ഇടുക്കിയിൽ ജീവൻ്റെ കാവലാളായി എസ് ഐ ബിബിൻ, സല്യൂട്ടടിച്ച് കേരളം
Idukki , 27 ഓഗസ്റ്റ് (H.S.) വർഗീസേട്ടാ, അത് അഴിക്ക്... ഒരു മകനാണെന്നുള്ള നിലയ്ക്കാണ് ഞാൻ പറയുന്നത്. കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം... വാതിലടച്ച് കഴുത്തിൽ കുരുക്കിട്ട് നിന്ന ഒരു മനുഷ്യൻ്റെ ജീവൻ, വാക്കുകളുടെ സാന്ത്വനത്താ
SUICIDE ATTEMPT IDUKKI


Idukki , 27 ഓഗസ്റ്റ് (H.S.)

വർഗീസേട്ടാ, അത് അഴിക്ക്... ഒരു മകനാണെന്നുള്ള നിലയ്ക്കാണ് ഞാൻ പറയുന്നത്. കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം... വാതിലടച്ച് കഴുത്തിൽ കുരുക്കിട്ട് നിന്ന ഒരു മനുഷ്യൻ്റെ ജീവൻ, വാക്കുകളുടെ സാന്ത്വനത്താൽ തിരികെപ്പിടിച്ചപ്പോൾ ഈ ഓണനാൾ ഇടുക്കി പൊലീസിനും നാടിനും നൽകുന്നത് മാനവികതയുടെ വലിയൊരു സന്ദേശമാണ്. ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിബിൻ്റെ സമയോചിതമായ ഇടപെടലും വാത്സല്യത്തോടെയുള്ള ആശ്വാസവാക്കുകളുമാണ് ഒരു കുടുംബനാഥനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

സംഭവം ഇങ്ങനെ

കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി സ്വദേശിയായ മധ്യവയസ്ക്കൻ മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കാൻ തുനിയുകയായിരുന്നു. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ട് ഭയന്നുപോയ ഇയാളുടെ ഇളയമകൾ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചു. സന്ദേശം ലഭിച്ച നിമിഷത്തിനുള്ളിൽ തന്നെ എസ്ഐ ബിബിനും സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. വീട്ടിലെത്തി മുറിയുടെ ജനലിലൂടെ നോക്കിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന ഗൃഹനാഥനെയാണ് പൊലീസ് കണ്ടത്. ബലം പ്രയോഗിച്ച് വാതിൽ പൊളിച്ചാൽ അപകടത്തിന് കാരണമായേക്കാം എന്ന് തിരിച്ചറിഞ്ഞ എസ്ഐ ബിബിൻ ജനലഴിക്കുള്ളിലൂടെ ഇയാളോട് സംസാരിക്കാൻ തുടങ്ങി.

വർഗീസേട്ടാ... ഒരു 10 മിനിറ്റ് ഞങ്ങളോട് സംസാരിക്കാമോ? നിങ്ങൾ പ്രതിയൊന്നുമല്ലല്ലോ... ഞാൻ ഈ സ്റ്റേഷനിൽ ചാർജ് എടുത്തിട്ട് രണ്ട് ദിവസമേ ആയുള്ളൂ. കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു മകൻ്റെ സ്ഥാനത്ത് നിന്ന് ഞാൻ തീരുമാനം എടുത്തുതരാം. അത് അഴിക്ക് ചേട്ടാ... എല്ലാ സഹായവും ഞങ്ങൾ ചെയ്ത് തരാം, എന്ന് തികച്ചും വ്യക്തിപരമായ അടുപ്പത്തോടെയും ഉറപ്പോടെയും പറഞ്ഞുകൊണ്ട് ആ പൊലീസ് ഉദ്യോഗസ്ഥൻ ചേർത്തുപിടിക്കുകയായിരുന്നു.

ജീവിതത്തിലേക്ക് മടക്കം

ഒരു പൊലീസുകാരൻ എന്നതിലുപരി ഒരു മകനെപ്പോലെ അരികിൽ നിന്ന് നൽകിയ ഉറപ്പിലും കരുതൽ നിറഞ്ഞ വാക്കുകളിലും ആ മനുഷ്യൻ്റെ ഉള്ളിലെ നിരാശ അലിഞ്ഞുപോയി. ഒടുവിൽ കഴുത്തിലെ കുരുക്ക് അഴിച്ച് മാറ്റി അദ്ദേഹം മുറിയുടെ വാതിൽ തുറക്കാൻ തയ്യാറായി. തുടർന്ന് എസ്ഐ ബിബിൻ വീടിനുള്ളിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഉത്രാടനാളിൽ ഒരു ജീവൻ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഇടുക്കി പൊലീസും നാടും.

മാതൃകാപരമായ സമീപനമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ

ആത്മഹത്യയുടെ വക്കിൽ നിന്ന ഒരു മനുഷ്യനെ സ്നേഹത്തോടെ ജീവിതത്തിലേക്ക് തിരികെ വിളിച്ച എസ്ഐ ബിബിനും സംഘത്തിനും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. അതേസമയം, ഇടുക്കി പൊലീസ് അധികൃതരുടെ ഇടപെടലിനെ മനുഷ്യ കേന്ദ്രീകൃതമായ മാതൃകയായി വകുപ്പിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. എസ്ഐ ബിബിനും സംഘവും നടത്തിയ ഉടനടിയുള്ള പ്രതികരണം ജനസൗഹൃദ പൊലീസിങ്ങിൻ്റെ യഥാർത്ഥ സത്തയെ പ്രകടമാക്കുന്നു. നിമിഷങ്ങൾ മാത്രം കൈയിൽ പിടിച്ചുകൊണ്ട് ഉദ്യോഗസ്ഥർ അധികാരം ഉപയോഗിക്കുക മാത്രമല്ല, ജീവൻ അപകടപ്പെടുത്തുന്ന ഒരു പ്രതിസന്ധിയെ തരണം ചെയ്തെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, ഒരു മകനെപ്പോലെ കൂടെനിൽക്കുമെന്ന് ജനാലയിലൂടെ പറഞ്ഞതിൻ്റെ വൈകാരിക അനുഭവത്തെക്കുറിച്ച് എസ്ഐ ബിബിൻ പ്രതികരിച്ചു. ആ നിമിഷം തങ്ങളുടെ ശ്രദ്ധ അയാളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിലല്ല, മറിച്ച് അയാളുടെ സ്വന്തം കുടുംബാംഗങ്ങളെന്ന നിലയിലായിരുന്നു. അയാളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങൾ എന്തുതന്നെയായാലും ഒരുമിച്ച് പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം ആ വാക്കുകൾ വിശ്വസിച്ചു. ഉടൻ കഴുത്തിൽ മുറുക്കിയ കുരുക്ക് അഴിച്ച് വാതിൽ തുറന്നപ്പോൾ സന്തോമാണുണ്ടായത് എന്ന് എസ്ഐ ബിബിൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News