Enter your Email Address to subscribe to our newsletters

Kasaragod , 27 ഓഗസ്റ്റ് (H.S.)
തിരുവോണം കഴിഞ്ഞാൽ വാനരന്മാരുടെ ഊഴമാണ്. അവിട്ടം ദിനത്തിൽ സദ്യക്കായി അവർ കാത്തിരിക്കും. തൃക്കരിപ്പൂർ ഇടയിലക്കാടിലാണ് വാനര സദ്യ ഇത്തവണയും കെങ്കേമമായി നടന്നത്. കാവിലെ വാനരപ്പടയുടെ ഓണ സദ്യയിൽ ഇക്കുറിയും വാനരന്മാർ ആവേശത്തോടെ പങ്കുചേർന്നു. സാധാരണയായി കിട്ടാത്ത പഴുത്തചക്കച്ചുളകൾ ആർത്തിയോടെ കഴിച്ച് ഏമ്പക്കമിട്ടും വിക്രിയകൾ കാട്ടിയും വാനരസംഘം ആഘോഷത്തെ ഒന്നാകെ തൂക്കി.
പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ കുട്ടികളുടെ ഘോഷയാത്രയിൽ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് സദ്യയ്ക്ക് താരപ്പൊലിമ പകർന്നു. വാനരപ്പടയെ വിളിച്ച് വാഴയിലയിൽ ഉപ്പു ചേർക്കാത്ത ചോറ് വിളമ്പി സദ്യവട്ടങ്ങൾക്ക് തുടക്കമിട്ടതും കുഞ്ഞികൃഷ്ണൻ തന്നെ.
മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇടയിലക്കാട് കാവിലെ വാനരന്മാർക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വെച്ചാണ് സദ്യയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. അസുഖം മൂലം കിടപ്പിലായ മാണിക്കമ്മയെ സന്ദർശിച്ച് വിശിഷ്ടാതിഥികൾ സാന്ത്വനം പകർന്നു. മാണിക്കമ്മയുടെ കുടുംബാംഗങ്ങളാണ് സദ്യയ്ക്കായി തയാറാക്കിയ വിഭവങ്ങൾ കൈമാറിയത്.
വീടുതൊട്ട് ഓണപ്പാട്ടുകൾ പാടി കുട്ടികളും മുതിർന്നവരും വിഭവങ്ങൾ കയ്യിലേന്തി ഘോഷയാത്രയോടെ കാവിലേക്ക് നീങ്ങി. ഇക്കുറി പത്തൊൻപതാം വർഷത്തിലേക്ക് കടന്ന വാനരസദ്യയിൽ 19 വിഭവങ്ങളാണ് വിളമ്പിയത്. ചോറിന് പുറമെ ചക്ക, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരിക്ക, വെള്ളരിക്ക, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിൾ, സബർജല്ലി, മത്തൻ, കോവയ്ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വട്ടത്തിലും നീളത്തിലുമൊക്കെയായി മുറിച്ച് വിളമ്പിയത്.
ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളവും നൽകി. പഴങ്ങളും പച്ചക്കറികളും ആവോളം കഴിച്ചും ഗ്ലാസെടുത്ത് വെള്ളം കുടിച്ചും അണ്ണാക്കിൽ നിറയെ ഭക്ഷണ സാധനങ്ങൾ ചവയ്ക്കാതെ വെച്ചും വയറു നിറച്ചും ചിലർ കൊഞ്ഞനം കുത്തി.
വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പറും ബാലവേദി കൺവീനറുമായ എം ബാബുവിൻ്റെ സ്വാഗത ഭാഷണത്തോടെയായിരുന്നു സദ്യയുടെ തുടക്കം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ, ജോയിൻ്റ് സെക്രട്ടറി പി വി ദിനേശൻ, സിനിമാ നടൻ കെ യു മനോജ്, പത്മനാഭൻ വെളിച്ചപ്പാടൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ സുലോചന, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, പരിസ്ഥിതി പ്രവർത്തകരായ ആനന്ദ് പേക്കടം, കെ വി കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR