നേപ്പാൾ മിന്നൽപ്രളയം :. കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും ; സുരേഷ് ഗോപി.
Thrissur, 28 ഓഗസ്റ്റ് (H.S.) നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിദേശകാര്യ മന്ത്രാലയവുമായി നിരന്ത
Suresh gopi


Thrissur, 28 ഓഗസ്റ്റ് (H.S.)

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സർക്കാർ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവരങ്ങൾ ക്രോഡീകരിക്കുന്നുനേപ്പാളിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ മലയാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകമായി ക്രോഡീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നോർക്കയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ആകെ 1500 പേർ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് നിലവിലെ വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി നേരിട്ട് ബന്ധപ്പെടുമെന്നും അവർക്ക് ആവശ്യമായ സാധനങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനം ഊർജിതം

ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) പ്രത്യേക സംഘവും സാങ്കേതിക വിദഗ്ധരും അടിയന്തര സഹായത്തിനായി രംഗത്തുണ്ട്. നേപ്പാളിലെ ത്രിശൂലി നദിയിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് നിരവധി ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

കൂടുതൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുകൈലാസ മാനസസരോവർ യാത്രയ്ക്ക് പോയവരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്യുന്നവരുമായ നിരവധി ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയിട്ടുള്ളത്. ഇതിൽ തമിഴ്നാട്, പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. ത്രിശൂലി പദ്ധതി പ്രദേശത്ത് കുടുങ്ങിയ 60-ലധികം ഇന്ത്യക്കാരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 290 ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ചൈനീസ് അതിർത്തിയിലുള്ള ടിബറ്റൻ മേഖലയിലും 200-ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ചൈനീസ് അധികൃതരുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്.

വൻ നാശനഷ്ടംനേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞതാണ് വലിയ മിന്നൽപ്രളയത്തിന് കാരണമായത്. 400-ലധികം ആളുകൾ ഇതിനകം മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 1000-ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. റസുവ, നുവാകോട്ട് തുടങ്ങിയ ജില്ലകളിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല ഗ്രാമങ്ങളും പൂർണമായും ചെളിയിൽ മൂടിയ അവസ്ഥയിലാണ്.

ഭോട്ടെ കോശി നദിയുടെ ഉത്ഭവസ്ഥാനത്ത് പുതിയതായി രൂപപ്പെട്ട തടാകം പൊട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നേപ്പാൾ സർക്കാരുമായി സഹകരിച്ച് ഇന്ത്യ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News