Enter your Email Address to subscribe to our newsletters

Kasaragod , 28 ഓഗസ്റ്റ് (H.S.)
കൺമുന്നിൽ വീടുകളും വാഹനങ്ങളും കുത്തിയൊലിച്ചുപോകുന്ന ഭീതിജനകമായ കാഴ്ചകൾക്കിടയിൽനിന്ന് ജീവൻ മാത്രം കൈയിൽപ്പിടിച്ച് കൊടുംകാട്ടിലൂടെ പലായനം ചെയ്ത ആ 36 അംഗ മലയാളി സംഘം ഒടുവിൽ സുരക്ഷിതരായി നാട്ടിലേക്ക്. നേപ്പാളിലെ അപ്രതീക്ഷിത മിന്നൽ പ്രളയത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഇവർ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ അതിജീവിച്ചതിൻ്റെ ആശ്വാസത്തിൽ ഞായറാഴ്ചയോടെ ജന്മനാട്ടിൽ തിരിച്ചെത്തും.
തങ്ങൾ പൂർണമായും സുരക്ഷിതരാണെന്നും നിലവിൽ പൊഖ്റയിലാണ് ഉള്ളതെന്നും സംഘത്തിലുള്ള ചെറുവത്തൂർ സ്വദേശി അനിൽ നീലാംബരി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ സംഘം ലുംബിനിയിൽ എത്തും. ശനിയാഴ്ച ഉച്ചയ്ക്കാണ് ഖൊരഖ്പൂരിൽ നിന്നുള്ള വിമാനം. കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ളവർ ഉച്ചയോടെ വിമാനത്തിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിക്കും. ബാക്കിയുള്ളവർ വൈകുന്നേരത്തെ വിമാനത്തിൽ കൊച്ചിയിലേക്ക് പോകും. ബെംഗളൂരുവിൽ എത്തുന്നവർ അവിടെനിന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഞായറാഴ്ചയോടെ നാട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്നും അനിൽ വ്യക്തമാക്കി.
ഭീതിയുടെ നിമിഷങ്ങൾ
ജീവൻ തിരിച്ചുകിട്ടിയതിൻ്റെ ആശ്വാസത്തിലാണ് സംഘത്തിലുള്ള ഓരോരുത്തരും. അതികഠിനമായ ഭീതിയുടെ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അനിൽ വിശദീകരിക്കുന്നു. കൺമുന്നിലൂടെ വലിയ വാഹനങ്ങളും വീടുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് അവർ നിസ്സഹായരായി നോക്കിനിന്നു. എങ്ങും ആളുകളുടെ കൂട്ടനിലവിളി മാത്രമായിരുന്നു ഉയർന്നുകേട്ടത്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ ആർക്കും സാധിച്ചില്ല. നിമിഷനേരംകൊണ്ട് മുന്നോട്ടുള്ള റോഡ് പൂർണമായും തകർന്നു. പിന്നീട് മറ്റൊരു വഴിയിലൂടെ കൊടുംകാട്ടിലൂടെയാണ് ഇവർ യാത്ര തുടർന്നത്. എവിടെയും വെളിച്ചം പോലുമില്ലാത്ത അവസ്ഥയായിരുന്നു. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. വാഹനത്തിൽ ബാക്കിയുണ്ടായിരുന്ന ആപ്പിൾ കഴിച്ചാണ് വിശപ്പ് അല്പം മാറ്റിയത്. ഒടുവിൽ സുരക്ഷിത സ്ഥാനത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണതെന്നും അനിൽ കൂട്ടിച്ചേർത്തു.
സർക്കാർ ഇടപെടൽ
എറണാകുളത്തെ ട്രാവൽ ഏജൻസി വഴി 36 പേരാണ് ഈ മാസം 23ന് നേപ്പാളിലേക്ക് യാത്ര പോയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 25ന് കാഠ്മണ്ഡുവിൽ എത്തിയ സംഘം അവിടെ തുടർന്നു. 26ന് കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി മിന്നൽ പ്രളയം ഉണ്ടായത്. കാസർകോട് കാഞ്ഞങ്ങാട് നിന്നുള്ളവരും സംഘത്തിലുണ്ട്. നേപ്പാളിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും അടിയന്തരമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നേപ്പാളിലെ ദുരന്തംനേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിദുരന്തത്തിൽ മുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രധാന റോഡുകൾ തകർന്നതിനാൽ പലയിടത്തും ഗതാഗതം പൂർണമായും സ്തംഭിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി മാറി. ഇതിനിടയിലാണ് മലയാളി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നേപ്പാളിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തിറക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR