പോത്തുകല്ലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ.
Malappuram , 27 ഓഗസ്റ്റ് (H.S.) പോത്തുകല്ലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി നഗറിലെ നിഷയാണ് (37) മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന
Murder case


Malappuram , 27 ഓഗസ്റ്റ് (H.S.)

പോത്തുകല്ലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി നഗറിലെ നിഷയാണ് (37) മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവം കൊലപാതകമാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അപ്പൻകാപ്പിലെ വീടിന് സമീപത്തെ വാഴച്ചുവട്ടിൽ നിഷയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണമായും അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ വഴിയിലൂടെ പോയവരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം പുറത്തുവരാതിരിക്കാൻ വാഴയിലയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മൃതദേഹം ശ്രദ്ധാപൂർവം പൊതിഞ്ഞ നിലയിലായിരുന്നു. ഇത് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകല്ല് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം താമസിച്ചിരുന്ന സുരേഷ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അപ്പൻകാപ്പിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. 2002-ൽ താനുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് സുരേഷ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസമായി നിഷയെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇവർക്ക് സ്ഥിരമായി ഒരു താമസസ്ഥലം ഇല്ലാത്തതിനാലും പലപ്പോഴും ദിവസങ്ങളോളം പുറത്തുപോകാറുള്ളതിനാലും നാട്ടുകാർ കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇതാണ് മൃതദേഹം കണ്ടെത്താൻ വൈകാൻ കാരണമായത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ നിലനിന്നിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സുരേഷിൻ്റെ മുൻകാല ക്രിമിനൽ പശ്ചാത്തലവും അന്വേഷണത്തിൽ നിർണായകമാകും. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അവിടെവച്ച് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോത്തുകല്ല് പൊലീസിന് പുറമെ വിരലടയാള വിദഗ്ധരും സയൻ്റിഫിക് അസിസ്റ്റൻ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. കൊലപാതകം നടന്നത് വീടിനുള്ളിലാണോ അതോ പുറത്തുവച്ചാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രദേശവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News