Enter your Email Address to subscribe to our newsletters

washington, 26 ഓഗസ്റ്റ് (H.S.)
വാഷിങ്ടൺ: ന്യൂയോര്ക്കിലെ പ്രശസ്തമായ മാഡിസണ് സ്ക്വയര് ഗാര്ഡനില് (MSG) ആര്എസ്എസ് മേധാവി മോഹന് ഭാഗവത് പങ്കെടുക്കുന്ന പൊതുപരിപാടിക്കെതിരെ ഉയരുന്ന വിമര്ശനങ്ങള്ക്ക് രൂക്ഷമായ ഭാഷയില് മറുപടിയുമായി പ്രമുഖ അമേരിക്കന് ഗായികയും സാംസ്കാരിക പ്രവര്ത്തകയുമായ മേരി മില്ബെന്. ന്യൂയോര്ക്ക് സിറ്റി മേയര് സൊഹ്റാന് മംദാനിയേയും സോഷ്യലിസ്റ്റ് പക്ഷക്കാരെയും കടന്നാക്രമിച്ച മേരി മില്ബെന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു എതിര്പ്പിന് പിന്നിലെ പ്രധാന കാരണമെന്ന് ആരോപിച്ചു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു (X) മേരി മില്ബെന്റെ പ്രതികരണം. ആര്എസ്എസ് അധ്യക്ഷന്റെ സന്ദര്ശനത്തെ എതിര്ക്കുന്നവര്ക്ക് മുതലാളിത്തത്തിന്റെ സ്വഭാവം മനസിലാകുന്നില്ലെന്നും വേദി സ്വന്തമായി വാടകയ്ക്കെടുത്ത് സ്വന്തം പരിപാടികള് സംഘടിപ്പിക്കാന് ഇവര്ക്ക് ശേഷിയില്ലെന്നും മില്ബെന് പരിഹസിച്ചു.
മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ സൊഹ്റാൻ മംദാനിയും മറ്റ് സോഷ്യലിസ്റ്റുകളും എതിർക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അവരുടെ രാഷട്രീയ വിരോധം കൊണ്ടാണ്. സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഇവർക്ക് മുതലാളിത്തം എന്താണെന്ന് മനസ്സിലാകില്ല. മാഡിസൺ സ്ക്വയർ ഗാർഡൻ സോഷ്യലിസ്റ്റ് മുറവിളികൾക്ക് ചെവികൊടുക്കുന്ന ഇടമല്ല. മംദാനിയോടും കൂട്ടരോടും എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾക്ക് എതിർപ്പുകൾ പ്രകടിപ്പിക്കണമെങ്കിൽ പണം സ്വരൂപിച്ച് മാഡിസൺ സ്ക്വയർ സ്വന്തമായി വാടകയ്ക്കെടുത്ത് മോദി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുക, - മേരി മില്ബെന് കുറിച്ചു.
പരിപാടിയുടെ പ്രമേയമായ 'ഐക്യം' (Oneness) എന്ന ആശയത്തെ സ്വാഗതം ചെയ്ത അവർ, നാം ഏവരും ഒരൊറ്റ കുടുംബമാണെന്നും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആരോഗ്യകരമായ സംവാദങ്ങൾക്ക് ഈ വേദി അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
മേയര് സൊഹ്റാന് മംദാനിയുടെ നിലപാട്
ന്യൂയോർക്ക് നഗരത്തിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ് മേധാവി നടത്തുന്ന പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് മേയർ സൊഹ്റാൻ മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊരു സ്വകാര്യ പരിപാടിയായതിനാൽ നഗരസഭയ്ക്ക് ഇതിൽ നിയമപരമായി ഇടപെട്ട് റദ്ദാക്കാനുള്ള അധികാരപരിധിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇന്ത്യൻ വംശജനായ ആദ്യത്തെ ന്യൂയോർക്ക് മേയർ എന്ന നിലയിൽ, ബഹുസ്വരതയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പാരമ്പര്യമാണ് തന്റെ കുടുംബം തനിക്ക് പകർന്നുനൽകിയതെന്നും എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ആശയങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും മംദാനി ചൂണ്ടിക്കാട്ടിയിരുന്നു.
മാഡിസണ് സ്ക്വയറിലെ 'യൂണിവേഴ്സൽ വൺനെസ്സ്' സമ്മേളനം
ആര്എസ്എസിന്റെ നൂറാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോള സന്ദര്ശനത്തിന്റെ ഭാഗമായാണ് മോഹന് ഭാഗവത് അമേരിക്കയില് എത്തിയത്. യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങള് സന്ദര്ശിക്കുന്ന പര്യടനത്തിന്റെ ഭാഗമായി മാഡിസണ് സ്ക്വയര് ഗാര്ഡനില് 'യൂണിവേഴ്സല് വണ്നെസ്സ് സെലിബ്രേഷന്സ്' (Universal Oneness Celebrations) എന്ന പേരിലാണ് വമ്പിച്ച പരിപാടി ഒരുക്കിയിട്ടുള്ളത്.
'അഹെഡ്' (AHEAD - American Hindus for Engagement and Dialogue) എന്ന സംഘടനയുടെ നേതൃത്വത്തിൽ രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ സാംസ്കാരിക പരിപാടികളും പ്രമുഖരുടെ പ്രഭാഷണങ്ങളും നടക്കും. അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ന്യൂയോർക്കിലെ ഈ സമ്മേളനം.
---------------
Hindusthan Samachar / Roshith K