Enter your Email Address to subscribe to our newsletters

Pattyala, 27 ഓഗസ്റ്റ് (H.S.)
പഞ്ചാബിലെ സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച 'മഹാബന്ദിൻ്റെ' ഭാഗമായി പട്യാലയിൽ വൻ പ്രതിഷേധം. വിവിധ വകുപ്പുകളിലെ ജീവനക്കാർ ഡി സി ഓഫീസിൽ നിന്ന് പ്രകടനമായി എത്തി കാബിനറ്റ് മന്ത്രി ഡോ. ബൽബീർ സിങ്ങിൻ്റെയും എംഎൽഎ അജിത് പാൽ സിംഗ് കോഹ്‌ലിയുടെയും വസതികൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടയിൽ ജീവനക്കാർ ബാരിക്കേഡുകൾ തകർത്തത് അൽപനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സർക്കാർ ജീവനക്കാരുടേയും പെൻഷൻ ഉപയോക്താക്കളുടേയും ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്കി പഞ്ചാബിലെ സർക്കാർ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. ഡിഎ ഉൾപ്പെടെയുള്ള എട്ട് ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടേയും സംഘടനയായ 'സഞ്ജ മുലാസം മഞ്ച് പഞ്ചാബ് & യുടി'യാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. 52 സർക്കാർ വകുപ്പുകളിൽ നിന്നായി ഏഴ് ലക്ഷത്തിലധികം സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും പണിമുടക്കിൽ പങ്കാളികളായി.
രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അത്യാഹിത വിഭാഗവും ലേബർ റൂം സേവനങ്ങളും ഒഴികെയുള്ള ഒപിഡി സേവനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചാണ് ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുത്തത്. അടിയന്തര സാഹചര്യങ്ങളിൽ വരുന്ന രോഗികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടിവരില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എല്ലാ സർക്കാർ ഓഫീസുകളും ആശുപത്രികളും ഡിസ്പെൻസറികളും ഇന്ന് അടച്ചിട്ട നിലയിലായിരുന്നു. ബട്ടിൻഡയിലെ ആശുപത്രികളും ശൂന്യമായിരുന്നു. ഇന്ന് ഡോക്‌ടർമാർ ഒപി സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും രോഗികളുടെ താൽപ്പര്യം കണക്കിലെടുത്ത് അടിയന്തര സേവനങ്ങളും ലേബർ റൂം സേവനങ്ങളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും പഞ്ചാബ് സിവിൽ മെഡിക്കൽ സർവീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ. സുമേത് സിങ് പറഞ്ഞു.
വളരെക്കാലമായി നിലനിൽക്കുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഡിഎ നൽകാൻ അനുമതി നൽകിയിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ ചില വിഭാഗങ്ങൾക്ക് നൽകുന്ന ഈ ആനുകൂല്യം ബാക്കിയുള്ള ജീവനക്കാർക്ക് കൂടി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കലും ഡിഎയുടെ കുടിശിക ഗഡുക്കൾ പുനഃസ്ഥാപിക്കലും ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളാണെന്നും ഡോ. സുമേത് സിങ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S