മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും, രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം
Thiruvananthapuram , 27 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ തലത്തിൽ ഉന്നതതല അന്
മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും, രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം


Thiruvananthapuram , 27 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ തലത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഐ.എ.എസ് വിഷയം നേരിട്ട് അന്വേഷിക്കും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്താണ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥരുടെ നടപടികളിൽ മനംനൊന്ത് സ്വന്തം ജീവനൊടുക്കിയത്. ഉപജീവനമാർഗ്ഗമായ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയിട്ടും അനുമതി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ കടുത്ത മാനസിക വിഷമത്തിലായത്.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ദാരുണ അന്ത്യം

ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങളും മാനസിക ബുദ്ധിമുട്ടുകളും തുറന്നുപറഞ്ഞുകൊണ്ട് ഷൗക്കത്ത് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ വാഹനത്തിന് അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണെന്നും, ഇത് തന്റെ നിത്യജീവിതത്തെയും വരുമാനത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്. ഈ ഫേസ്ബുക്ക് കുറിപ്പ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം പുറത്തറിഞ്ഞതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികാര മനോഭാവത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ പൊതുസമൂഹത്തിൽ നിന്നും മറ്റ് ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകളിൽ നിന്നും വൻ ജനരോഷമാണ് ഉയർന്നത്. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന സാധാരണക്കാരെ ഓഫീസുകൾ തോറും നടത്തിച്ച് ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

അടിയന്തര അന്വേഷണത്തിലേക്ക് സർക്കാർ

വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയോട് നേരിട്ട് അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശം നൽകിയത്. വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അനാവശ്യ വൈകിക്കലോ ഉണ്ടായോ, ചട്ടലംഘനങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കും.

രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഒരു സാധാരണ ഡ്രൈവറുടെ ദാരുണമായ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News