എഎംഎംഎയിലേക്ക് ഇനിയില്ലെന്ന് പാര്വ്വതി തിരുവോത്ത്
Ernakulam , 28 ഓഗസ്റ്റ് (H.S.) നടിയെ ആക്രമിച്ച സംഭവത്തോടുളള താരസംഘടനയായ എഎംഎംഎയുടെ നിലപാടുകളില് പ്രതിഷേധിച്ചാണ് പാർവ്വതി തിരുവോത്ത് അടക്കമുളളവർ സംഘടനയില് നിന്ന് രാജി വെച്ചത്.അതിന് ശേഷം സ്ത്രീകള്ക്കായി വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പേരില് മറ്റൊരു സംഘ
Parvathy Thiruvoth


Ernakulam , 28 ഓഗസ്റ്റ് (H.S.)

നടിയെ ആക്രമിച്ച സംഭവത്തോടുളള താരസംഘടനയായ എഎംഎംഎയുടെ നിലപാടുകളില് പ്രതിഷേധിച്ചാണ് പാർവ്വതി തിരുവോത്ത് അടക്കമുളളവർ സംഘടനയില് നിന്ന് രാജി വെച്ചത്.അതിന് ശേഷം സ്ത്രീകള്ക്കായി വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പേരില് മറ്റൊരു സംഘടനയ്ക്ക് രൂപം കൊടുത്തു.

രാജി വെച്ച് പോയ പാർവ്വതിയും അതിജീവിതയും അടക്കമുളളവരെ തിരിച്ച് കൊണ്ട് വരാൻ എഎംഎംഎ നേതൃത്വം ഇതുവരെ ശ്രമം നടത്തിയിട്ടില്ല. ശ്വേതാ മേനോന്റെ നേതൃത്വത്തില് പുതിയ ഭരണസമിതി നിലവില് വന്നപ്പോള് പുറത്ത് പോയവരെ സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല് എഎംഎംഎയിലേക്ക് ഇനി തിരിച്ച് വരില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാർവ്വതി തിരുവോത്ത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാർവ്വതിയുടെ പ്രതികരണം.

'' എഎംഎംഎയില് ആളുകള്ക്ക് ഇപ്പോള് പ്രത്യേകിച്ച് താല്പര്യമൊന്നും ഇല്ല. നമ്മള് ഉണ്ടാക്കി വെച്ച ചില ഘടനകളുണ്ട്. അതിന് നമ്മള് കൊടുത്ത ഭയങ്കരമായ കുറേ മൂല്യങ്ങളും ഉണ്ട്. അവരൊക്കെ ഭയങ്കര ആള്ക്കാരാണ്, ഇവരൊക്കെയാണ് എല്ലാവരേയും നല്ലവണ്ണം കാത്ത് സൂക്ഷിച്ച് നടക്കുന്നത്, ബിഗ് ഫാമിലി, ബിഗ് ബ്രദര് എന്നൊക്കെ.

ഇവരൊന്നും അതല്ല എന്നുളളത് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുളള കാര്യമാണ്. ഇനിയങ്ങോട്ട് പോകും തോറും ആര്ക്കും ആ സംഘടനയില് ഒരു മൂല്യം കാണാന് പറ്റുന്നില്ല. ഒരു കൂട്ടം ആളുകളാണ് കഴിഞ്ഞ 25 വര്ഷങ്ങളായി അധികാരം കൈയ്യില് വെച്ചിരുന്നത്. നന്നായി പ്രവര്ത്തിക്കാന് അവര്ക്ക് 25 വര്ഷത്തെ അനുഭവ പരിചയം ഉണ്ട്.

പിന്നെ പുതിയ ഒരാള്ക്ക് അരവര്ഷം കൊടുത്തിട്ട് നിങ്ങള്ക്ക് ഒന്നും അറിയില്ല എന്ന് പറയുന്നതില് എന്ത് ന്യായമാണ് ഉളളത്. ഒരാള്ക്ക് നമ്മള് 25 വര്ഷം കൊടുത്തിരിക്കുന്നു. ഒരാള്ക്ക് അര വര്ഷം കൊടുത്തിട്ട് പറയുകയാണ് നിങ്ങളെ കൊണ്ട് ഒന്നും പറ്റില്ല എന്ന്. അത് വളരെ വലിയ മണ്ടത്തരമാണ് എന്നേ പറയാനൊക്കൂ.

ഡബ്ല്യൂസിസിയും താന് ഒരു വ്യക്തി എന്ന നിലയ്ക്കും എപ്പോഴും പറയുന്ന കാര്യമാണ്, ഒരു കാര്യത്തില് ചര്ച്ച നടത്താനും കാര്യങ്ങള് മെച്ചപ്പെടുത്താനും വേണ്ടിയാണെങ്കില് ഞങ്ങളതിന് എപ്പോഴും തയ്യാറാണ്. പക്ഷേ ആ ഒരു നിര്ദേശത്തെ അവര് എപ്പോഴും വിഷയത്തില് നിന്നും വഴി തിരിച്ച് വിടാനുളള തന്ത്രമായിട്ട് മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ ഇപ്പോള് അതില് താല്പര്യമില്ല, ഇപ്പോള് ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

എഎംഎംഎയിലേക്ക് തിരിച്ച് വരണമെന്നില്ല. അതെനിക്കൊരു വിഷയമായിട്ടേ തോന്നുന്നില്ല. പിന്തുണയ്ക്കുന്ന, സുരക്ഷിതമായിട്ടുളള, എല്ലാവരേയും ബഹുമാനിക്കുന്ന ഒരിടമാണെന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല. ഒരു സംഘടനയില് ഇല്ലാതെ തന്നെ തനിക്ക് സുരക്ഷിതയാണെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് കുഴപ്പമില്ല''.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News