മോട്ടോർ വാഹന വകുപ്പ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു.
Malappuram , 27 ഓഗസ്റ്റ് (H.S.) മോട്ടോർ വാഹന വകുപ്പ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് ആത്മഹത്യ ചെയ്തത്. വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്ക
MALAPPURAM AUTO DRIVER DEATH


Malappuram , 27 ഓഗസ്റ്റ് (H.S.)

മോട്ടോർ വാഹന വകുപ്പ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് ആത്മഹത്യ ചെയ്തത്. വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ച് ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കില് പങ്കുവച്ചാണ് ഷൗക്കത്ത് ജീവനൊടുക്കിയത്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എൻ്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജൻ്റ്, എവിഡി ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എൻ്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എൻ്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.

അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടതെന്നും കുറിപ്പിലുണ്ട്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എൻ്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിൻ്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.

ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എൻ്റെ ആത്മാഹത്യ അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിൻ്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. എൻ്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ എവിഡി ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എൻ്റെ വണ്ടി അണ്ഫിറ്റ് ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടഫൈ ചെയ്തതും പ്രസ്തുത എവിഡി തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എൻ്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും എംവിഡി ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നുവെന്നും കുറിപ്പിലുണ്ട്.

ഏജൻ്റ് സംവിധാനമാണ് എംവിഡി അഴിമതിയുടെ പ്രധാന കാരണം . ഇത് അവസാനിച്ചാൽ 80% അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എൻ്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ഐഎഎസ് എഴുതിയ 'സിസ്റ്റം ഔട്ട് കംപ്ലീറ്റ് ' ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാമെന്നും അദ്ദേഹം കുറിച്ചു.

അഴിമതി തുലയട്ടെ.. ജനാധിപത്യം എന്നത് കേവലം ഒരു ഭരണരൂപം മാത്രമല്ല. അത് പ്രാഥമികമായി ഒന്നിച്ചുചേർന്നുള്ള ഒരു ജീവിതരീതിയും, പരസ്പരം പങ്കുവെക്കപ്പെടുന്ന അനുഭവങ്ങളുമാണ്. എന്ന ഡോ. ബി.ആർ. അംബേദ്കറുടെ വചനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

മരണത്തിന് ശേഷം എന്ത്?

മരണത്തിന് ശേഷം തൻ്റെ മൃതദേഹം എന്ത് ചെയ്യണമെന്നതെന്നും ഷൗക്കത്ത് ഫേസ്ബുക്കില് കുറിച്ചിട്ടുണ്ട്. എൻ്റെ ശവം അതായത് മയ്യിത്ത് മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. വിഷയം ഒരു മെഡിക്കോ ലീഗല് കേസ് ആയതിനാലും അനാട്ടമി നിയമത്തിലെ ചില നിര്ദേശങ്ങള് കാരണവും എൻ്റെ ശവം പഠനത്തിന് എടുക്കുന്നതിൽ ചില നിയമ തടസ്സങ്ങളുണ്ട്. നിയമം നിർമിച്ചത് മനുഷ്യർ തന്നെയായത് കൊണ്ട് അതിനെ ഡൈലൂട്ട് ചെയ്തോ ലൂപ് ഹോള് ഉപയോഗിച്ചോ എൻ്റെ മയ്യിത്തിനും അനാട്ടമി ടേബിളിൽ ഒരു ഇടം തരാവുന്നതാണ്. പകരം പള്ളിക്കാട്ടിൽ കിടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അദ്ദേഹം കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News