Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ ജനറൽ, ജില്ലാ ആശുപത്രികളിൽ അടുത്ത ആറു മാസത്തിനകം 24 മണിക്കൂറും സ്പെഷ്യാൽറ്റി സേവനങ്ങൾ ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ഇത് കെ.ജി.എം.ഒ.എ തന്നെ ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യവുമാണ്. പക്ഷേ ആവശ്യമായ മാനവവിഭവശേഷി ഉറപ്പാക്കാതെ കേവലം പുനർവിന്യാസത്തിലൂടെ ഇത് നടപ്പാക്കുന്നത് തികച്ചും അപ്രായോഗികമാണ്. അത് രോഗപ്രതിരോധത്തിൽ അധിഷ്ഠിതമായ സംസ്ഥാനത്തെ ത്രിതല പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്ന് സംഘടന ആശങ്കപെടുന്നു. നിലവിൽ നൽകി കൊണ്ടിരിക്കുന്ന സേവനങ്ങൾ മുന്നോട്ടു കൊണ്ടു പോവാൻ വേണ്ട മാനവ വിഭവശേഷി പോലും വകുപ്പിൽ ഇല്ലെന്നിരിക്കെയാണ് ശാസ്ത്രീയമായ പഠനങ്ങളില്ലാതെ തസ്‌തികളുടെ പുനർവിന്യാസത്തിലൂടെ പുതിയ പദ്ധതിക്ക് സർക്കാർ ഒരുങ്ങുന്നത്.
സമാനമായ രീതിയിൽ 24 മണിക്കൂർ സേവനം നൽകുന്ന മെഡിക്കൽ കോളേജുകളിലെ ഓരോ വിഭാഗത്തിലും ഏകദേശം നൂറോളം ഡോക്ടർമാരുടെ വലിയൊരു മനുഷ്യവിഭവശേഷിയാണുള്ളത്. ഇതിൽ 30-ഓളം ഫാക്കൽറ്റികളും, പി.ജി. യോഗ്യതയുള്ള 10-ന് അടുത്ത് സീനിയർ റസിഡന്റുമാരും, 60 ജൂനിയർ റസിഡന്റുമാരും, ഉൾപ്പെടുന്നു. ഇതിനോട് ജനറൽ, ജില്ലാ ആശുപത്രികളിലെ നിലവിലെ പരിമിതമായ ജീവനക്കാരുടെ എണ്ണത്തെ താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിരഹിതമാണ്. പല ജില്ലാ ജനറൽ ആശുപത്രികളിലും പല സ്പെഷ്യാൽറ്റികളിലും നിലവിൽ മൂന്നോ നാലോ വിദഗ്ധഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്പെഷ്യലിസ്റ്റുകൾ പകൽ സമയത്തെ ഒ.പി, ഐ.പി, തിയേറ്റർ ജോലികൾ കൂടി നിർവഹിക്കേണ്ടി വരുന്നത് ഡോക്ടർമാരുടെ ആരോഗ്യത്തെയും രോഗീസുരക്ഷയെയും ഒരുപോലെ അപകടത്തിലാക്കും എന്നതു കൊണ്ട് തന്നെ കേവലം ഓൺ-കോൾ സംവിധാനത്തിലൂടെ ഈ പദ്ധതി നടപ്പാക്കാനാവില്ല. സ്റ്റേ ഡ്യൂട്ടി എടുക്കുമ്പോൾ പരമാവധി ജോലി സമയം സംബന്ധിച്ച് വ്യക്തമായ സർക്കാർ ഉത്തരവ് നിലനിൽക്കെ, കൃത്യമായ ഷിഫ്റ്റുകൾ ക്രമീകരിച്ച് സ്റ്റേ-ഡ്യൂട്ടി നടപ്പാക്കാൻ പുതിയ സ്പെഷ്യാൽറ്റി തസ്തികകൾ ഉടൻ സൃഷ്ടിക്കേണ്ടതുണ്ട്.
