Enter your Email Address to subscribe to our newsletters

Kerala, 27 ഓഗസ്റ്റ് (H.S.)
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ജിമ്മിന് പുറത്ത് വച്ചാണ് അജ്ഞാതരായ അക്രമികള്‍ അങ്കിതിന് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു വച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. വര്‍ക്കൗട്ടിന് ് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ സംഘം അങ്കിതിന് നേരെ 15 മുതല്‍ 18 റൗണ്ടോളം തുടര്‍ച്ചയായി വെടിവെച്ചു.അക്രമികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചതായി ഷാംലി എസ്പി എന്‍.പി സിംഗ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് സഹാരണ്‍പൂര്‍ റേഞ്ച് ഡി.ഐ.ജി, ഷാംലി എസ്.എസ്.പി, ഷാംലി ഡി.എം എന്നിവര്‍ക്കൊപ്പം ബാഗ്പത്, മുസാഫര്‍നഗര്‍ ജില്ലകളിലെ അഡീഷണല്‍ എസ്.പിമാരും അവരുടെ പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതികള്‍ക്കായി വിവിധ ഭാഗങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.
പ്രതികളെ കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ, കേസിലെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മറ്റ് രണ്ട് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നാല് പൊലീസ് സംഘങ്ങളെ ഹരിയാനയിലേക്കും അയച്ചിട്ടുണ്ട്. ഗ്രാമത്തലവനും മറ്റ് ജനപ്രതിനിധികളും പൊലീസുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എ.ഡി.ജി ഭാനു ഭാസ്‌കര്‍ അറിയിച്ചു.
കൊലപാതകത്തെത്തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറുന്നത്. അങ്കിതിന്റെ കുടുംബാംഗങ്ങളും അനുയായികളും ഡല്‍ഹി-മുസാഫര്‍നഗര്‍ റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അങ്കിത് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നതായി സൂചനകളുണ്ട്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.
യൂട്യൂബില്‍ 3.66 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള ജനപ്രിയ കലാകാരനാണ് അങ്കിത് ബല്യാന്‍. അദ്ദേഹത്തിന്റെ പല ഗാനങ്ങളും മ്യൂസിക് വീഡിയോകളും തോക്കിനെ കുറിച്ചും എസ്യുവി വാഹനങ്ങളും ചിത്രീകരിക്കുന്നവയായിരുന്നു. മുന്‍പ് അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് അങ്കിതിനെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
---------------
Hindusthan Samachar / Sreejith S