തൃക്കാക്കരയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ തിരുവോണാഘോഷം
Ernakulam , 26 ഓഗസ്റ്റ് (H.S.) ഓണാഘോഷത്തിൻ്റെ ഐതിഹ്യവും പെരുമയും ഉറങ്ങുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ നാളിൽ ആഹ്ളാദ പൊലിമയോടെ ആഘോഷച്ചടങ്ങുകൾ പുരോഗമിക്കുന്നു. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പുണ്യഭൂമിയിലെ ഓണാഘോഷത്തിൽ പങ്കാളികളാകാൻ ആയിരക
THRIKKAKARA TEMPLE ONAM


Ernakulam , 26 ഓഗസ്റ്റ് (H.S.)

ഓണാഘോഷത്തിൻ്റെ ഐതിഹ്യവും പെരുമയും ഉറങ്ങുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ നാളിൽ ആഹ്ളാദ പൊലിമയോടെ ആഘോഷച്ചടങ്ങുകൾ പുരോഗമിക്കുന്നു. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പുണ്യഭൂമിയിലെ ഓണാഘോഷത്തിൽ പങ്കാളികളാകാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്. അത്തം നാളിൽ ആരംഭിച്ച പത്തുദിവസം നീണ്ടുനിന്ന വിപുലമായ ഉത്സവ ചടങ്ങുകൾ തിരുവോണ ദിനത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിക്കും.

തൃക്കാക്കര സന്ദർശനത്തിനെത്തിയ മഹാബലി തമ്പുരാനെ തേടി വാമനമൂർത്തി എത്തിയെന്നും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് തൃക്കാക്കരയിൽ വച്ചാണെന്നുമാണ് പ്രധാന ഐതിഹ്യം. കേരളത്തിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എന്ന പ്രത്യേകതയും തൃക്കാക്കരയ്ക്കുണ്ട്. തിരുവോണ ദിനത്തിൽ കൊട്ടും കുരവയുമായാണ് ക്ഷേത്രാങ്കണത്തിലെത്തുന്ന വാമനമൂർത്തിയെ ഭക്തജനങ്ങൾ സ്വീകരിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ മഹാബലി മണ്ഡപത്തിൽ വച്ച് പാതാളത്തിൽ നിന്നും കടന്നുവന്ന മഹാബലിയെ വാമനമൂർത്തി സ്വീകരിക്കുന്ന ചടങ്ങും നടന്നു.

വാമനൻ മഹാബലിയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ആചാരം ഐതിഹ്യപ്പെരുമയെ വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള ശ്രീബലിയും പ്രത്യേക നാദസ്വരക്കച്ചേരിയും അരങ്ങേറി. ജാതിമത ഭേദമന്യേ സർവ്വരും ഒന്നായി പങ്കെടുക്കുന്ന ഓണസദ്യ ആഘോഷത്തിൻ്റെ സൗഹൃദ സന്ദേശം വിളിച്ചോതുന്നതാണ്. രാജഭരണ കാലത്ത് 64 നാടുവാഴികൾ ചേർന്നായിരുന്നു തൃക്കാക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്.

രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് വഴിമാറിയതോടെ നാട്ടുകാർ ഉൾപ്പെടുന്ന മഹാദേവ ക്ഷേത്രസമിതിയാണ് ഇപ്പോൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വിനീത് പറഞ്ഞു. 'പത്ത് ദിവസമായി നടന്നു വന്ന വിപുലമായ ഉത്സവച്ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും സമാപനമാണ് തിരുവോണ നാളിൽ തൃക്കാക്കരയിൽ നടക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവേലി നാടുവാണ കാലത്തെ സമത്വത്തിൻ്റെയും മാനവികതയുടെയും ഓർമ്മകൾ പുതുക്കിയാണ് ഭക്തർ ഇത്തവണയും തൃക്കാക്കര സന്നിധിയിൽ ഒത്തുചേർന്നത്. 10 ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്ത് രണ്ട് ക്ഷേത്രങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ഒന്ന് വാമനമൂർത്തിക്കും രണ്ടാമത്തേതിൽ മഹാദേവനും കുടികൊള്ളുന്നു. മഹാബലിയുടെ പ്രതിമയും ഇവിടെയാണ്. സംസ്ഥാനത്തെ എല്ലാ ഓണാഘോഷങ്ങളുടെയും കേന്ദ്രമാണ് വാമനമൂർത്തി ക്ഷേത്രം.

ഒത്തുകൂടുന്ന എല്ലാവർക്കും ഓണസദ്യ, ദേവനെ അലങ്കരിക്കുന്ന 'ചാർത്തു', പകൽപ്പൂരം, ശീവേലി എന്നിങ്ങനെ നിരവധി ചടങ്ങുകളും സാംസ്കാരിക പ്രകടനങ്ങളുമെല്ലാമായി 10 ദിവസത്തെ പ്രധാന വാർഷിക ഓണാഘോഷമാണ് ഇവിടെ നടത്തിവരുന്നത്. ശ്രീകോവിലിൻ്റെ ചുവരുകളിൽ പരമ്പരാഗത ഓണാഘോഷങ്ങളെ ചിത്രീകരിക്കുന്ന അതിമനോഹരമായ കൊത്തുപണികൾക്കും ക്ഷേത്രം പേരുകേട്ടതാണ്. ഈ കൊത്തുപണികൾ ഏകദേശം 2500 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News