Enter your Email Address to subscribe to our newsletters

Neppal, 27 ഓഗസ്റ്റ് (H.S.)
നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 160 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 579 പേര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ, ദുരന്തമേഖലയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 133 ഇന്ത്യക്കാരെയാണ് നേപ്പാളില്‍ കാണാതായിട്ടുള്ളത്. വിനോദസഞ്ചാരികളായി എത്തിയ നാനൂറിലധികം വിദേശികളെയും കാണാതായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 142 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അതിനാല്‍ വ്യോമസേനയുടെ എംഐ 17, ധ്രുവ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ സമാനമായ മിന്നല്‍പ്രളയത്തില്‍ ഒരു ഗ്രാമം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. നേപ്പാളിലും സമാനമായ രീതിയില്‍ നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.
നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാദൗത്യത്തില്‍ ഇന്ത്യയും ചൈനയും പങ്കുചേര്‍ന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. വ്യോമസേനയുടെ വിമാനത്തില്‍ പത്ത് ടണ്‍ അവശ്യസാധനങ്ങള്‍ കഴിഞ്ഞ ദിവസം നേപ്പാളില്‍ എത്തിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ നേപ്പാളിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേപ്പാളില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഊര്‍ജിതമാക്കി. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 36 അംഗ സംഘം ഉള്‍പ്പെടെ 48 മലയാളികള്‍ നേപ്പാളില്‍ ഉള്ളതായാണ് സര്‍ക്കാരിന് ലഭിച്ച പ്രാഥമിക വിവരം. വിനോദസഞ്ചാരത്തിന് പോയ 32 പേരുടെ കുടുംബങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ 18 പേരുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു. ഇവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബാക്കിയുള്ള 14 പേരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്തമേഖലയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നതാണ് ഇവരെ ബന്ധപ്പെടുന്നതിന് തടസമാകുന്നത്. സുരക്ഷിതരാണെങ്കില്‍ പോലും പുറത്തേക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനുപുറമെ നോര്‍ക്ക വഴി 16 പേരുടെ വിവരങ്ങള്‍ കൂടി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അടിയന്തരമായി ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഇവരെ കണ്ടെത്താനും ആശയവിനിമയം നടത്താനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായും എംബസിയുമായും ചീഫ് സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S