നേപ്പാൾ പ്രളയം: കുടുങ്ങിയ തമിഴ്നാട്ടുകാരെ തിരികെ എത്തിക്കാൻ അടിയന്തര ഇടപെടലുമാഴി വിജയ് സർക്കാർ
Kerala, 27 ഓഗസ്റ്റ് (H.S.) നേപ്പാളിലെ മിന്നൽപ്രളയത്തിൽപ്പെട്ട കുടുങ്ങിയ തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടികളുമായി വിജയ് സർക്കാർ. ദുരന്താനന്തര സഹായങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ജ
CM Joseph Vijay


Kerala, 27 ഓഗസ്റ്റ് (H.S.)

നേപ്പാളിലെ മിന്നൽപ്രളയത്തിൽപ്പെട്ട കുടുങ്ങിയ തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടികളുമായി വിജയ് സർക്കാർ. ദുരന്താനന്തര സഹായങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ദുരന്തത്തിൽപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ എത്രയും വേഗം തിരിച്ചെത്തിക്കാനുമായി വിപുലമായ നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

നേപ്പാൾ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം ശക്തമാക്കാനും പരിക്കേറ്റവർക്കും അതിജീവിച്ചവർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനുമായി ന്യൂഡൽഹി തമിഴ്‌നാട് ഹൗസ് റസിഡൻ്റ്‌ കമ്മീഷണർ ആശിഷ് കുമാർ ഐ.എ.എസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തോട് കാഠ്മണ്ഡുവിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ദുരന്തത്തിൽപ്പെട്ട തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഈ സംഘത്തിൻ്റെ പ്രധാന ചുമതല.

കേന്ദ്ര സർക്കാരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നാല് മുതിർന്ന മന്ത്രിമാരെ മുഖ്യമന്ത്രി ഡൽഹിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത്, വിദ്യാഭ്യാസ, കൃഷി, പ്രവാസി തമിഴർ ക്ഷേമം എന്നീ വകുപ്പുകളിലെ മന്ത്രിമാരാണ് ഡൽഹിയിലെത്തി പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. രക്ഷപ്പെടുത്തിയവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും അവരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാനും ഈ മന്ത്രിതല സംഘം മേൽനോട്ടം വഹിക്കും. സംസ്ഥാന സർക്കാരിൻ്റെ കൺട്രോൾ റൂമുകൾ വഴി നേപ്പാളിലെ സ്ഥിതിഗതികൾ തമിഴ്‌നാട് ഒഫീഷ്യലുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

കൈലാസ മാനസസരോവർ യാത്രയ്ക്കായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും പുതുച്ചേരിയിൽ നിന്നുമായി പോയ 103-ഓളം തമിഴ് യാത്രികരാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. കുംഭകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി പോയ 57 അംഗ സംഘത്തിലെ 37 പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമല്ല. കനത്ത മഴയും മലവെള്ളപ്പാച്ചിലും കാരണം ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് ഇവരെ കണ്ടെത്താൻ തടസ്സമാകുന്നത്. ഇതേ സംഘത്തിലെ 20 പേർ നിലവിൽ അതിർത്തിക്കടുത്തുള്ള ആംഡ് പൊലീസ് ഫോഴ്‌സ് ഔട്ട്‌പോസ്റ്റിൽ സുരക്ഷിത താവളങ്ങളിലെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, മിന്നൽപ്രളയത്തിൽ പെട്ടുപോയ മുന്നൂറോളം ഇന്ത്യൻ വിനോദസഞ്ചാരികളെയും തീർഥാടകരെയും രക്ഷിക്കാനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ ആരംഭിച്ചു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും അതിജീവിച്ചവർക്ക് സുരക്ഷിത താവളമൊരുക്കാനുമായി നേപ്പാൾ സർക്കാരുമായും പ്രാദേശിക അധികൃതരുമായും ചേർന്ന് എംബസി യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.

പ്രളയം വൻ നാശനഷ്ടം വിതച്ച റസുവ, തിമുരെ മേഖലകളിൽ കുടുങ്ങിയവരെ വ്യോമമാർഗ്ഗവും റോഡ് മാർഗ്ഗവും രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസി നേപ്പാൾ ദുരന്തനിവാരണ സേനയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൈലാസ മാനസസരോവർ യാത്രയ്ക്ക് പോയ 50-ഓളം തീർത്ഥാടകർ ഉൾപ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സൈന്യത്തിൻ്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് എംബസി എക്സിലൂടെ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News