Enter your Email Address to subscribe to our newsletters

Newdelhi, 26 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടി വിട്ട് എതിർ ചേരിയിലേക്ക് മാറിയ 20 വിമത ലോക്സഭാ എംപിമാർക്ക് ലോക്സഭാ സ്പീക്കർ ഓം ബിർള അയോഗ്യതാ നോട്ടീസ് അയച്ചു. ഹർജികളിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് എംപിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. വിമത എംപിമാരെ അയോഗ്യരാക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെ പാർട്ടി നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്പീക്കറുടെ ഈ നിർണായക നടപടി.
തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെടുകയും കേന്ദ്രത്തിനും സ്പീക്കറുടെ സെക്രട്ടേറിയറ്റിനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സ്പീക്കർക്ക് മുൻപാകെയുള്ള അയോഗ്യതാ ഹർജികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്ന വേളയിൽ, സ്പീക്കർ ഇതിനകം എംപിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ നോട്ടീസ് അയക്കുകയല്ല, മറിച്ച് കൃത്യമായ സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് പ്രധാനം എന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി കോടതിയിൽ വ്യക്തമാക്കി.
രാഷ്ട്രീയ പശ്ചാത്തലവും തർക്കവും
പാർലമെന്റിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ 20 എംപിമാർ പാർട്ടി വിട്ട് ത്രിപുര ആസ്ഥാനമായുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ചതായി പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് സഭയിൽ ഇവർ പ്രത്യേക ബ്ലോക്കായി ഇരിക്കുകയും എൻഡിഎ സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. എന്നാൽ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച എംപിമാർ സ്വമേധയാ പാർട്ടി വിട്ടത് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്നാണ് തൃണമൂൽ കോൺഗ്രസ് വാദിക്കുന്നത്. അതേസമയം, തങ്ങളുടെ നീക്കം നിയമപരമായി സാധുവായ ലയനമാണെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം.
നോട്ടീസ് ലഭിച്ച പ്രമുഖർ
സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, യൂസഫ് പത്താൻ, സയാനി ഘോഷ്, ജൂൺ മാലിയ, ദീപക് ദേവ്, കാകോലി ഘോഷ് ദസ്തിദാർ തുടങ്ങി പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രമുഖരായ 20 ജനപ്രതിനിധികൾക്കാണ് സ്പീക്കറുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ലോക്സഭാ ചട്ടങ്ങളിലെ ഡിസ്ക്വാളിഫിക്കേഷൻ ഓൺ ഗ്രൗണ്ട് ഓഫ് ഡിഫെക്ഷൻ റൂൾസ് (1985) പ്രകാരം അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയുടെ പകർപ്പ് സഹിതമാണ് എംപിമാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം എംപിമാർ തങ്ങളുടെ വിശദീകരണം സമർപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതിയുടെ മേൽനോട്ടം കൂടി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്പീക്കറുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകും.
---------------
Hindusthan Samachar / Roshith K