ്രതിമാസം ഉയര്ന്ന തോതില് വൈദ്യുതി ഉപയോഗിക്കുന്ന ചില പ്രത്യേക ഗാര്ഹിക ഉപഭോക്താക്കള്ക്കും മാത്രമാണ് സംസ്ഥാനത്ത് ടി.ഒ.ഡി സംവിധാനം നിര്ബന്ധമാക്കിയിട്ടുള്ളത്. എന്നാല്, സംസ്ഥാനത്തെ പകുതിയിലധികം ഉപഭോക്താക്കളിലും ഇതിനകം തന്നെ ടി.ഒ.ഡി മീറ്ററുകള് സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാല്, ഈ സാങ്കേതിക സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി സാധാരണ ഗാര്ഹിക ഉപഭോക്താക്കളടക്കമുള്ള കൂടുതല് വിഭാഗങ്ങളെ ടി.ഒ.ഡി പരിധിയിലേക്ക് കൊണ്ടുവരണമെന്നാണ് കരട് ചട്ടത്തിലെ പ്രധാന നിര്ദ്ദേശം.

വൈദ്യുതി ബോര്ഡിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും ഉപഭോഗം സന്തുലിതമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. രാത്രി 6 മണി മുതല് 10 മണി വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല് വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. ഈ സമയത്ത് ഉയര്ന്ന വില നല്കി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി വിതരണം ചെയ്യുന്നത്. എന്നാല് സൗരോര്ജ്ജ ലഭ്യതയുള്ള പകല് സമയങ്ങളില് വൈദ്യുതി കുറഞ്ഞ നിരക്കില് ലഭ്യമാണ്. ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാകുന്നതോടെ, ഉപഭോക്താക്കള് വാഷിംഗ് മെഷീന്, മോട്ടോര് പമ്പ്, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജിംഗ് തുടങ്ങിയ കൂടുതല് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പകല് സമയത്തേക്ക് മാറ്റാന് പ്രേരിതരാകും.

ഇത് ഉപഭോക്താക്കള്ക്ക് വൈദ്യുതി ബില്ലില് ഗണ്യമായ ഇളവ് നേടാനുള്ള അവസരമൊരുക്കും. അതേസമയം, പീക്ക് സമയത്തെ അനാവശ്യ ഉപഭോഗം നിയന്ത്രിക്കാനും കെ.എസ്.ഇ.ബിക്ക് ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും. കരട് ചട്ടത്തില് പൊതുജനങ്ങള്ക്കും വിവിധ സംഘടനകള്ക്കും അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള അവസരമുണ്ട്. ഇവ പരിഗണിച്ച ശേഷം റെഗുലേറ്ററി കമ്മിഷന് നടത്തുന്ന തെളിവെടുപ്പുകള് പൂര്ത്തിയാക്കി മാത്രമായിരിക്കും അന്തിമ വിജ്ഞാപനവും പുതിയ നിരക്ക് ഘടനയും നിലവില് വരിക.

---------------

Hindusthan Samachar / Roshith K


Latest News