Enter your Email Address to subscribe to our newsletters

Ernakulam , 26 ഓഗസ്റ്റ് (H.S.)
ഗീതു മോഹൻദാസിന്റെ സംവിധാനത്തില് ഇന്ന് തിയേറ്ററുകളില് എത്തിയ യഷ് സിനിമ ടോക്സിക്കിനെ വിമർശിച്ച് മുൻ ബിഗ് ബോസ് താരവും റിവ്യൂവറുമായ സായ് കൃഷ്ണ.
തിയേറ്ററില് ഇരുന്നിട്ട് ഭ്രാന്തെടുത്തുവെന്നും ഏത് വഴിക്ക് ഇറങ്ങി ഓടണമെന്ന് പോലും പിടിത്തമുണ്ടായില്ലെന്നും മരവിച്ച അവസ്ഥയായിരുന്നുവെന്നും സായ് കൃഷ്ണ. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യരുതെന്ന് പറഞ്ഞ ഗീതു മോഹൻദാസ് ടോക്സിക്കില് ചെയ്ത് വെച്ചിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണെന്നും സായ് കൃഷ്ണ പറഞ്ഞു.
താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തിയേറ്ററില് ഇരുന്നിട്ട് ഭ്രാന്തെടുത്തു. ഏത് വഴിക്ക് ഇറങ്ങി ഓടണം എന്ന് പോലും പിടിത്തമുണ്ടായില്ല. പിന്നെ മരവിച്ചുപോയി. കൈയ്യും കാലും മരവിച്ചിട്ട് എന്താണ് ചെയ്യേണ്ടതെന്ന് മനസിലാവുന്നില്ലായിരുന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് മലപ്പുറത്ത് നിന്നും കോഴിക്കോട് വന്നാണ് സിനിമ കണ്ടത്.
എന്നിട്ടും മരവിച്ച് തിരിച്ച് പോകേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. എന്ത് സാധനമാണ് എടുത്ത് വെച്ചിരിക്കുന്നത്?. 500 കോടി ബജറ്റില് ഒരു സിനിമ തയ്യാറാക്കുമ്പോള് കുറഞ്ഞ പക്ഷം ആ സിനിമയ്ക്ക് ഒരു കഥ വേണം. കഥ മോശമാണെങ്കില് തിരക്കഥയിലൂടെ മെച്ചപ്പെടുത്താൻ സംവിധായകൻ ഒരു എഫേർട്ട് ഇടണം. ഇതില് അതൊന്നും ഉണ്ടായില്ല. യഷ് പതിനായിരം ആളുകളെ കൊന്നുവെന്ന് കാണിക്കാൻ സിനിമ എടുത്തതാണോ?.
ആളുകള് മരിക്കുന്നതിന് പോലും സിനിമയില് ഒരു കയ്യും കണക്കുമില്ല. ഞാൻ ഇന്നേവരെ ഒരു സിനിമയിലും ഇത്രയധികം പേർ മരിക്കുന്നത് കണ്ടിട്ടില്ല. ഫാന്റസിയും ഫെയറി ടെയ്ലുമെല്ലാമാകാം. ലോജിക്ക് വേണമെന്നും വാശിപിടിക്കുന്നില്ല. എന്നിരുന്നാലും ലോജിക്ക് ഇല്ലായ്മയിലും ഉണ്ടാകണമല്ലോ ഒരു ലോജിക്ക്. അതുപോലും ഉണ്ടായിരുന്നില്ല.
അച്ഛൻ-മകൻ റിവഞ്ച് കഥയാണ് സിനിമ പറയുന്നത്. നയൻതാര സിനിമയില് യഷിന്റെ ചേച്ചിയുടെ റോളാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് അനിയൻ-ചേച്ചി പാസം കാണിച്ചിട്ടുണ്ട്. റായൻ എന്ന കഥാപാത്രം ബില്ഡായി വരുമ്പോള് പ്രേക്ഷകന് കണ്ഫ്യൂഷൻ ഉണ്ടാകുന്നുണ്ട്. അത് തിരക്കഥയിലെ പാളിച്ചയാണ്. ഒരു മിനിറ്റ് കണ്ണ് തെറ്റിയാല് കഥയൊന്നും മനസിലാവില്ല. പിന്നെ ഗ്രാഫിക്സ്... പ്രേം നസീറിന്റെ കാലത്ത് ഉള്ളതുപോലെയായിരുന്നു.
മാസ് നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന യഷിനെ പോലൊരു നടനെ കയ്യില് കിട്ടിയിട്ട് പ്രയോജനപ്പെടുത്താതെ അയാളെ എലിവാണം പോലെയാക്കിയതായി തോന്നി. ഒരു രീതിയില് മാസിന്റെ അടുത്ത് പോലും യഷിന് എത്താൻ കഴിഞ്ഞില്ല. റോക്കിയുടെ ഏഴ് അയലത്ത് എത്താൻ പറ്റിയിട്ടില്ല. ഈ സിനിമയില് എനിക്ക് ആകെ ബോധിച്ചത് നയൻതാരയുടെ കഥാപാത്രവും പ്രകടനവുമാണ്.
രുക്മിണി വസന്തൊക്കെ എന്തിനാണ് സെക്കന്റ് ഹാഫില് അഭിനയിച്ചത് എന്നതുപോലും മനസിലായില്ല. ഇമോഷണലി സിനിമ കണക്ടായിട്ടില്ല. ഓവർ ആക്ടിങ് കണ്ട് തലവേദനിച്ചു. വല്ലാത്ത വെറുപ്പിക്കല് സിനിമയായിരുന്നു. ഒന്നോ രണ്ടോ സീൻ ഓക്കെ എന്നൊരു ഫീല് തന്നു. ബീജിഎം പോലും നല്ലതില്ല. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യരുതെന്ന് പറഞ്ഞ ആളുകള് ടോക്സിക്കില് ചെയ്ത് വെച്ചിരിക്കുന്നത് കാണണം. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്.
അതുപോലെ സുദേവ് നായറിന്റെ കഥാപാത്രം എന്തോ വലിയ സംഭവമാണ് എന്നൊക്കെ അണിയറപ്രവർത്തകർ പൊക്കിയടിക്കുന്നത് കണ്ടിരുന്നു. പക്ഷെ പുള്ളിക്ക് ആകെ ഒരു ഡയലോഗ് മാത്രമെ സിനിമയിലുള്ളു. കാട്ടാളനിലെ ഹാനാൻഷായുടെ അവസ്ഥ സുദേവിന് സംഭവിച്ചു എന്നാണ് തോന്നിയത്.
എന്തിനാണ് പിന്നെ സുദേവിന്റെ കഥാപാത്രത്തെ അഭിമുഖങ്ങളില് പൊക്കിയടിച്ചത്. സിനിമ എഡിറ്റ് ചെയ്ത എഡിറ്റർക്ക് ഭ്രാന്തായിട്ടുണ്ടാകും. ഒരു തരത്തിലും കൊള്ളാത്ത സിനിമ എന്നുമാണ് പടം കണ്ടിറങ്ങിയശേഷം സായ് കൃഷ്ണ പറഞ്ഞത്. കേരളത്തില് നിന്നും നെഗറ്റീവ് റെസ്പോണ്സാണ് കൂടുതലും സിനിമയ്ക്ക് ലഭിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR