ചതയ ദിനത്തിൽ യുഗപുരുഷന്മാരെ വാഴ്ത്തി പ്രധാനമന്ത്രി
Newdelhi, 28 ഓഗസ്റ്റ് (H.S.) ചതയ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സമൂഹിക പരിഷ്ക്കർത്താക്കളായ മഹാത്മാ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഗപുരുഷന്മാരുടെ ജയന്തി ദിനത്തിൽ സാമൂഹിക നീതിയുടെ മുൻഗാമികളായി ഇരുവ
Narendra Modi


Newdelhi, 28 ഓഗസ്റ്റ് (H.S.)

ചതയ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സമൂഹിക പരിഷ്ക്കർത്താക്കളായ മഹാത്മാ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഗപുരുഷന്മാരുടെ ജയന്തി ദിനത്തിൽ സാമൂഹിക നീതിയുടെ മുൻഗാമികളായി ഇരുവരെയും ഓർമ്മിക്കുന്നു എന്ന് പ്രാധാനമന്ത്രി പറഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ ജീവിതം സാമൂഹിക ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ശക്തി നൽകുന്നുവെന്നും ശ്രീനാരായണ ഗുരുവിൻ്റെ ചിന്തകൾ അധസ്ഥിതർക്ക് ശക്തിപകർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സാമൂഹിക നീതിയുടെ മഹാനായ മുൻഗാമിയായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അരികുവത്ക്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനും, കർഷകത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനും, ദരിദ്രരെ സേവിക്കാനുമുള്ള അയ്യങ്കാളിയുടെ ശ്രമങ്ങൾ ഇപ്പോഴും പ്രചോദനാത്മകമാണ്. സാമൂഹിക ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിൻ്റെ ജീവിതം ശക്തി നൽകുന്നു, എന്ന് നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

തുടർന്ന്, ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ഒരു ഉന്നത സാമൂഹിക പരിഷ്ക്കർത്താവും ആത്മീയ നേതാവും ചിന്തകനുമാണെന്നും അന്തസിലും കാരുണ്യത്തിലും വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ ചിന്തകൾ എണ്ണമറ്റ ആളുകൾക്ക് ശക്തി നൽകി. എല്ലാവരുടെയും വിദ്യാഭ്യാസത്തിലും പഠനത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതും വളരെ ശ്രദ്ധേയമായിരുന്നു, എന്ന് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. അതേസമയം, മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജന്മവാർഷികവും ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജന്മവാർഷികവും ആഘോഷിച്ചുകൊണ്ട് ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികൾ നടന്നു.

കേരള ചരിത്രത്തിലെ യുഗപുരുഷന്മാർ

കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും പ്രാധനപ്പെട്ട വ്യക്തികളിൽ ഒരാളായിട്ടാണ് മഹാത്മാ അയ്യങ്കാളിയെ കാണുന്നത്. കൂടാതെ നാട്ടുരാജ്യമായ തിരുവിതാംകൂറിൽ 1863-1941 കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട ജാതികളുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രസ്ഥാനത്തിന് തുടക്കമിട്ടതും അയ്യങ്കാളിയാണ്. സമൂഹത്തിൽ അരങ്ങേറിയിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരികൂടിയാണ് അദ്ദേഹം. സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വസ്ത്രധാരണത്തിനുമായി നടത്തിയ പോരാട്ടങ്ങൾ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

കേരളത്തിൽ നിന്നുള്ള ദാർശനികനും തത്വചിന്തകനും ആത്മീയ നേതാവും സാമൂഹിക പരിഷ്ക്കർത്താവുമായിരുന്നു ശ്രീനാരായണ ഗുരു. ഇന്നേ ദിവസം ഗുരുവിൻ്റെ ജന്മസ്ഥലമായ ചെമ്പഴന്തി, ശിവഗിരി മഠം എന്നിവിടങ്ങളിൽ പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും നടന്നു. മലയാള മാസമായ ചിങ്ങമാസത്തിലെ ചതയം നാളിലാണ് കേരളത്തിൽ ജയന്തി ആഘോഷിച്ചുവരുന്നത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ഗുരുവിൻ്റെ ഉപദേശത്തിന് ഇന്നും സമൂഹത്തിൽ പ്രസക്തി ഏറെയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News