ഗ്രീൻഫീൽഡിൽ റൺമഴ; സെഞ്ച്വറി തിളക്കത്തിൽ കൊല്ലത്തിന്റെ അഭിഷേക്
Thiruvananthapuram , 26 ഓഗസ്റ്റ് (H.S.) പൂരങ്ങളുടെ നാട്ടുകാർക്കെതിരെ തിരുവോണ നാളിൽ സെഞ്ച്വറിത്തിളക്കവുമായി കൊല്ലത്തിന്റെ സ്വന്തം അഭിഷേക്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ അഭിഷേക് കൊടുങ്കാറ്റായ
Cricket


Thiruvananthapuram , 26 ഓഗസ്റ്റ് (H.S.)

പൂരങ്ങളുടെ നാട്ടുകാർക്കെതിരെ തിരുവോണ നാളിൽ സെഞ്ച്വറിത്തിളക്കവുമായി കൊല്ലത്തിന്റെ സ്വന്തം അഭിഷേക്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ അഭിഷേക് കൊടുങ്കാറ്റായി മാറിയപ്പോൾ കൊല്ലം സെയ്ലേഴ്സ് അടിച്ചുകൂട്ടിയത് 183 റൺസ്. 60 പന്തിൽ 11 ഫോറുകളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഈ സെഞ്ച്വറി നേട്ടം. 34 പന്തിൽ അർദ്ധശതകം തികച്ച അഭിഷേകിന് നൂറിലേക്കെത്താൻ പിന്നീട് വെറും 26 പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. പുറത്താകാതെ നൂറ് റൺസ് നേടിയ അഭിഷേകാണ് ടീമിന്റെ ടോപ് സ്കോറർ.

ഇന്നിങ്സിലെ ആറാം പന്തിൽ ആനന്ദ് ജോസഫിനെ ബൗണ്ടറി കടത്തിയാണ് അഭിഷേക് തന്റെ റൺവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ആനന്ദിന്റെ ഓവറിൽ തന്നെ തുടർച്ചയായി രണ്ട് ഫോറുകൾ കൂടി നേടിയ താരം നാസലിന്റെ പന്തിലും ബൗണ്ടറി കണ്ടെത്തി. നാലാം ഓവറെറിയാനെത്തിയ ആദിത്യ വിനോദിനെതിരെ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 14 റൺസാണ് വാരിക്കൂട്ടിയത്. പതിനൊന്നാം ഓവറിൽ ബിജു നാരായണനെ ബൗണ്ടറി കടത്തിയാണ് താരം തിരുവോണ സമ്മാനമായി കൊല്ലം ആരാധകർക്ക് ഫിഫ്റ്റി നൽകിയത്. തുടർന്ന് തൃശൂർ നായകൻ അഖിൽ എം.എസ് എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 15 റൺസ് നേടി സ്കോറിങ് വേഗം കൂട്ടി. മൂന്നാം വിക്കറ്റിൽ ആനന്ദ് കൃഷ്ണനൊപ്പം അഭിഷേക് കൂട്ടിച്ചേർത്ത 95 റൺസിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിൻ്റെ സ്കോർ ഉയർത്തുന്നതിൽ നിർണായകമായത്.

ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നായകനെ പോലെ, ക്രീസിൽ നിലയുറപ്പിച്ച താരം വളരെ പക്വതയോടെയാണ് ബാറ്റുവീശിയത്. ഈ സീസണിൽ പിറക്കുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ ആലപ്പിയുടെ വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്റുദ്ദീനും ടൂർണമെന്റിൽ സെഞ്ച്വറി നേടിയിരുന്നു. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം 236 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ അഭിഷേക് ജെ നായർ. ഉത്രാടനാളിൽ ആലപ്പിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും 32 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം അർദ്ധശതകം നേടി ടീമിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ഈ സീസണിലെ ടീമിൻ്റെ ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെയും അഭിഷേക് ഫിഫ്റ്റി തികച്ചിരുന്നു. തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ കേരള ക്രിക്കറ്റ് ലീഗിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് ഈ കൊല്ലം സെയ്ലേഴ്സ് താരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News