നേപ്പാൾ പ്രളയകാരണം വ്യക്തമാക്കി സിബിആർഐ ഡയറക്ടർ
Newdelhi , 28 ഓഗസ്റ്റ് (H.S.) നേപ്പാളിലുണ്ടായ പ്രളയദുരന്തം ഹിമാലയൻ മേഖല നേരിടുന്ന പുതിയ ഭീഷണികളിലേക്ക് വിരൽചൂണ്ടുന്നു. സമാനമായ ദുരന്തങ്ങൾ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും റൂർക
Pradeep Kumar Ramancharla


Newdelhi , 28 ഓഗസ്റ്റ് (H.S.)

നേപ്പാളിലുണ്ടായ പ്രളയദുരന്തം ഹിമാലയൻ മേഖല നേരിടുന്ന പുതിയ ഭീഷണികളിലേക്ക് വിരൽചൂണ്ടുന്നു. സമാനമായ ദുരന്തങ്ങൾ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) ഡയറക്ടർ പ്രൊഫ. പ്രദീപ് കുമാർ രാമഞ്ചർല പറഞ്ഞു. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ (സിഎസ്ഐആർ) കീഴിലുള്ള സ്ഥാപനമാണ് സിബിആർഐ.

മഴയല്ല, വില്ലനായത് ചൂട്

അസാധാരണമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ കാരണം മഞ്ഞ് അതിവേഗം ഉരുകിയതാണ് നേപ്പാളിലെ പ്രളയത്തിന് കാരണമായത്. ഉരുകിയ വെള്ളം ഹിമാനികളിലെ വിള്ളലുകളിലൂടെ താഴേക്കിറങ്ങി മഞ്ഞും പാറയും തമ്മിലുള്ള സമ്പർക്കമുഖത്ത് എത്തുകയും, ചെങ്കുത്തായ ചരിവുകളിലെ സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് വലിയൊരു ഭാഗം മഞ്ഞും പാറയും വലിയ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു.

ഈ ആഘാതം റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും അതൊരു ഭൂകമ്പമായിരുന്നില്ല. താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ നദിയിലെത്തി താൽക്കാലിക അണക്കെട്ട് പോലെ രൂപപ്പെട്ടു. ഇതിന് പിന്നിൽ വെള്ളം കെട്ടിക്കിടക്കുകയും പിന്നീട് തകർന്ന് വലിയ മലവെള്ളപ്പാച്ചിലായി മാറുകയും ചെയ്തു. കനത്ത മഴയല്ല, മറിച്ച് ഉയർന്ന താപനില കാരണം മഞ്ഞ് വേഗത്തിൽ ഉരുകിയതാണ് ഈ ദുരന്തത്തിന് പ്രധാന കാരണം. ചെങ്കുത്തായ പ്രദേശത്തുനിന്ന് വലിയൊരു ഹിമാനി അടർന്നുമാറി താഴേക്ക് പതിച്ചപ്പോൾ ഉണ്ടായ വലിയ ഊർജവും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഭീഷണി

ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഹിമാലയൻ മേഖലയിലെ പല ഉരുൾപൊട്ടലുകൾക്കും കാരണം മഴയാണ്. എന്നാൽ മഴയുടെ രീതിയിലുണ്ടായ മാറ്റമാണ് കൂടുതൽ അപകടകരം. ദീർഘകാലാടിസ്ഥാനത്തിൽ ലഭിക്കുന്ന മഴയുടെ അളവിൽ വലിയ മാറ്റമില്ലെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ നദികൾക്ക് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ ഉൾക്കൊള്ളാൻ കഴിയില്ല. അപ്പോഴാണ് നദീതീരങ്ങളിലെ റോഡുകൾ, കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. സമീപകാലത്ത് ഇത്തരം നിരവധി സംഭവങ്ങൾ നാം കണ്ടുകഴിഞ്ഞു.

മുൻകരുതലുകളും മുന്നറിയിപ്പ് സംവിധാനങ്ങളും

നേപ്പാളിന് സമാനമായ ദുരന്തങ്ങൾ നേരിടാൻ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, പശ്ചിമബംഗാളിലെ ചില മലയോര മേഖലകൾ എന്നിവിടങ്ങളിൽ അപകടസാധ്യത കൂടുതലാണ്. ഇന്ത്യൻ ഹിമാലയൻ മേഖലകളിൽ ഉടനടി ഒരു അപകടം പ്രതീക്ഷിക്കുന്നില്ലെങ്കിലും, നേപ്പാൾ ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊണ്ട് നിരന്തരമായ നിരീക്ഷണവും മികച്ച മുന്നൊരുക്കങ്ങളും അനിവാര്യമാണ്.

മലയോര മേഖലകളിലെ റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവ നിർമിക്കുമ്പോൾ ഇത്തരം തീവ്രമായ പ്രകൃതിദുരന്തങ്ങൾ കൂടി കണക്കിലെടുക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ദുരന്തത്തിൻ്റെ വ്യാപ്തി മുൻകൂട്ടി കണ്ടതിലും വലുതായിരിക്കും. വലിയ പദ്ധതികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാറുണ്ടെങ്കിലും ചെറിയ നിർമാണങ്ങൾക്ക് ഇത് എപ്പോഴും സാധ്യമാകാറില്ല.

മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുണ്ടാകുമ്പോൾ ജീവഹാനി ഒഴിവാക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ വളരെ പ്രധാനമാണ്. അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെ മുൻകൂർ സമയം ലഭിച്ചാൽ പോലും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിയും. കൃത്യസമയത്ത് അപകടം തിരിച്ചറിയുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനായി ഉത്തരാഖണ്ഡിലെ രണ്ട് സ്ഥലങ്ങളിൽ സിഎസ്ഐആർ-സിബിആർഐ പരീക്ഷണാടിസ്ഥാനത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവയുടെ കാര്യക്ഷമത തെളിയിക്കപ്പെട്ടാൽ സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും.

കർശനമായ നിർമാണ ചട്ടങ്ങൾഅടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കൃത്യമായ നിർമാണ ചട്ടങ്ങളുണ്ട്. എന്നാൽ ഇവ കർശനമായി നടപ്പിലാക്കുക എന്നതാണ് പ്രധാനം. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന നിർമാണങ്ങൾക്കായുള്ള നാഷണൽ ബിൽഡിങ് കോഡ്, ഇന്ത്യൻ റോഡ്സ് കോൺഗ്രസ് മാർഗനിർദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കണം. പ്രകൃതിദുരന്തങ്ങൾ നേരിടുന്ന പല രാജ്യങ്ങൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നത് ഇത്തരം മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടാണ്. ഇവിടെയും അതേ രീതിയിലുള്ള കർശന നടപടികൾ ആവശ്യമാണ്.

വലിയ പദ്ധതികൾക്ക് കൃത്യമായ പ്രൊജക്ട് മാനേജ്മെൻ്റ്, ഗുണനിലവാര പരിശോധന എന്നിവ ഉറപ്പാക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളും മറ്റ് നിർമാണങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ഉറപ്പുവരുത്തണം. ഓരോ വലിയ ദുരന്തവും കൃത്യമായി പഠനവിധേയമാക്കണം. ഒരിടത്തുണ്ടാകുന്ന ദുരന്തത്തിൽ നിന്നുള്ള പാഠങ്ങൾ മറ്റ് പ്രദേശങ്ങളിലെ മുന്നൊരുക്കങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News