സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കാട്ടാനകൾക്ക് മുന്നിൽ യുവാക്കളുടെ സാഹസിക പ്രകടനം;കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Idukki , 28 ഓഗസ്റ്റ് (H.S.) സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കാട്ടാനകൾക്ക് മുന്നിൽ യുവാക്കളുടെ സാഹസിക പ്രകടനം. ജീവൻ പണയം വച്ചുള്ള അഭ്യാസത്തിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാന്തല്ലൂർ കീഴാന്ത
Wild elephant


Idukki , 28 ഓഗസ്റ്റ് (H.S.)

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ കാട്ടാനകൾക്ക് മുന്നിൽ യുവാക്കളുടെ സാഹസിക പ്രകടനം. ജീവൻ പണയം വച്ചുള്ള അഭ്യാസത്തിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കാന്തല്ലൂർ കീഴാന്തൂർ ശിവൻബന്തിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളാണ് ആനകളെ പ്രകോപിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വഴിയിലൂടെ കാട്ടാനകളെ കണ്ടതോടെ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനായി പിന്നാലെ പോവുകയായിരുന്നു. ആനയുടെ അടുത്തേക്ക് പോകുന്ന ദൃശ്യങ്ങൾ യുവാക്കൾ തന്നെയാണ് ഫോണിൽ പകർത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ആനകളെ ഇവർ കൂക്കിവിളിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ മൂന്ന് കാട്ടാനകൾ ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ യുവാക്കൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അദ്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.

വനംവകുപ്പിൻ്റെ അന്വേഷണം

റീൽസുകളിൽ വൈറലാകുന്നതിനായി ജീവൻ പണയം വച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കാന്തല്ലൂരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. സുരക്ഷിതമായ അകലം പാലിക്കാതെ വന്യമൃഗങ്ങളുടെ അടുത്തേക്ക് പോകുന്നത് നിയമവിരുദ്ധം കൂടിയാണ്. വനമേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

രൂക്ഷമായി കാട്ടാനശല്യംകഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവൻബന്തി ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിക്കുന്നത്. മഴ കുറയുകയും കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തതോടെയാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന വന്യമൃഗശല്യം കാരണം വലിയ ഭയത്തോടെയാണ് പ്രദേശവാസികളും വിനോദസഞ്ചാരികളും കഴിയുന്നത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. നിരവധി ആളുകൾ സ്ഥിരം യാത്രചെയ്യുന്ന വഴിയിൽ കാട്ടാനകൾ എത്തുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കാടിറങ്ങാൻ കാരണങ്ങൾകാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുന്നതും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപ്പറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമായി പടർന്നുപിടിക്കുന്നതും ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. റോഡുകൾ, റെയിൽപാതകൾ, റിസോർട്ടുകൾ, ക്വാറികൾ, വൻകിട നിർമാണങ്ങൾ എന്നിവ ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളെ മുറിച്ചുമാറ്റിയതും പ്രതിസന്ധിയാണ്.

ഇതിനുപുറമെ വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, അടയ്ക്ക, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകളും കാട്ടാനകളെ ആകർഷിക്കുന്നുണ്ട്. വേനൽക്കാലത്ത് കാടുകളിലെ ജലസ്രോതസ്സുകൾ വറ്റുന്നതും ആനക്കൂട്ടങ്ങളെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News