പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി സിപിഎം
Kannur , 27 ഓഗസ്റ്റ് (H.S.) പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പാർട്ടിയിൽ ഉയർന്ന വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമിടെ സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യ
ELECTION FAILURE ANALYSIS


Kannur , 27 ഓഗസ്റ്റ് (H.S.)

പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പാർട്ടിയിൽ ഉയർന്ന വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമിടെ സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തുമായി നടക്കുന്ന യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കും. 30, 31 തീയതികളില് തുടർന്ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തളിപ്പറമ്പിലും മയ്യിലുമാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുക.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് സിപിഐഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിൻ്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയിലേക്ക് മാത്രം ചുരുക്കിയതിനെതിരെ പാർട്ടിക്ക് അകത്തുതന്നെ എതിർപ്പുകളുയർന്നു. സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന നിലവിലെ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനും പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് സിപിഎമ്മിൽ നിന്ന് പുറത്തുവന്ന പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനം നടത്തി ഈ വാദത്തെ പ്രതിരോധിച്ചു. ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച് വിമർശനം ഉയർന്നപ്പോഴും സംസ്ഥാന നേതൃത്വത്തിൻ്റെ പിടിവാശിയായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

കേന്ദ്ര-സംസ്ഥാന അവലോകനങ്ങൾക്ക് ശേഷം പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സിപിഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ പരിഗണിക്കും. ഇതിനിടയിലാണ് രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം തയ്യാറെടുക്കുന്നത്.

തളിപ്പറമ്പിൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ച തോൽവിക്ക് കാരണമായി എന്ന് വിലയിരുത്തുമ്പോൾ പയ്യന്നൂരിൽ സ്ഥാനാർഥി നിർണയത്തിൽ ഉപരിയായി പല ഘടകങ്ങളും തോൽവിക്ക് കാരണമായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. പയ്യന്നൂരിൽ വിഭാഗീയത ഉണ്ടായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ സംഘടനാതലത്തിൽ അച്ചടക്ക നടപടി ഉൾപ്പെടെ പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുന്നത്. ഒരുപക്ഷേ രാഷ്ട്രീയ വിശദീകരണത്തിന് തൊട്ടുപിന്നാലെ പയ്യന്നൂരിൽ അച്ചടക്ക നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള ആലോചനകൾ പാർട്ടിക്കകത്ത് നടന്നുവെങ്കിലും അത് സംഘടനാ പ്രതിസന്ധിയെ കൂടുതൽ ബലപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് പൊതുവിൽ പാർട്ടിക്ക് അകത്തെ വികാരം. അതിനാൽ കർശന താക്കീത് നൽകി സംഘടനാ തലത്തിൽ അഴിച്ചു പണിയാണ് സിപിഎം ഉദ്ദേശിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നേതാക്കൾ തന്നെ സഹായം നൽകിയെന്ന വിലയിരുത്തലും സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ നടത്തിയിട്ടുണ്ട്. ആയതിനാൽ അത്തരം നേതാക്കളെ മാറ്റിനിർത്തി, ജില്ലയിലെ പ്രധാന നേതാക്കൾക്ക് പയ്യന്നൂരിൽ പ്രത്യേക ചുമതല നൽകുക എന്നതിലേക്കാണ് സിപിഎം നിലവിൽ എത്തിച്ചേർന്നിരിക്കുന്ന ധാരണ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News