നിലവിൽ നൽകിവരുന്നസേവനങ്ങൾ പോലും തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത വിധം ആരോഗ്യവകുപ്പിൽ എണ്ണൂറോളം ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. ഇതിൽ 300 ഒഴിവുകൾ സ്പെഷ്യാൽറ്റി കേഡറിലാണ്. സമയബന്ധിതമായി പ്രമോഷനുകളും കേഡർ പ്ലേസ്മെന്റുകളും നടക്കാത്തതാണ് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നത്. കൂടാതെ ജനറൽ കേഡറിൽ 476-ഉം അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ 23-ഉം ഒഴിവുകളുണ്ട്. കാസർഗോഡ്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ മാത്രം ഇപ്പോൾത്തന്നെ നൂറിലേറെ ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഇതിനുപുറമെ, അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ കാരണം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് കാഷ്വാലിറ്റി ഡ്യൂട്ടി കൂടി നോക്കേണ്ടിവരുന്നത് സ്പെഷ്യാലിറ്റി സേവനങ്ങൾ മുടങ്ങുന്നതിന് കാരണമാകുന്നു. അതിനാൽ, പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ആരോഗ്യവകുപ്പിലെ ഈ ഒഴിവുകൾ അടിയന്തരമായി നികത്താനുള്ള നടപടികൾ സ്വീകരിക്കണം.
പൊതുജനാരോഗ്യ സംവിധാനത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിക്കുന്നതും ഗ്രാമീണ ജനതയുടെ ആദ്യ ആശ്രയവുമായ സ്ഥാപനങ്ങളാണ്പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ. പ്രതിരോധ കുത്തിവെപ്പുകൾ, മാതൃ-ശിശു സംരക്ഷണം, സാംക്രമിക-ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം തുടങ്ങി സമഗ്രമായ അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന ഈ താഴെത്തട്ടിലുള്ള സ്ഥാപനങ്ങൾ ലോകപ്രശസ്തമായ കേരള ആരോഗ്യ മോഡൽ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് സുപ്രധാനമാണ്. പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ലഭിച്ചാൽ മാത്രമേ ജനറൽ, ജില്ലാ ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കുമുള്ള രോഗികളുടെ അനാവശ്യ ഒഴുക്ക് നിയന്ത്രിക്കാനും കാര്യക്ഷമമായ റഫറൽ സംവിധാനം പ്രായോഗികമാക്കാനും കഴിയൂ. അതിനാൽ, പുതിയ പദ്ധതിയുടെ പേരിൽ ഇവിടെ നിന്നും ഡോക്ടർമാരെ പിൻവലിച്ച് വലിയ ആശുപത്രികളിലേക്ക് മാറ്റുന്നത് ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നിഷേധിക്കപ്പെടുന്നതിനും ഈ പെരിഫറൽ ആശുപത്രികളുടെ പൂർണ്ണമായ തകർച്ചയ്ക്കും വഴിവെക്കും.
ഇതിനുപുറമെ, സർക്കാർ ആശുപത്രികളിൽ അടിയന്തരമായി ശക്തിപ്പെടുത്തേണ്ടത് അത്യാഹിത വിഭാഗങ്ങളെയാണ്. നിലവിൽ കടുത്ത രോഗീബാഹുല്യവും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ രൂക്ഷമായ കുറവും കാരണം, അതിഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കുപോലും സമയബന്ധിതമായി ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത ദുരവസ്ഥയാണുള്ളത്. ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും അതിക്രമങ്ങൾക്കും പ്രധാന കാരണവും ഈ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. അതിനാൽ, മേജർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ശാസ്ത്രീയമായി മുൻഗണന നൽകുന്നതിനായി കാര്യക്ഷമമായ ട്രയാജ് (Triage) സംവിധാനം കർശനമായി നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള വ്യക്തമായ ഉറപ്പുകൾ സർക്കാർ സംഘടനക്ക് നൽകിയിട്ടുള്ളതും സർക്കാർ ഉത്തരവ് തന്നെ നിലവിലുള്ളതുമാണ്.
മേൽപ്പറഞ്ഞ പ്രതിസന്ധികൾ ഒഴിവാക്കി ഈ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി, പുതിയ സ്പെഷ്യാൽറ്റി കേഡർ തസ്തികകൾ സൃഷ്ടിച്ച് പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജൻമാർക്ക് അവയിലേക്ക് പ്ലേസ്മെന്റ് നൽകുകയാണ് വേണ്ടത്. ഇതിനുപുറമെ, അടിസ്ഥാന ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വഴി അടിയന്തരമായി പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകണം. സർവ്വീസ് ക്വാട്ടയിൽ പി.ജി കരസ്ഥമാക്കി സ്വകാര്യ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികളും ഇതോടൊപ്പം ഉണ്ടാവണം.
ഡോക്ടർമാർ നേരിടുന്ന തൊഴിൽപരമായ ബുദ്ധിമുട്ടുകളും ആശുപത്രികളിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളും മുഖവിലയ്ക്കെടുത്ത്, സംഘടനയുമായി വിശദമായ ചർച്ച നടത്തിയ ശേഷം മാത്രമേ ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / Sreejith S