Enter your Email Address to subscribe to our newsletters

Pathanamthitta , 27 ഓഗസ്റ്റ് (H.S.)
നഗരത്തിൽ നിയന്ത്രണം വിട്ട കാര് കാല്നട യാത്രക്കാര്ക്കിടയിലേക്ക് പാഞ്ഞുകയറി. ഒരാള് മരിച്ചു. നിരവധി പേര്ക്ക് പരിക്ക്. ഫയര് സര്വീസ് റിട്ട.ഓഫിസര് പത്തനംതിട്ട കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്. വിജയ് മണ്ഡല് (18), അഷ്കര്(19), അമിത്ത്(22), അന്തോണീസ്(32), സഞ്ജത്ത് (18), ജമോഷ്(24), ഫര്മാന്(30), സൂര്യ(21), രൂപേഷ് (26 ) എന്നീ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവര് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരില് മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഹനത്തിന്റെ ഡ്രൈവര് അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനംതിട്ട ഓമല്ലൂര് സ്വദേശി വിനു (48), വിശ്വജിത്ത് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂവരും മദ്യപിച്ചതായും സംശയമുണ്ട്. കസ്റ്റഡിയിലെടുത്ത ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പൊലീസ് പറയുന്നതിങ്ങനെ: 'അപകടത്തില് പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന്' കോന്നി ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. 'സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞൂവെന്നും അദ്ദേഹം അറിയിച്ചു. മൂവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാല് മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഡിവൈഎസ്പി പറഞ്ഞു. കസ്റ്റഡിയിൽ ഉള്ള രണ്ട് പേർക്കും പരിക്കേറ്റതായും ഡിവൈഎസ്പി പറഞ്ഞു.
സെൻട്രൽ ജങ്ഷനിൽ അമിത വേഗത്തില് ഓടിച്ച് വന്ന കാര് ആദ്യം വഴിയാത്രക്കാരെയും പിന്നീട് നിരവധി വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാൽനടയാത്രക്കാർ പലരും ദൂരേക്ക് തെറിച്ചു വീണു. മരിച്ച അബുവും ദൂരേക്ക് തെറിച്ചു പോയെന്നും പിന്നാലെ നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്നും രക്ഷാപ്രവര്ത്തകരിലൊരാള് പറഞ്ഞു. ഉടന് തന്നെ അബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്ന് രക്ഷപ്രവർത്തനം നടത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടം ഉണ്ടാക്കിയവർ മദ്യപിച്ചിരുന്നതായും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച അബു ഫയര് സര്വീസില് നിന്നും റിട്ടയേര്ഡായതിന് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫിസര് ടി നൗഷാദിന്റെ നേതൃത്വത്തില് ഓഫിസര്മാരായ ജുബിന് ജോണ്സണ്, ഫ്രാന്സിസ്, അഭിലാഷ്, ടി അനു, ടി അജു, അസീം അലി, സാബിര്, അജിലേഷ്, ഹോം ഗാര്ഡുമാരായ ഡേവിഡ്, ബിജോ ജോര്ജ് എന്നിവരും നാട്ടുകാരും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR