പൊലീസ് സബ് ഇന്സ്പെക്ടര് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് അറസ്റ്റില്.
Kozhikode , 28 ഓഗസ്റ്റ് (H.S.) പൊലീസ് സബ് ഇന്സ്പെക്ടര് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് അറസ്റ്റില്. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. ഇയാളില് നിന്നും എംഡിഎംഎയും എയര് പിസ്റ്റളും വ്യാജ എസ്ഐ ഐഡി കാര്ഡും കണ്ടെ
Operation thooffan


Kozhikode , 28 ഓഗസ്റ്റ് (H.S.)

പൊലീസ് സബ് ഇന്സ്പെക്ടര് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് അറസ്റ്റില്. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. ഇയാളില് നിന്നും എംഡിഎംഎയും എയര് പിസ്റ്റളും വ്യാജ എസ്ഐ ഐഡി കാര്ഡും കണ്ടെടുത്തു.

ഡാന്സാഫ് എസ്ഐ ചമഞ്ഞായിരുന്നു തട്ടിപ്പ്. സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാന് തുടരുന്നതിനിടെയാണ് സംഭവം. ലഹരി വില്പന നടത്തുന്നവരില് നിന്നും മയക്ക് മരുന്ന് പിടിച്ചടുത്ത് പിന്നാലെ അത് മറിച്ച് വില്ക്കുന്നതായിരുന്നു ഇയാളുടെ രീതി.

ഇത്തരത്തില് ആവശ്യക്കാരെ കണ്ടെത്തി വില്പന നടത്തുന്നതിനിടയിലാണ് ഇയാള് പിടിയിലായത്. മയക്ക് മരുന്ന് വില്പ്പനക്കാരെ കണ്ടെത്തി വ്യാജ ഐഡി കാര്ഡ് കാണിക്കും. ശേഷം അവരുടെ പക്കലുള്ള മുഴുവന് ലഹരി വസ്തുക്കളും പിടിച്ചെടുക്കും. പിന്നാലെ ആവശ്യക്കാരെ കണ്ടെത്തി മറിച്ച് വില്ക്കുകയും ചെയ്യും.

ലഹരിയുമായി പിടികൂടുന്നവരെ ഭീഷണിപ്പെടുത്തുകയും വൻ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യും. കേസില് നിന്നും രക്ഷപ്പെടാന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം ആവശ്യപ്പെടുന്നത്. ഇതോടെ പലരും പണം നല്കി സ്ഥലം വിടും. പണമില്ലെങ്കില് കൈവശമുള്ള ലഹരി വസ്തുക്കള് നല്കി രക്ഷപ്പെടും.

മാത്രമല്ല ഡാൻസാഫ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി കേന്ദ്രങ്ങളിലാണ് റോജിത്ത് തൂഫാൻ റെയ്ഡ് നടത്തിയത്. ഓപ്പറേഷന് തൂഫാനില് പിടിയിലായ പ്രതികളില് നിന്നാണ് വ്യാജ എസ്ഐ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ ഏതാനും ദിവസം ഇയാള് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ റോജിത്തിനെ രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ച് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏതായാലും ഒരു ഭാഗത്ത് ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി ശൃംഖലകളുടെ വേര് അറുക്കുമ്പോൾ മറുഭാഗത്ത് ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന വ്യാജ എസ്ഐയുടെ പ്രവർത്തനം എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. ആഭ്യന്തര വകുപ്പ്, കേരള പൊലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്ന ലഹരി കടത്തിനെതിരെ പോരാടാൻ ഇതിലൂടെ സാധിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News