Enter your Email Address to subscribe to our newsletters

Amaravathi, 27 ഓഗസ്റ്റ് (H.S.)
ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ വാഹനാപകടത്തില്‍ എഴ് മരണം. സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ചിലക്കലൂരിപേട്ട ക്രോസ് റോഡിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വിജയവാഡയില്‍ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവല്‍സ് ബസ് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് 15 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ഒരാള്‍ ചിലക്കലൂരിപേട്ട സര്‍ക്കാര്‍ ആശുപത്രിയിലും വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ കുറവായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തകര്‍ന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. ദേശീയപാതയില്‍ നടന്ന ഈ അപകടം ഏറെ നേരം ഗതാഗതക്കുരുക്കിനും കാരണമായി.
ചിലക്കലൂരിപേട്ട മണ്ഡലത്തിലെ വേലൂരു ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്. ബാപട്‌ല ജില്ലയിലെ കൊണ്ടമഞ്ചുലൂരില്‍ നടന്ന ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂര്‍ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗട്ടുപ്പള്ളി സുവര്‍ത്ത (45), മറിയമ്മ (45) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു ഗ്രാമത്തിലെ ഏഴ് പേര്‍ ഒന്നിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് വേലൂരു നിവാസികള്‍. സന്തോഷത്തോടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ ജീവനില്ലാതെ തിരിച്ചെത്തിയത് ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി.
അപകടവിവരം അറിഞ്ഞയുടന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് റോഡില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ദേശീയപാതയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S