ഓട്ടോ ഡ്രൈവര് ജീവനൊടുക്കിയ സംഭവം: സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല, ജനദ്രോഹ സമീപനമെന്ന് പിണറായി
Kannur , 28 ഓഗസ്റ്റ് (H.S.) ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം മലപ്പുറത്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തില് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറ
Pinarayi Vijayan


Kannur , 28 ഓഗസ്റ്റ് (H.S.)

ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം മലപ്പുറത്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തില് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും വിഡി സതീശനും നല്കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനമാണ് ഇപ്പോള് കേരളത്തില് നടക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേവലം ഒരന്വേഷണ പ്രഹസനം കൊണ്ട് ഈ വിഷയത്തില് നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഈ ജനദ്രോഹ സമീപനം സർക്കാർ തിരുത്തിയേ തീരൂ എന്നും പിണറായി വിജയൻ തുറന്നടിച്ചു.

പിണറായി വിജയന്റെ പ്രതികരണം: '' മലപ്പുറം കിഴിശ്ശേരിയില് കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്.

ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ആർ.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്കാൻ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുൻപ് ഇതേ അവസ്ഥയില് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വർക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.

വാഹനം നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് വായ്പാ അടവുകള് മുടങ്ങുകയും അദ്ദേഹത്തിന്റെ സിബില് സ്കോർ തകരുകയുമുണ്ടായി. ജീവിക്കാൻ മറ്റു വഴികളില്ലാതെ ഉപജീവനമാർഗ്ഗം പൂർണ്ണമായും അടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് സ്വന്തം ജീവൻ ഉപേക്ഷിക്കേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നാടൊട്ടുക്കും നടന്ന് യുഡിഎഫും ഇന്നത്തെ മുഖ്യമന്ത്രിയും നല്കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനമാണ് ഇപ്പോള് കേരളത്തില് നടക്കുന്നത്. വാഹന മോഡിഫിക്കേഷൻ നിയമങ്ങളിലും ബോഡി വർക്കുകളിലുമുള്ള അപ്രായോഗികമായ വ്യവസ്ഥകള് ഒഴിവാക്കി ഇളവുകള് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവർ, അധികാരത്തിലെത്തിയപ്പോള് ആ വാഗ്ദാനങ്ങളെല്ലാം കാറ്റില്പ്പറത്തി. അനുവദനീയമായ മോഡിഫിക്കേഷനുകളില്പ്പോലും മോട്ടോർ വാഹന വകുപ്പിന്റെ അനാവശ്യ വേട്ടയാടലുകളാണ് ഇപ്പോള് നടക്കുന്നത്.

ഏജന്റ് മാഫിയകള്ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും സർവ്വ സ്വാതന്ത്ര്യവും നല്കി സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേവലം ഒരന്വേഷണ പ്രഹസനം കൊണ്ട് ഈ വിഷയത്തില് നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവനും ജീവനോപാധിക്കും ഭീഷണിയാകുന്ന ഈ ജനദ്രോഹ സമീപനം സർക്കാർ തിരുത്തിയേ തീരൂ. ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളായ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനല് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറാകണം. ഒപ്പം, അനാഥമായ ആ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കാനും സർക്കാർ ബാധ്യസ്ഥരാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News