സമുദ്രമത്സ്യ മേഖലയിൽ കൈകോർക്കാൻ ഇന്ത്യയും സെയ്ഷെൽസും
Ernakulam , 27 ഓഗസ്റ്റ് (H.S.) സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര സമുദ്രസമ്പദ്വ്യവസ്ഥ (ബ്ലൂ ഇക്കോണമി), സമുദ്രകൃഷി എന്നിവയിൽ ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സെയ്ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്
INDO SEYCHELLES TIES


Ernakulam , 27 ഓഗസ്റ്റ് (H.S.)

സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര സമുദ്രസമ്പദ്വ്യവസ്ഥ (ബ്ലൂ ഇക്കോണമി), സമുദ്രകൃഷി എന്നിവയിൽ ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സെയ്ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സന്ദർശിച്ചു. സെയ്ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഉന്നതതല സംഘമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിയത്.

കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, സമുദ്രത്തിലെ മത്സ്യ ലഭ്യത നിർണയിക്കൽ (ഫിഷ് സ്റ്റോക് അസസ്മെൻ്റ്), കടൽപ്പായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികൾച്ചർ തുടങ്ങിയ മേഖലകളിൽ സിഎംഎഫ്ആർഐ കൈവരിച്ച പ്രമുഖ സാങ്കേതിക നേട്ടങ്ങളും ഗവേഷണ പുരോഗതിയും പ്രതിനിധിസംഘം നേരിട്ട് വിലയിരുത്തി. കാർഷിക-മത്സ്യമേഖലകളിൽ ഇന്ത്യയുമായി പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായും (ഐസിഎആർ) ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്ഗ്രോ വ്യക്തമാക്കി. ഈ കരാറിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ഇത്തരമൊരു സന്ദർശനം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശന വേളയിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് സ്ഥാപനത്തിൻ്റെ പ്രധാന ഗവേഷണ പദ്ധതികളും വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതികവിദ്യകളും വിദേശ പ്രതിനിധികൾക്ക് വിശദീകരിച്ചു. സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ വിവരശേഖരണ കേന്ദ്രവും ആധുനിക സ്റ്റോക് അസസ്മെൻ്റ് രീതികളും സംഘം സന്ദർശിച്ചു വിലയിരുത്തുകയുണ്ടായി. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനോടൊപ്പം തന്നെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ചുപോരുന്ന സന്തുലിതമായ നയരൂപീകരണ രീതികളെക്കുറിച്ചും സംഘം പ്രത്യേകം ചോദിച്ചറിഞ്ഞു.

വരുംദിവസങ്ങളിൽ സാങ്കേതിക വിജ്ഞാന കൈമാറ്റം, വിദഗ്ധ നൈപുണ്യ വികസനം, ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ പങ്കാളികളാകുന്ന സംയുക്ത ഗവേഷണങ്ങൾ എന്നിവയിലൂടെ പരസ്പര സഹകരണം വിപുലപ്പെടുത്താൻ യോഗത്തിൽ ധാരണയായി. സെയ്ഷെൽസിലെ പ്രമുഖ ഫിഷറീസ്, നയരൂപീകരണ ഉദ്യോഗസ്ഥരും സിഎംഎഫ്ആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ വകുപ്പ് മേധാവികളും ഉന്നതതല ചർച്ചയിൽ പങ്കെടുത്തു. ഈ സഹകരണം ഇരുരാജ്യങ്ങളിലെയും സമുദ്രമത്സ്യ മേഖലയ്ക്ക് പുതിയ മുന്നേറ്റം നൽകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News