ഷൗക്കത്ത് മരിച്ച സംഭവത്തില് ഗതാഗത കമ്മീഷണറുടെ റിപ്പോര്ട്ട്
Thiruvananthapuram, 27 ഓഗസ്റ്റ് (H.S.) മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തില് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങള് ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപ
Suicide attempt


Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)

മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തില് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു.

ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങള് ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള് ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടില് വ്യക്തമാക്കി. ഷൗക്കത്ത് 2021 ജൂണ് ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നല്കി. രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എഎംവിഐ മുൻപാകെ വാഹനം ഹാജരാക്കി.

എന്നാല് സർട്ടിഫിക്കറ്റ് നിരസിച്ചു. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകള്, കൂർത്ത മെറ്റല് വീല് കപ്പുകള്, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലും വെല്ഡ് ചെയ്ത സ്റ്റീല് റെയിലിങ്ങുകള്, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെല്ഡ് ചെയ്ത സ്റ്റീല് റെയിലിങ്ങുകള് എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഈ മാറ്റങ്ങള് വരുത്തിയ ശേഷം വീണ്ടും പരിശോധനയ്ക്കായി ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. വീണ്ടും പരിശോധനക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്ത് പങ്കുവെച്ചത്. സ്റ്റീല് റെയിലിങ്ങുകള് ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു. റെയിലിങ്ങുകള് കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുന്നുണ്ട്.

തള്ളിനില്ക്കുന്ന ഭാഗങ്ങള് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം. ദൃശ്യങ്ങളിലുള്ളത് പ്രേംകുമാർ എന്ന ഉദ്യോഗസ്ഥൻ. ഇയാള് 2026 മാർച്ച് 16ന് കോഴിക്കോട് രാമനാട്ടുകര സബ് ആർടിഒ ഓഫിസിലേക്ക് സ്ഥലംമാറിപ്പോയി. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി മടങ്ങിപ്പോയതിന് ശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, ഫിറ്റ്നസ് നിരസിച്ചതില് അഴിമതിയുണ്ടെന്ന ആരോപണങ്ങളില് അന്വേഷണം നടക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News